എസ്സേയ്‌സ് / അരുന്ധതി റോയ്
വ്യത്യസ്തമായ കാരണങ്ങളും വഴികളുമാണെങ്കിലും മാവോയിസ്റ്റുകള്‍ക്കും ജനലോക്പാല്‍ ബില്ലിനെ പിന്തുണക്കുന്നവര്‍ക്കും പൊതുവായി ഒരു സാമ്യമുണ്ട് എന്ന് നിങ്ങള്‍ക്ക് പറയാന്‍ സാധിക്കും-ഇന്ത്യന്‍ ഭരണകൂടത്തെ അധികാരത്തില്‍ നിന്ന് മറിച്ചിടുക എന്ന ലക്ഷ്യമാണത്. ദരിദ്രരില്‍ ദരിദ്രരുടെ സൈന്യത്തെ ഉപയോഗിച്ച്, അതില്‍ തന്നെ ഭൂരിഭാഗവും ആദിവാസികളാണ്, സായുധ സമരത്തിലൂടെ താഴെ നിന്ന് മുകളിലേക്ക് ഉയരുകയാണ് ഒരു കൂട്ടര്‍. മറ്റൊരു കൂട്ടര്‍ രക്തരഹിതമായ ഗാന്ധിയന്‍ പൊടിക്കൈകളുള്ള തുളസി പോലെ പുതിയ ഒരു പുണ്യവാളനാല്‍ നയിക്കപ്പെടുന്ന സമൂഹത്തിലെ മുകള്‍ തട്ടിലുള്ളവര്‍. (പക്ഷേ ഈ രണ്ടാമത്തെ കൂട്ടര്‍ക്ക് ഒരു വ്യത്യാസമുണ്ട്, അതിനെ കീഴ്‌പ്പെടുത്താന്‍ വേണ്ടി എല്ലാം ചെയ്ത് കൊടുത്തു കൊണ്ട് ഈ കൂട്ടരുമായി ഗവണ്‍മെന്റ് സഹകരിക്കുന്നു എന്നതാണത്.)
ഏപ്രിലില്‍ അണ്ണാ ഹസാരെ ആദ്യം നിരാഹാരം ആരംഭിച്ചപ്പോള്‍ സ്വന്തം വിശ്വാസ്യതയെ തകര്‍ത്ത് കളഞ്ഞ വലിയ അഴിമതി കുംഭകോണങ്ങളാല്‍ വലയുകയായിരുന്നു സര്‍ക്കാര്‍. സമരം തുടങ്ങാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ ഭരണത്തിന്റെ വിശ്വാസം തകര്‍ത്ത അഴിമതിക്കഥകളില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ വേണ്ടി “സിവില്‍ സൊസൈറ്റി” എന്ന് അറിയപ്പെടുന്ന അണ്ണായുടെ ടീം (ഇത് അവര്‍ സ്വയം ചാര്‍ത്തിയ ബ്രാന്‍ഡ് നാമമാണ്.) പുതിയ അഴിമതി വിരുദ്ധ ബില്ല് രൂപികരിക്കുന്ന ജോയിന്റ് ഡ്രാഫ്റ്റിംഗ് കമ്മിറ്റിയില്‍ ഭാഗമാകാന്‍ വേണ്ടി ക്ഷണിക്കപ്പെടുകയുണ്ടായി. ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ സംയുക്ത സമിതിയുടെ ചര്‍ച്ചകളില്‍ നിന്ന്് ഉരുത്തിരിഞ്ഞ ബില്ലിന് രൂപം നല്‍കുക എന്ന ദൗത്യം ഉപേക്ഷിച്ച് സര്‍ക്കാര്‍ രൂപം നല്‍കിയ കരട് പാര്‍ലമെന്റിന്റെ മേശപ്പുറത്ത് വെയ്ക്കുകയാണുണ്ടായത്. ഗൗരവമില്ലാത്ത കരടാണിതെിന്ന് ആക്ഷേപം ഉയരുകയും ചെയ്തു.
അദ്ദേഹം ഒരു ഗാന്ധിയനാണെങ്കിലും അദ്ദേഹത്തിന്റെ ആവിശ്യങ്ങള്‍ ഗാന്ധിയന്റേതല്ല. അധികാര വികേന്ദ്രീകരണത്തെ ക്കുറിച്ചുള്ള ഗാന്ധിജിയുടെ ചിന്താഗതിക്കെതിരാണ് കര്‍ക്കശമായി അവതരിപ്പിക്കപ്പെട്ടിട്ടുള്ള ലോക്പാല്‍ ബില്‍.
