കോട്ടയം: ഗാന്ധിയുമായി ബന്ധപ്പെട്ട് വിവാദ പരാമര്‍ശം നടത്തിയ ബുക്കര്‍ പ്രൈസ് ജേതാവ് അരുന്ധതി റോയിക്കെതിരെ ഗാന്ധി ഫൗണ്ടേഷന്‍. അരുന്ധതിയുടെ പൗരത്വം റദ്ദാക്കാന്‍ രാഷ്ട്രപതിക്ക് പരാതി നല്‍കുമെന്ന് ഗാന്ധി ഫൗണ്ടേഷന്‍ വ്യക്തമാക്കി. പ്രതിഷേധാര്‍ത്ഥം ഗാന്ധിയുടെ ആത്മകഥയായ എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍ എന്ന കൃതിയുടെ ഒരു കോപ്പിയും ഗാന്ധി ഫൗണ്ടേഷന്‍ പ്രവര്‍ത്തകര്‍ അരുന്ധതി റോയിക്ക് അയച്ചുകൊടുത്തു.
മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ പ്രവര്‍ത്തകര്‍ പാലാ ഹെഡ്‌പോസറ്റ് ഓഫീസ് പടിക്കല്‍ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിലായിരുന്നു അരുന്ധതി റോയിക്ക് ഗാന്ധിയുടെ ആത്മകഥ അയച്ചുകൊടുത്തത്. ലോകം ആദരിക്കുന്ന മഹാത്മാഗാന്ധിയെ കുറ്റപ്പെടുത്താന്‍ എന്തു യോഗ്യതയാണ് അരുന്ധതി റോയിക്ക് ഉള്ളതെന്ന് ഫൗണ്ടേഷന്‍ ചെയര്‍മാര്‍ എബി ജെ. ജോസ് പ്രതിഷേധം ഉദ്ഘാടനം ചെയ്തുകൊണ്ട് ചോദിച്ചു.
രാജ്യത്തിനുവേണ്ടി ജീവത്യാഗം ചെയ്ത മഹാത്മാക്കളെ ആക്ഷേപിച്ചതുവഴി രാജ്യദ്രോഹമാണ് ചെയ്തിരിക്കുന്നതെന്നും അരുന്ധതിക്കെതിരെ നിയമം അനുശാസിക്കുന്ന നടപടികള്‍ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
[]മഹാനായ അയ്യങ്കാളിയുടെ ചെലവില്‍ ഗാന്ധിജിയെ അവഹേളിച്ചതു മുതലെടുപ്പിനുവേണ്ടി മാത്രമാണ്. അയ്യങ്കാളിയുടെ എത്ര ചിത്രം അരുന്ധതിയുടെ വീട്ടിലുണ്ടെന്നു വ്യക്തമാക്കണം. അഭിപ്രായ സ്വാതന്ത്ര്യത്തെ ദുരുപയോഗം ചെയ്യുന്ന നിലപാട് അംഗീകരിക്കാനാവില്ല. എഴുത്തുകാര്‍ക്ക് എന്തും ആവാം എന്നതും അംഗീകരിക്കാനാവില്ലെന്നും ഗാന്ധി ഫൗണ്ടേഷന്‍ പ്രവര്‍ത്തകര്‍ വ്യക്തമാക്കി.
ഇന്ത്യയില്‍ നിന്നുള്ള ആനുകൂല്യങ്ങള്‍ പറ്റുകയും ഇവിടുത്തെ നിയമങ്ങള്‍ അനുസരിക്കാന്‍ സാധിക്കുകയുമില്ലെന്ന നിലപാടാണ് അരുന്ധതിയുടേത്. അരുന്ധതിയുടെ ഫെയ്‌സ്ബുക്ക് പേജില്‍പോലും ലൊക്കേഷന്‍ ഇന്ത്യയല്ല യൂണിവേഴ്‌സ് ആണെന്ന് ഗാന്ധി ഫൗണ്ടേഷന്‍ കുറ്റപ്പെടുത്തി.
കാശ്മീര്‍ വിഷയത്തില്‍ പോലും ഹിതകരമല്ലാത്ത അഭിപ്രായം പ്രകടിപ്പിച്ച ആളാണ് അരുന്ധതി റോയി. പൗരന്‍ എന്ന നിലയില്‍ അവര്‍ ഇന്ത്യയെ മാനിക്കുന്നില്ല. രാജ്യാന്തര പ്രവര്‍ത്തനമാണ് അരുന്ധതി റോയി നടത്തുന്നത്. അതിനാല്‍ അരുന്ധതിയുടെ പൗരത്വം റദ്ദ് ചെയ്യാന്‍ പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും പരാതി നല്‍കുമെന്നും എബി ജെ. ജോസ് വ്യക്തമാക്കി.
അരുന്ധതിയുടെ ഗാന്ധി വിമര്‍ശനത്തിനെതിരെ കോണ്‍ഗ്രസ് നേതാവും നിയമസഭാ സ്പീക്കറുമായ ജി. കാര്‍ത്തികേയനും രംഗത്തെത്തി. മനോരമയില്‍ എഴുതിയ ലേഖനത്തിലാണ് കാര്‍ത്തികേയന്‍ അരുന്ധതിക്കെതിരെ കടുത്ത ഭാഷയില്‍ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. ഭാരതമണ്ണില്‍ പിറന്നുവീണ ആരിലും ഞെട്ടലുളവാക്കുന്ന പരാമര്‍ശങ്ങളാണ് രാഷ്ട്രപിതാവിനെക്കുറിച്ച് അരുന്ധതി റോയി നടത്തിയതെന്ന് കാര്‍ത്തികേയന്‍ അഭിപ്രായപ്പെട്ടത്.
കേരളസര്‍വ്വകലാശാലയുടെ ചരിത്രവിഭാഗത്തിനു കീഴിലുള്ള അയ്യങ്കാളി ചെയര്‍ സംഘടിപ്പിച്ച ത്രിദിന രാജ്യാന്തര സെമിനാറിലായിരുന്നു അരുന്ധതി റോയി ഗാന്ധി വിമര്‍ശനം നടത്തിയത്. അയ്യങ്കാളി പ്രഭാഷണം നടത്തുകയായിരുന്നു അരുന്ധതി. ഗാന്ധി രാഷ്ട്രപിതാവെന്ന അര്‍ത്ഥത്തിന് അനര്‍ഹനാണെന്നും ചരിത്രത്തില്‍ നായകന്‍മാരുണ്ടാകുന്നത് നുണകളിലൂടെയാണെന്നും ഇനിയെങ്കിലും അത് നിര്‍ത്തേണ്ടതുണ്ടെന്നുമായിരുന്നു അരുന്ധതി വിമര്‍ശനത്തില്‍ വ്യക്തമാക്കിയിരുന്നത്. ഇന്ത്യന്‍ ജാതീയതയെയും ആഫ്രിക്കന്‍ വംശീയതയെയും ഗാന്ധി അംഗീകരിച്ചിരുന്നെന്നും ഗാന്ധി ജാതിവിരുദ്ധനോ വംശീയ വിരുദ്ധനോ ആയിരുന്നില്ലെന്ന അരുന്ധതിയുടെ വിമര്‍ശനമാണ് ഇപ്പോള്‍ ചൂടുപിടിച്ചിരിക്കുന്നത്.