2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ എനിക്ക് പ്രതീക്ഷയുണ്ട്: അരുന്ധതി റോയ്
national news
2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ എനിക്ക് പ്രതീക്ഷയുണ്ട്: അരുന്ധതി റോയ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 15th October 2023, 9:04 am

തിരുവനന്തപുരം: 2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ തനിക്ക് പ്രതീക്ഷയുണ്ടെന്നും കേന്ദ്ര സർക്കാരിന്റേത് ഭൂരിപക്ഷത്തിന്റെ ശബ്ദമല്ലെന്നും എഴുത്തുകാരി അരുന്ധതി റോയ്.

ഒരു കോർപ്പറേറ്റും ഒരു ഭരണാധികാരിയും എന്ന രീതിയാണ് നിലവിലുള്ളതെന്നും അവർ പറഞ്ഞു. തിരുവനന്തപുരത്ത് ‘സേവ് ഡെമോക്രസി, സേവ് കോൺസ്റ്റിറ്റ്യൂഷൻ’ എന്ന പേരിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ.

‘2024ൽ പ്രതീക്ഷയുണ്ട്. ഇപ്പോൾ കേന്ദ്രസർക്കാരിന്റേതായുള്ളത് ഭൂരിപക്ഷത്തിന്റെ ശബ്ദമല്ല. ചെറിയ ഭാഗത്തിന്റെ പെരുപ്പിച്ച ശബ്ദമാണത്. ഒരു ഭരണാധികാരിയും ഒരു കോർപ്പറേറ്റും എന്നരീതിയിൽ എല്ലാം ഒന്നാകുന്ന സ്ഥിതി. അത് രാജ്യത്തെ ഭൂരിപക്ഷം വരുന്ന ജനങ്ങൾ തിരിച്ചറിയുമെന്നാണ് പ്രതീക്ഷ,’ അരുന്ധതി റോയ് പറഞ്ഞു.

അതേസമയം രാജ്യത്തെ ജനങ്ങളുടെ കാര്യങ്ങളിൽ പ്രതികരിക്കാത്ത പ്രധാനമന്ത്രിയാണ് നമുക്കുള്ളതെന്നും അവർ ആരോപിച്ചു.

‘വിദേശരാജ്യങ്ങൾ സന്ദർശിക്കുകയും അവിടെവെച്ച് പ്രസ്താവന നടത്തുകയും ചെയ്യുന്ന പ്രധാനമന്ത്രി ഒരു പത്രസമ്മേളനം നടത്തി രാജ്യത്തെ ജനങ്ങളുടെ കാര്യം പറഞ്ഞിട്ടില്ല. നമുക്ക് ഒരു പ്രധാനമന്ത്രിയെ വേണം. അല്ലാതെ എന്തുപറയാൻ?’ അവർ പറഞ്ഞു.

ഒരു ജനാധിപത്യരാജ്യത്തിൽ ചോദ്യങ്ങൾ ഉണ്ടാകുകയാണ് പ്രാഥമികമായി നടക്കേണ്ടതെന്നും എന്നാൽ അറിയാനും ചോദിക്കാനും അനുമതിയില്ലാത്ത സ്ഥിതി വിശേഷമാണ് നിലവിലുള്ളതെന്നും അവർ പറഞ്ഞു.

ന്യൂനപക്ഷ വിഭാഗം അധികാര സംവിധാനത്തിന്റെ 10 ശതമാനം പോലും വരുന്നില്ലെന്നും ജാതി സെൻസസ് നടക്കുമ്പോൾ എല്ലാം അറിയാനാകുമെന്നും അവർ പറഞ്ഞു.

ജാതീയമായ പ്രശ്നങ്ങൾ അഭിസംബോധന ചെയ്യാൻ കേരളത്തിൽ നിന്നുൾപ്പെടെയുള്ള രാഷ്ട്രീയപാർട്ടികൾ മടിക്കുകയാണെന്നും അവർ കുറ്റപ്പെടുത്തി.

ഫലസ്തീൻ – ഇസ്രഈൽ പ്രശ്നത്തിന്റെ അടിസ്ഥാന വിഷയം കടന്നുകയറ്റമാണെന്നും അതിന് ആക്കം കൂട്ടുന്ന നിലപാടാണ് യു.എസ് നടത്തുന്നതെന്നും അരുന്ധതി റോയ് വിമർശിച്ചു.

Content Highlight: Arundhathi Roy says she has hopes on 2024 Lok sabha election