പിന്നെ ഓഗസ്റ്റ് 16ന് “മരണം വരെ”യുള്ള അദ്ദേഹത്തിന്റെ രണ്ടാമത്തെ നിരാഹാരം തുടങ്ങുന്നതിന് മുന്‍പ്, എന്തെങ്കിലും നിയമ ലംഘനം നടത്തുന്നതിന് മുന്‍പ് ഹസാരെയെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. ജനലോക്പാല്‍ നടപ്പിലാക്കുന്നതിന് വേണ്ടിയുള്ള സമരം അതോടെ പ്രതിഷേധിക്കാനുള്ള അവകാശത്തിന് വേണ്ടിയും ജനാധിപത്യത്തിന് വേണ്ടിയുമുള്ള സമരമായി മാറി. മൂന്നു ദിവസം ജനക്കൂട്ടവും ടിവി ചാനലുകളുടെ വാനുകളും തിഹാര്‍ ജയിലിനു പുറത്തു തമ്പടിച്ചു. ഹസാരെയുടെ വിഡിയോ സന്ദേ
ശങ്ങള്‍ ടെലിവിഷനില്‍ സംപ്രേഷണം ചെയ്യാന്‍ അദ്ദേഹത്തിന്റെ സംഘാംഗങ്ങള്‍ അതീവസുരക്ഷയുള്ള ജയിലിനകത്തേക്കും പുറത്തേക്കും ഓടിക്കൊണ്ടിരുന്നു. പൊതു സ്ഥലത്ത് സത്യഗ്രഹം നടത്താനുള്ള അവകാശത്തിന് വേണ്ടി ജയിലില്‍ നിന്ന് പുറത്തിറങ്ങാന്‍ വിസമ്മതിച്ച് അദ്ദേഹം തിഹാര്‍ ജയിലിലെ ആദരണീയനായ അതിഥിയായി നിരാഹാരം തുടങ്ങി. ഇന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള ഡോക്ടര്‍മാര്‍ അദ്ദേഹത്തെ പരിശോധിക്കുന്നു. മറ്റേതൊരാള്‍ക്കാണ് ഇത്രയും ലക്ഷ്വറി ലഭിക്കുക? “രണ്ടാം സ്വാതന്ത്ര്യ സമര”ത്തിന്റെ ഏതാനും മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ തന്നെ അണ്ണാ മോചിതനായി. ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ 250 തൊഴിലാളികളും 15 ട്രക്കുകളും 6 മണ്ണു മാന്തി യന്ത്രങ്ങളും ചെളിക്കുണ്ടായ രാം ലീല ശുദ്ധിയാക്കിക്കൊടുത്തു.
അദ്ദേഹം ഒരു ഗാന്ധിയനാണെങ്കിലും അദ്ദേഹത്തിന്റെ ആവിശ്യങ്ങള്‍ ഗാന്ധിയന്റേതല്ല. അധികാര വികേന്ദ്രീകരണത്തെക്കുറിച്ചുള്ള ഗാന്ധിജിയുടെ ചിന്താഗതിക്കെതിരാണ് കര്‍ക്കശമായി അവതരിപ്പിക്കപ്പെട്ടിട്ടുള്ള ലോക്പാല്‍ ബില്‍. പതിനായിരക്കണക്കിന് ഉദ്യോഗസ്ഥരടങ്ങുന്ന വമ്പന്‍ ബ്യൂറോക്രസിയെ പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ട ഏതാനും പേര്‍ നിയന്ത്രിക്കുന്ന അതിശക്തമായ അഴിമതിവിരുദ്ധ നിയമമാണത്. പ്രധാനമന്ത്രി മുതല്‍ ഏറ്റവും താഴെക്കിടയിലുള്ള ഉദ്യോഗസ്ഥന്‍ വരെ ഉള്‍പ്പെട്ട വലിയ ഒരു ജനാധിപത്യ വ്യവസ്ഥയെ ഒന്നടങ്കം നിയന്ത്രിക്കാനുള്ള വ്യവസ്ഥയുണ്ടിതില്‍. അന്വേഷണത്തിനും മേല്‍നോട്ടത്തിനും വിചാരണ ചെയ്യാനുമുള്ള അധികാരങ്ങള്‍ ലോക്പാലിനുണ്ട്. സ്വന്തമായി ജയിലുകളില്ല എന്ന കാര്യം ഒഴിച്ചു നിര്‍ത്തിയാല്‍ തികച്ചും സ്വതന്ത്രമായ ഒരു സംവിധാനമായിട്ടാകും ഇത് പ്രവര്‍ത്തിക്കുക.
