'എന്നിട്ടും നമ്മളീ രാജ്യത്തെ ജനാധിപത്യ രാജ്യമെന്ന് വിളിക്കുന്നു'; തകർന്നു നിൽക്കുന്ന ഈ രാജ്യത്ത് അവർ വിദ്വേഷം വിൽക്കും അരുന്ധതി റോയ് പറയുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്

 

ലേബര്‍ പാര്‍ട്ടി നേതാവ് ജെര്‍മി കോര്‍ബിന്‍, ചിന്തകന്‍ താരിഖ് അലി എന്നിവരുമായി നടത്തിയ വെര്‍ച്വല്‍ ചര്‍ച്ചയില്‍ അരുന്ധതി റോയ് സംസാരിച്ചതിന്റെ പ്രസക്ത ഭാഗങ്ങള്‍

ഇന്ത്യയില്‍ ജനുവരി 30നാണ് ആദ്യ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്യുന്നത് എന്നാല്‍ ഈ സമയങ്ങളിലൊക്കെയും സര്‍ക്കാര്‍ നിസംഗമായി ഇരിക്കുകയാണ് ചെയ്തത്. ഇന്ത്യയില്‍ എയര്‍പോര്‍ട്ടുകള്‍ അടയ്ക്കുകയോ മുന്‍കരുതലുകള്‍ സ്വീകരിക്കുകയോ ചെയ്തില്ല. ആയിരക്കണക്കിന് ആളുകള്‍ വിദേശരാജ്യങ്ങളില്‍ നിന്ന് ഇന്ത്യയില്‍ എത്തി. നമസ്‌തേ ട്രംപ് പരിപാടിയുടെ സമയത്തും നിരവധി പേര്‍ ഇവിടെ എത്തി.

ഈ ഉദാസീനതയ്ക്ക് ശേഷമാണ് ലക്ഷക്കണക്കിന് ആളുകളെ ദുരിതത്തിലാക്കി കൊണ്ട് പെട്ടെന്നൊരു സുപ്രഭാതത്തില്‍ ഇന്ത്യയില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നത്. പാശ്ചാത്യ രാജ്യങ്ങളില്‍ സാമൂഹിക അകലം എന്നതായിരുന്നു ലോക്ക് ഡൗണ്‍ കൊണ്ട് ഉദ്ദേശിച്ചത്. എന്നാല്‍ ഇന്ത്യയില്‍ ഇത് ആളുകളെ തിങ്ങിഞെരുങ്ങി പാര്‍പ്പിക്കലായിരുന്നു. ആയിരക്കണക്കിന് ആളുകള്‍ ചേരികളിലും ലേബര്‍ ക്യാമ്പിലും കഴിഞ്ഞു.

ദിവസങ്ങളോളം ഈ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ നിശ്ചലമായി. വൈറസ് വ്യാപനം കൂടിക്കൊണ്ടിരുന്നു. ഇത്തരത്തില്‍ ലോകത്ത് മറ്റൊരു രാജ്യത്തും സംഭവിച്ചിട്ടില്ല. മുന്‍കരുതല്‍ ഇല്ലാതെ നടപ്പിലാക്കിയ ലോക്ക് ഡൗണില്‍ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ തകരുകയും രോഗം പെരുകുകയുെ ചെയ്തു. കശ്മീരില്‍ ഫോണോ ഇന്റര്‍നെറ്റ് കണക്ഷനോ ഇല്ലാതെയാണ് ലോക്ക് ഡൗണ്‍ നടപ്പിലാക്കിയത്. ഇത് അക്ഷരാര്‍ത്ഥത്തില്‍ ഒരു കുറ്റകൃത്യം കൂടിയാണ്. ഇപ്പോളാകട്ടെ ചൈന ഇന്ത്യന്‍ അതിര്‍ത്തിയില്‍ വന്ന് ഭീഷണിയും മുഴക്കുന്നു. പക്ഷേ പാകിസ്താനോട് പ്രതികരിക്കുന്ന രീതിയില്‍ ഇന്ത്യ ചൈനയോട് പ്രതികരിക്കില്ല.

