ന്യൂദൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് മുഖചിത്രം പ്രസിദ്ധീകരിച്ചതിന് പിന്നാലെ കേന്ദ്ര സർക്കാർ വെബ്സൈറ്റ് ബ്ലോക്ക് ചെയ്ത പ്രമുഖ തമിഴ് മാസിക വികടന് പിന്തുണയുമായി എഴുത്തുകാരി അരുന്ധതി റോയ്. നിയമവിരുദ്ധമായ സെൻസർഷിപ്പിന് വഴങ്ങിയാൽ പൗരന്മാരെ ശബ്ദമില്ലാത്തവരാക്കി കൂട്ടിലടക്കുന്ന സാഹചര്യമുണ്ടാകുമെന്ന് അരുന്ധതി റോയ് പറഞ്ഞു.
‘നിയമവിരുദ്ധമായി നമ്മുടെ ശബ്ദം സെൻസർ ചെയ്യാൻ ഗവൺമെന്റിനെ അനുവദിച്ചാൽ, അവർ നമ്മുടെ ശബ്ദങ്ങൾ കവർന്നെടുക്കും. നമ്മെ കൂട്ടിലടയ്ക്കും, ആ താക്കോൽ വലിച്ചെറിയും. ഒരു ജനത എന്ന നിലയിൽ, നമ്മുടെ ചിന്തകൾ നമ്മൾ സ്വമേധയാ അടിയറവെക്കാൻ
സന്നദ്ധരാകേണ്ട സാഹചര്യം ഉണ്ടാകും. നമ്മുടെ കുട്ടികൾ മണ്ടൻ പാവകളായി മാറും. ഒരു രാജ്യം എന്ന നിലയിൽ നമ്മൾ പാളം തെറ്റി പോകും. ഞാൻ ആനന്ദ വികടനോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു,’അരുന്ധതി റോയ് പറഞ്ഞു.
അരുന്ധതി റോയിയുടെ പിന്തുണ വികടൻ തന്നെ തങ്ങളുടെ വെബ്സൈറ്റിൽ പോസ്റ്റ് ചെയ്തു. ഒപ്പം തങ്ങൾ ആവിഷ്കാര സ്വാതന്ത്ര്യം ഉയർത്തിപ്പിടിക്കുമെന്നും വികടന് കൂട്ടിച്ചേർത്തു. ‘ഒരു നൂറ്റാണ്ടിലേറെയായി, വികടൻ ആവിഷ്കാര സ്വാതന്ത്ര്യത്തെ ശക്തമായി പിന്തുണച്ചുവരുന്നു. അഭിപ്രായ സ്വാതന്ത്ര്യം ഉയർത്തിപ്പിടിക്കുക എന്ന തത്വത്തിലാണ് ഞങ്ങൾ എപ്പോഴും പ്രവർത്തിച്ചിട്ടുള്ളത്, അത് തുടരുകയും ചെയ്യും. ഞങ്ങളുടെ വെബ്സൈറ്റ് തടഞ്ഞുവച്ചതിന് പിന്നിലെ കാരണങ്ങൾ കണ്ടെത്താൻ ഞങ്ങൾ ഇപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്, കൂടാതെ ഈ വിഷയം മന്ത്രാലയവുമായി ചർച്ച ചെയ്യാനുള്ള ശ്രമത്തിലാണ്,’ വികടൻ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് വികടന്റെ വെബ്സൈറ്റ് കേന്ദ്രം ബ്ലോക്ക് ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ചുള്ള കാർട്ടൂൺ പ്രസിദ്ധീകരിച്ചതിന് പിന്നാലെയാണ് സൈറ്റ് കിട്ടാതായത്. കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിക്കപ്പെട്ടതിന് പിന്നാലെ ബി.ജെ.പി തമിഴ്‌നാട് ഘടകം കേന്ദ്രമന്ത്രി എല്‍. മുരുഗന് പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെ വെബ് സൈറ്റ് ലഭ്യമല്ലാതായി.
ട്രംപിന് സമീപം കൈവിലങ്ങിട്ട് മോദി ഇരിക്കുന്നതായിരുന്നു മുഖചിത്രം. വെബ്സൈറ്റ് ബ്ലോക്ക് ചെയ്യപ്പെട്ടതിന് പിന്നാലെ കേന്ദ്ര സർക്കാർ നിരോധനം ഏർപ്പെടുത്തിയതാണെന്ന് എൽ. മുരുഗന്റെ ഓഫീസ് സ്ഥിരീകരിച്ചു. ഉചിതമായ തീരുമാനമെന്നാണ് തമിഴ്‌നാട്ടിലെ ബി.ജെ.പി നേതാക്കളുടെ പ്രതികരണം. മോദിയുടെ ഭരണമികവ് ലോകം അംഗീകരിക്കുമ്പോൾ മാധ്യമങ്ങൾ അതിര് വിടാൻ പാടില്ലെന്ന് ബി.ജെ.പി നേതാവ് വിനോജ് പി. സെൽവം പറഞ്ഞു.
Content Highlight: Arundhati Roy in support of Vikadan, ‘Censorship will make citizens voiceless and caged