ഇത് പ്രാവര്‍ത്തികമാകുമോ എന്നത് അഴിമതിയെ നാം എങ്ങിനെ സമീപിക്കുന്നു എന്നതിനെക്കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാടിനനുസരിച്ചിരിക്കും. അഴിമതി എന്നതു കൈക്കൂലിയും സാമ്പത്തിക ക്രമക്കേടും ഉള്‍പ്പെടുന്ന നിയമലംഘനങ്ങളുടെ പ്രശ്‌നം മാത്രമാണോ? അതോ, വളരെ ചുരുങ്ങിയ ആളുകളില്‍ അധികാരം കേന്ദ്രീകരിക്കപ്പെടുകയും വന്‍ തോതില്‍ അസന്തുലിതത്വം നിലനില്‍ക്കുകയും ചെയ്യുന്ന സമൂഹത്തിന്റെ പ്രതീകമാണോ? ഷോപ്പിങ് മാളുകളുടെ ഒരു നഗരം സങ്കല്‍പിക്കുക. അവിടെ തെരുവുകച്ചവടം നിരോധിക്കപ്പെട്ടിരിക്കുന്നു. ഒരു തെരുവുകച്ചവടക്കാരി നഗരസഭയിലെ ഉദ്യോഗസ്ഥനും പൊലീസുകാരനും ചെറിയ കൈക്കൂലി കൊടുത്താണ് അവിടെ കച്ചവടം നടത്തുന്നത്. മാളില്‍ പോയി വസ്തുക്കള്‍ വാങ്ങാന്‍ സാമ്പത്തിക ശേഷിയില്ലാത്തവരാണ് അതു വാങ്ങുന്നത്. ഇതൊരു ഭയങ്കര തെറ്റാണോ? ഭാവിയില്‍ ആ വഴിവാണിഭക്കാരി ലോക്പാല്‍ പ്രതിനിധിക്കു കൂടി കൈക്കൂലി കൊടുക്കേണ്ടിവരുമോ? നിലവിലെ അസന്തുലിത ഘടനയില്‍ സാധാരണക്കാരന്‍ നേരിടേണ്ടിവരുന്ന പ്രശ്‌നങ്ങള്‍ക്കു ജനലോക്പാല്‍ പരിഹാരമാണോ? അതല്ല, ജനങ്ങളെ തടയാന്‍ ഒരു അധികാര ഘടന കൂടി സൃഷ്ടിക്കുകയാണോ?
അണ്ണായുടെ സമരത്തിന് പതാക വീശുന്നതും ദേശീയതാ പ്രകടനവും ആണവ പരീക്ഷണ വിജയാഹ്ലാദത്തിലും ലോകകപ്പ് വിജയാഹ്ലാദ പരേഡിലും സംവരണ വിരുദ്ധ പ്രക്ഷോഭത്തില്‍ നിന്നുമൊക്കെയായി കടമെടുത്തതാണ്. സമരത്തെ പിന്തുണച്ചില്ലെങ്കില്‍ നമ്മള്‍ യഥാര്‍ത്ഥ ഇന്ത്യക്കാര്‍ അല്ലെന്നാണ് അവര്‍ പറയുന്നത്. മുഴുവന്‍ സമയ വാര്‍ത്താ ചാനലുകള്‍ ഇപ്പോള്‍ രാജ്യത്ത് ഇപ്പോള്‍ മറ്റൊരു വാര്‍ത്തയും നടക്കുന്നില്ലെന്ന ധാരണയിലാണ്.