സാധാരണ ജീവിതത്തിലേക്ക് തിരികെയെത്തുക എന്നത് അത്ര എളുപ്പമായിരിക്കില്ല. ദശലക്ഷക്കണക്കിന് ആളുകളാണ് തൊഴില്‍ രഹിതരായി മാറിയത്. നേരത്തെ ആളുകള്‍ ഗ്രാമത്തില്‍ നിന്നു നഗരങ്ങളിലേക്ക് ചേക്കേറാന്‍ നിര്‍ബന്ധിക്കപ്പെടുന്ന അവസ്ഥയായിരുന്നു ഉളളത്. എന്നാല്‍ ഇന്ന് സ്ഥിതി ആകെ മാറി. ആളുകള്‍ നഗരങ്ങളില്‍ നിന്നും ഗ്രാമങ്ങളിലേക്ക് പോയി. അവിടെ അവര്‍ എന്ത് ചെയ്ത് ഇനി ജീവിക്കും. പാലായനമാണ് നടന്നു കൊണ്ടിരിക്കുന്നത്. ജനങ്ങള്‍ വീടുകളിലേക്ക് മടങ്ങാന്‍ നിര്‍ബന്ധിതരായി കൊണ്ടിരിക്കുന്നു. സര്‍ക്കാര്‍ രണ്ട് കാര്യങ്ങളാണ് ചെയ്തത്. ദേശീയ വിഭവങ്ങളെ മുഴുവന്‍ സ്വകാര്യവത്കരിച്ചു.. ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിലൂടെ വിദ്യാഭ്യാസത്തെ സ്വകാര്യവത്കരിച്ചു. അതില്‍ നിന്ന് അരികുവത്കരിക്കപ്പെട്ടവരെ ഒഴിവാക്കി. ദളിതര്‍ അതിന് പുറത്താണ്. നിരവധി മനുഷ്യര്‍ക്ക് ഇന്റര്‍നെറ്റ് ലഭ്യമല്ല. ഇത് അടിക്ക് മേല്‍ അടി കിട്ടുന്നത് പോലെയാണെന്നും അരുന്ധതി റോയ് പറഞ്ഞു.

ജനങ്ങള്‍ നേരിടുന്ന കൊവിഡ്, സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മറക്കുന്നതിന് വേണ്ടി സര്‍ക്കാര്‍ അന്തരീക്ഷം മാറ്റുകയാണ് ഹിന്ദു ദേശീയത ഉയര്‍ത്തിപ്പിടിച്ചും മുസ്ലിം വിരുദ്ധത അഴിച്ചു വിട്ടും. അവര്‍ വിദ്വേഷം വില്‍ക്കുകയാണ്. ശക്തരായ മധ്യവര്‍ഗവും മാധ്യമങ്ങളും മഹാനായി പ്രതിഷ്ഠിക്കുന്നതിനാല്‍ മോദിയ്ക്ക് എന്തും വില്‍ക്കാനാവും. കഷണ്ടിയുള്ള ഒരാള്‍ക്ക് ചീര്‍പ്പ് വരെ മോദി വില്‍ക്കും. വ്യവസായികള്‍ക്കിടയിലും മാധ്യമങ്ങള്‍ക്കിടയിലും ഒരു തരം ഭയം നിലനില്‍ക്കുന്നു. വിദ്യാര്‍ത്ഥികളെയും, ആക്ടിവിസ്റ്റുകളെയും അറസ്റ്റ് ചെയത് കൊണ്ട് സര്‍ക്കാര്‍ അത് തന്നെയാണ് ഇവിടെ ചെയ്യുന്നത്.

എല്ലാ ദിവസങ്ങളും ആളുകള്‍ ഉണര്‍ന്നെണീക്കുന്നത് ഇനി ആരെയാണ് അറസ്റ്റ് ചെയ്യുന്നത് എന്ന ഭയത്തിലാണ്. ജാമിഅ മിലിയയേയും അലിഗഡ് സര്‍വ്വകലാശാലയിലെയും സംഭവങ്ങളെയും നമ്മള്‍ കാണുന്നുണ്ട്. ഇടതുപക്ഷ പ്രവര്‍ത്തകരും മുസ്ലിംകളും ഇവിടെ വേട്ടയാടപ്പെടുകയാണ്. ലോക്ക് ഡൗണ്‍ സമയത്ത് ആളുകള്‍ സൂം കോളിലൂടെയെല്ലാം സംസാരിക്കുകയും സാമൂഹിക ബന്ധം നിലനിര്‍ത്തുകയും ചെയ്തു. കശ്മീരിനെക്കുറിച്ച് നിങ്ങള്‍ ആലോചിച്ച് നോക്കൂ. അവിടെ എന്താണ് ഉള്ളത്. ഒന്നുമില്ല. എന്നിട്ടും നമ്മള്‍ ഈ രാജ്യത്തെ ജനാധിപത്യ രാജ്യമെന്ന് വിളിക്കുന്നു.

