|

'തെറ്റായ പേരുവിവരങ്ങള്‍ നല്‍കി എന്‍.പി.ആറിനേയും എന്‍.ആര്‍.സിയേയും എതിര്‍ക്കണം'; ലാത്തികളെയും വെടിയുണ്ടകളെയും നേരിടാനല്ല ജനിച്ചതെന്നും അരുന്ധതി റോയി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: തെറ്റായ പേരുവിവരങ്ങള്‍ നല്‍കി ജനങ്ങള്‍ ദേശീയ ജനസംഖ്യ പട്ടികയേയും ദേശീയ പൗരത്വ പട്ടികയേയും എതിര്‍ക്കണമെന്ന് അരുന്ധതി റോയ് ആവശ്യപ്പെട്ടു.

ദേശീയ ജനസംഖ്യ പട്ടിക പൗരത്വ പട്ടികയ്ക്കുള്ള ഡാറ്റാബേസായി പ്രവര്‍ത്തിക്കുമെന്നും അവര്‍ പറഞ്ഞതായി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ പൗരത്വ പട്ടിക ഇന്ത്യന്‍ മുസ്ലിങ്ങള്‍ക്കെതിരാണെന്നും ദല്‍ഹി സര്‍വകലാശാലയില്‍ നടന്ന പ്രതിഷേധ സമ്മേളനത്തില്‍ വെച്ച് അവര്‍ പറഞ്ഞു.

എന്‍.പി.ആര്‍ അഭ്യാസത്തിന്റെ പേരില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വീടുകള്‍ സന്ദര്‍ശിക്കുമെന്നും പേരുവിവരങ്ങളും മേല്‍വിലാസവും മറ്റ് വിവരങ്ങളും ശേഖരിക്കുമെന്നും അവര്‍ പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

”അവര്‍ നിങ്ങളുടെ വീടുകള്‍ സന്ദര്‍ശിക്കുകയും നിങ്ങളുടെ പേര്, ഫോണ്‍ നമ്പര്‍ എടുക്കുകയും ആധാര്‍, ഡ്രൈവിംഗ് ലൈസന്‍സുകള്‍ പോലുള്ള രേഖകള്‍ ചോദിക്കുകയും ചെയ്യും. എന്‍.പി.ആര്‍ എന്‍.ആര്‍.സിയുടെ അടിസ്ഥാനമായി മാറും. നമ്മള്‍ അതിനെതിരെ പോരാടണം അതിനെതിരെ ഒരു പദ്ധതി തയ്യാറാക്കുകയും വേണം.” അവര്‍ പറഞ്ഞു.

ആളുകള്‍ ഉദ്യോഗസ്ഥര്‍ക്ക് പേര് മാറ്റി നല്‍കണമെന്നും അവരുടെ വിലാസം 7 റേസ് കോഴ്സ് റോഡ് (പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക വസതി) എന്ന് പറയണമെന്നും റോയ് പറഞ്ഞു.
”വളരെയധികം അട്ടിമറി ആവശ്യമായി വരും. ലാത്തികളെയും ബാറ്റണുകളെയും വെടിയുണ്ടകളെയും നേരിടാനല്ല നമ്മള്‍ ജനിച്ചത്.” അവര്‍ കൂട്ടിച്ചേര്‍ത്തു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഞായറാഴ്ച ദല്‍ഹിയില്‍ നടന്ന രാംലീല മൈതാന്‍ റാലിയില്‍ മോദി പറഞ്ഞത് കള്ളമാണെന്ന് അവര്‍ പറഞ്ഞു.
ദേശീയ പൗരത്വ പ്രക്രിയയെക്കുറിച്ച് തന്റെ സര്‍ക്കാര്‍ ഒരിക്കലും ഒന്നും പറഞ്ഞിട്ടില്ലെന്നും രാജ്യത്ത് തടങ്കല്‍പ്പാളയങ്ങളില്ലെന്നും മോദി പറഞ്ഞിരുന്നു.

” പിടിക്കപ്പെടും എന്നറിഞ്ഞുകൊണ്ടു തന്നെയാണ് അദ്ദേഹം നുണ പറഞ്ഞത്, പക്ഷേ ഇപ്പോഴും അദ്ദേഹത്തോടൊപ്പം മാധ്യമങ്ങള്‍ ഉള്ളതിനാല്‍ അത് ചോദ്യം ചെയ്യപ്പെടില്ല” അരുന്ധതിറോയി പറഞ്ഞു.