സത്യത്തില്‍ ഈ പുതിയ വിശുദ്ധന്‍ ആരാണ്? ഉടന്‍ പരിഹരിക്കേണ്ട വിഷയങ്ങളിലൊന്നും ഇദ്ദേഹത്തിന്റെ ശബ്ദം നമ്മള്‍ കേട്ടിട്ടില്ല. അദ്ദേഹത്തിന്റെ അയല്‍പക്കത്തുള്ള കര്‍ഷക ആത്മഹത്യകളെക്കുറിച്ചോ കുറച്ചകലെയുണ്ടായ ഓപ്പറേഷന്‍ ഗ്രീന്‍ ഹണ്ടിനെക്കുറിച്ചോ ഒന്നും പറഞ്ഞില്ല. സിംഗൂര്‍, നന്ദിഗ്രാം, ലാല്‍ഗഡ്, പോസ്‌കോ, കര്‍ഷക സമരങ്ങള്‍, പ്രത്യേക സാമ്പത്തിക മേഖലയുടെ പ്രശ്‌നങ്ങളെക്കുറിച്ചൊന്നും ഇദ്ദേഹം ഒന്നും പറഞ്ഞിട്ടില്ല. മധ്യ ഇന്ത്യയിലെ വനങ്ങളില്‍ സൈന്യത്തെ നിയോഗിക്കാനുള്ള ഗവണ്‍മെന്റിന്റെ തീരുമാനത്തെക്കുറിച്ച് അദ്ദേഹത്തിനു പ്രത്യേക കാഴ്ചപ്പാടൊന്നും ഉള്ളതായി തോന്നുന്നില്ല. ഇദ്ദേഹം ഇപ്പോഴും രാജ് താക്കറെയുടെ മാറാത്ത വാദത്തെ അംഗീകരിക്കുന്നുണ്ട്. ഇദ്ദേഹം ഇപ്പോഴും 2002ല്‍ മുസ്ലിംകളെ അരുംകൊല ചെയ്ത നരേന്ദ്ര മോഡിയുടെ “വികസന മാതൃക”യെ പുകഴ്ത്തുന്നുണ്ട്. (ഹസാരെ ഇത് പിന്‍വലിച്ചിട്ടുണ്ടെങ്കിലും ആരാധനയില്‍ നിന്ന് പിന്മാറിയിട്ടുണ്ടാകാന്‍ സാധ്യതയില്ല.)
ഈ കോലാഹലങ്ങള്‍ക്കിടയിലും വിവേകശാലികളായ മാധ്യമപ്രവര്‍ത്തകര്‍ യഥാര്‍ഥ പത്രപ്രവര്‍ത്തനം നടത്തി. ആര്‍. എസ്. എസ്സുമായുണ്ടായിരുന്ന അണ്ണായുടെ മുന്‍കാല ബന്ധം നമ്മുടെ മുന്‍പിലുണ്ട്. കഴിഞ്ഞ 25 വര്‍ഷമായി റെലെഗന്‍ സിദ്ധിയെന്ന അണ്ണായുടെ ഗ്രാമത്തില്‍ സഹകരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞെടുപ്പോ ഗ്രാമ സഭയോ നടക്കുന്നില്ലെന്ന മുകുള്‍ ശര്‍മ്മയുടെ പഠനത്തിലൂടെ നാം കണ്ടതാണ്. ദലിതരോടു ഹസാരെയുടെ സമീപനം നമുക്കറിയാം. “ഓരോ ഗ്രാമത്തിലും ഒരു ചമാര്‍ (ചെരുപ്പുകുത്തി), ഒരു സുനാര്‍ (കൊല്ലന്‍), ഒരു കുംഹാര്‍ (കുശവന്‍) എന്നിങ്ങനെ വേണമെന്നതു ഗാന്ധിജിയുടെ കാഴ്ചപ്പാടാണ്. അവരെല്ലാം അവരവര്‍ക്കു പറഞ്ഞിട്ടുള്ള ജോലിചെയ്യുകയും അങ്ങനെ ഗ്രാമം സ്വയംപര്യാപ്തമാവുകയും ചെയ്യും. ഇതാണു ഞങ്ങള്‍ റെലെഗന്‍ സിദ്ധിയില്‍ നടപ്പാക്കുന്നത്-ഹസാരെ പറയുന്നു. സംവരണ വിരുദ്ധ (മെറിറ്റ് അനുകൂല) മൂവ്‌മെന്റിലെ അംഗങ്ങളാണ് ഹസാരെ ടീമില്‍ എന്നത് അത്ഭുതമുളവാക്കുന്ന വാര്‍ത്തയാണ്.