ഇവിടുത്തെ തടവറകള്‍ വിദ്യാര്‍ത്ഥികളെയും നിയമപാലകരെയും, സാമൂഹിക പ്രവര്‍ത്തകരെകൊണ്ടും മനുഷ്യാവകാശപ്രവര്‍ത്തകരെയും കൊണ്ട് നിറഞ്ഞിരിക്കുകയാണ്. കേരളം പോലുള്ള ചില പ്രദേശങ്ങളില്‍ കൊവിഡ് പ്രതിസന്ധി കൃത്യമായി മാനേജ് ചെയ്്തിട്ടുണ്ട്. മോദി സര്‍ക്കാരിനെതിരെ ഇന്നിവിടെ പരസ്യമായി പ്രതികരിക്കുന്ന ഒരേയൊരു പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിമാത്രമാണ്. അദ്ദേഹത്തിനാണെങ്കില്‍ ആവശ്യത്തിന് പിന്തുണയും ലഭിക്കുന്നില്ല. ബാക്കിയെല്ലാവരും മൗനം പാലിക്കുകയാണ്. അവര്‍ക്കെല്ലാമെതിരെ ചില കേസുകളുകളുണ്ടാകും. ഇതിന്റെ കാരണം എന്താണെന്ന് അറിയില്ല. രാഷ്ട്രീയക്കാരും, ബ്യൂറോക്രാറ്റുകളുമെല്ലാം ഭയത്താല്‍ വിറങ്ങലിച്ച് നില്‍ക്കുകയാണ്. ഏത് നിമിഷമാണോ സര്‍ക്കാരിനെതിരെ ഒരാള്‍ സംസാരിക്കുന്നത് ആ ഘട്ടത്തില്‍ തന്നെ അവര്‍ ആക്രമിക്കപ്പെടുകയാണ്. അവരെ ഭയപ്പെടുത്തുന്നു. നിര്‍ദയം ആക്രമിക്കുന്നു. ഇത്തരമൊരു സ്ഥിതി വിശേഷമാണ് നമുക്ക് ഇവിടെ കാണാന്‍ കഴിയുന്നത്.

വംശീമായ ദ്രൂവീകരണം ആഗ്രഹിക്കുന്ന ഒരു വ്യക്തിയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അത് അദ്ദേഹത്തിന്റെ ഭാഷയില്‍ നിന്നും പ്രവര്‍ത്തിയില്‍ നിന്നുമെല്ലാം കൃത്യമായി പ്രകടവുമാണ്. വെള്ളക്കാരുടെ മേധാവിത്വം ആഗ്രഹിക്കുന്നയാളാണ് ട്രംപ് ്്ട്രംപിന്റെ ട്വീറ്റുകളെ വിഡ്ഡിത്തമായി വ്യാഖാനിക്കപ്പെടേണ്ടതില്ല. അതാണ് അദ്ദേഹം അവിടുത്തെ ജനങ്ങളോട് സംവദിക്കാന്‍ ആഗ്രഹിക്കുന്നത് എന്നാണ് മനസിലാക്കേണ്ടത്. കൃത്യമായ ചില സൂചനകള്‍ നല്‍കുകയാണ് അയാള്‍. അത് തന്നെയാണ് ഇവിടെയും സംഭവിക്കുന്നത്. ഇപ്പോള്‍  അമേരിക്കയില്‍ തെരുവില്‍ പ്രതിഷേധിക്കുന്ന ജനങ്ങള്‍ അവര്‍ക്കും നേരെ സംഭവിച്ച ഓരോ അനീതിയ്‌ക്കെതിരെയുമാണ് രോഷാകുലരാകുന്നത്. അമേരിക്കയില്‍ കൊവിഡില്‍ കറുത്ത വര്‍ഗക്കാര്‍ക്ക് ചികിത്സ ഉള്‍പ്പെടെ നിഷേധിക്കപ്പെടുകയാണ്‌