ഈ കാംപെയിന്‍ നിയന്ത്രിക്കുന്നത് ലീമാന്‍ ബ്രദേഴ്‌സും കൊക്കകോളയുമെക്കെ നല്‍കുന്ന ഫണ്ടുകളാണ്. ഹസാരെ സംഘത്തിലെ പ്രമുഖരായ അരവിന്ദ് കേസരിവാള്‍ നടത്തുന്ന കബീറും മനീഷ് സിസോഡിയയും കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ ഫോഡ് ഫൗണ്ടേഷനില്‍ നിന്നു നാലു ലക്ഷം ഡോളര്‍ (18 കോടി രൂപ) ആണു സ്വീകരിച്ചത്. ആയിരക്കണക്കിന കോടികളുടെ സാമ്പത്തിക സാമ്രാജ്യങ്ങളുള്ള രാഷ്ട്രീയക്കാരുമായി അടുത്ത ബന്ധമുള്ളവരായ അലൂമിനിയം പ്ലാന്റുകളുടെ ഉടമസ്ഥര്‍, തുറമുഖനിര്‍മാണം, സെസ്, റിയല്‍എസ്‌റ്റേറ്റ് വ്യവസായികളുമെല്ലാം ഈ കാംപെയിന് സഹായം നല്‍കുന്നവരില്‍ ഉള്‍പ്പെടുന്നു. അഴിമതിയുടെയും മറ്റു കുറ്റങ്ങളുടെയും പേരില്‍ ഇവരില്‍ ചിലര്‍ക്കെതിരെ ഇപ്പോള്‍തന്നെ അന്വേഷണം നടക്കുന്നുമുണ്ട്. ഇവര്‍ക്കെല്ലാം ഇതില്‍ എന്താണ് ഇത്ര താല്‍പര്യം?
വിക്കിലീക്‌സ് വെളിപ്പെടുത്തലിലൂടെ രഹസ്യങ്ങള്‍ പലതും പുറത്താവുകയും മന്ത്രിമാരും മാധ്യമപ്രവര്‍ത്തകരും വന്‍കിട കമ്പനികളും കോണ്‍ഗ്രസിലെയും ബി. ജെ. പിയിലെയും രാഷ്ട്രീയനേതാക്കളും ഉള്‍പ്പെടെ പലരും ബന്ധപ്പെടുകയും നൂറായിരം കോടിയിലേറെ പൊതുഖജനാവിനു നഷ്ടപ്പെടുകയും ചെയ്ത 2ജി ഉള്‍പ്പെടെ വന്‍ അഴിമതിക്കഥകള്‍ പുറത്തുവരികയും ചെയ്ത സമയത്താണു ജനലോക്പാല്‍ ബില്‍ ക്യാംപയിന്‍ സജീവമായത് എന്ന് ഓര്‍മ്മിക്കുക. ഇതാദ്യമായി, മാധ്യമപ്രവര്‍ത്തകര്‍ ഇടനിലക്കാരുടെ വേഷത്തില്‍ അപമാനിതരായി. ഇന്ത്യയിലെ വന്‍കിട കമ്പനികളില്‍ ചിലതിന്റെ മേധാവികള്‍ ജയിലിലെത്തുന്നസ്ഥിതിയായി. അഴിമതിവിരുദ്ധ സമരത്തിനു യോജിച്ച സമയം, അല്ലേ? അല്ലെങ്കില്‍ ഇത് തന്നെയാണോ യോജിച്ചസമയം?.
ജല വിതരണം, വൈദ്യുതീകരണം, ഗതാഗതം, വാര്‍ത്താവിനിമയം, വിദ്യാഭ്യാസം തുടങ്ങിയ ഗവണ്‍മെന്റ് പരമ്പരാഗതമായി നിര്‍വ്വഹിച്ചു പോന്നിരുന്ന കാര്യങ്ങളില്‍ നിന്ന് പിന്മാറുകയും കുത്തകകളും എന്‍. ജി. ഓ അത് ഏറ്റെടുക്കുകയും ചെയ്യുന്ന ഒരു കാലത്ത്, കുത്തക ശക്തികളുടെ സ്വാധീനത്തിലുള്ള മീഡിയകള്‍ ഇപ്പോള്‍ പൊതു ജനത്തിന്റെ മനസ്സിനെ വരെ നിയന്ത്രിക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. അത് കൊണ്ട് ലോക്പാലിന്റെ പരിധിയില്‍ ഈ എന്‍ജിഒകളും കമ്പനികളും മാധ്യമങ്ങളും ഉള്‍പ്പെടേണ്ടതല്ലേ എന്ന് ഏതൊരാളും ചിന്തിക്കും. പക്ഷേ, നിര്‍ദേശിക്കപ്പെട്ട ബില്‍ ഇവയെയെല്ലാം പൂര്‍ണമായി ഒഴിവാക്കി നിര്‍ത്തുന്നതാണ്.
ഈ പതാകവീശല്‍ കണ്ടു നിങ്ങള്‍ വിഡ്ഢികളാകരുത്. സാമന്തരാകാനുള്ള യുദ്ധത്തിന് ഇന്ത്യയെ ഒരുക്കിക്കൊണ്ടു വരുന്നത് നാം കണ്ട് കൊണ്ടിരിക്കുകയാണ്
ഇപ്പോള്‍, മറ്റെല്ലാവരെക്കാളും ഉച്ചത്തില്‍ ശബ്ദമുയര്‍ത്തുകയും സര്‍ക്കാര്‍ തലത്തിലെ അഴിമതിയും രാഷ്ട്രീയക്കാരുടെ നിലവാരത്തകര്‍ച്ചയും തുടച്ചുനീക്കാന്‍ രംഗത്തിറങ്ങുകയും ചെയ്യുന്നവര്‍ വളരെ ബുദ്ധിപൂര്‍വം തങ്ങളെ ഈ നിയമത്തിന്റെ പിടിയില്‍ നിന്ന് ഒഴിവാക്കി നിര്‍ത്തുന്നു. മാത്രമല്ല, ഏറ്റവും മോശക്കാരായി സര്‍ക്കാരിനെ മാത്രം മുദ്രകുത്തുന്നതിലൂടെ, രണ്ടാംഘട്ട സാമ്പത്തിക പരിഷ്‌കാര വേളയില്‍ കൂടുതല്‍ പൊതുസേവന മേഖലകളില്‍ നിന്നു പിന്മാറാനുള്ള അവസരമാണ് ഇവര്‍ സര്‍ക്കാരിനു നല്‍കുന്നത് എന്നതാണ് ഏറ്റവും ദുഖഃകരം. സ്വകാര്യ കോര്‍പറേറ്റ് മേഖലയിലെ അഴിമതി നിയമാനുസൃതമാവുകയും ലോബിയിങ് ഫീസ് എന്നു പുനര്‍നാമകരണം ചെയ്യപ്പെടുകയും ചെയ്യുന്ന കാലം വിദൂരമല്ല. ദിവസം 20 രൂപ കൊണ്ടു ജീവിക്കുന്ന 83 കോടി ജനങ്ങളെ കൂടുതല്‍ ദാരിദ്ര്യത്തിലേക്ക് തള്ളി വിടുന്ന നയങ്ങള്‍ രൂപീകരിക്കുന്നത് പ്രയോജനം ചെയ്യുമോ? അതോ ഇത് രാജ്യത്തെ ആഭ്യന്തര യുദ്ധത്തിലേക്ക് തള്ളി വിടുമോ?
ഈ ഭയാനകമായ അവസ്ഥാ വിശേഷണത്തിന് കാരണം ഇന്ത്യയുടെ പ്രാതിനിത്യ ജനാധിപത്യത്തിന്റെ തകര്‍ച്ചയാണ്. ജനങ്ങളുടെ പ്രതിനിധികള്‍ അല്ലാതായി മാറിയ ക്രിമിനലുകളും കോടീശ്വരന്മാരായ രാഷ്ട്രീയക്കാരും ചേര്‍ന്നാണ് ഇവിടെ നിയമ നിര്‍മ്മാണ സഭകളുണ്ടാക്കുന്നത്. രാജ്യത്തെ ഒരു ജനാധിപത്യസ്ഥാപനം പോലും സാധാരണക്കാരനു പ്രാപ്യമല്ലാതായിരിക്കുന്നു. ഈ പതാകവീശല്‍ കണ്ടു നിങ്ങള്‍ വിഡ്ഢികളാകരുത്. സാമന്തരാകാനുള്ള യുദ്ധത്തിന് ഇന്ത്യയെ ഒരുക്കിക്കൊണ്ടു വരുന്നത് നാം കണ്ട് കൊണ്ടിരിക്കുകയാണ്. ആ യുദ്ധം ഒരു പക്ഷേ അഫ്ഗാനിലെ യുദ്ധ പ്രഭുക്കള്‍ നടത്തിയതിനേക്കാള്‍ മാരകമായിരിക്കും.
മൊഴിമാറ്റം: റഫീഖ് മൊയ്തീന്‍
കടപ്പാട്: ദി ഹിന്ദു