കല്‍പ്പറ്റ: ഒരു വര്‍ഷത്തിനിടക്ക് ഉത്തരേന്ത്യയിലെ 300ലധികം ചര്‍ച്ചുകള്‍ക്ക് നേരെ ആക്രമണം നടത്തിയവരെയാണ് ക്രിസംഘികള്‍ പിന്തുണക്കുന്നതെന്ന് ഓര്‍ക്കണമെന്ന് അരുന്ധതി റോയ്. വയനാട് ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ സംസാരിക്കുകയായിരുന്നു അവര്‍.
‘ഇവിടെ ക്രിസംഘികള്‍ എന്ന പേരില്‍ അറിയപ്പെടുന്ന കുറേ ക്രിസ്ത്യാനികള്‍ ബി.ജെ.പിയെ നിശബ്ദമായി പിന്തുണക്കുന്നുണ്ട്. സിറിയന്‍ ക്രിസ്ത്യന്‍ ബിഷപ്പാണ് ലവ് ജിഹാദെന്ന വാക്ക് പ്രചാരത്തില്‍ കൊണ്ടുവന്നത് എന്ന് എനിക്കറിയാം.
ക്രിസംഘികള്‍ ഒരു കാര്യം ഓര്‍ത്താല്‍ നല്ലത്, ഒരു വര്‍ഷത്തിനിടക്ക് ഉത്തരേന്ത്യയിലെ 300ലധികം ചര്‍ച്ചുകള്‍ക്ക് നേരെയാണ് സംഘപരിവാര്‍ അക്രമങ്ങള്‍ അഴിച്ചുവിട്ടത്. ഈയൊരു സാഹചര്യത്തില്‍ അവര്‍ എന്താണ് ചെയ്തുകൊണ്ടിരിക്കുന്നത് എന്ന് നമ്മള്‍ സൂക്ഷ്മമായി നിരീക്ഷിക്കേണ്ടതുണ്ട്,’ അരുന്ധതി റോയ് പറഞ്ഞു.
വയനാട് ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ ഭാഗമായി ‘പറയാന്‍ പറ്റുന്നതും, പറയാന്‍ പറ്റാത്തതും’ എന്ന വിഷയത്തില്‍ ഫെസ്റ്റിവല്‍ ഡയറക്ടറും കാരവന്‍ മാഗസിന്‍ എക്‌സിക്യൂട്ടീവ് എഡിറ്ററുമായ വിനോദ് കെ. ജോസുമായി സംവാദിക്കുകയായിരുന്നു അരുന്ധതി റോയ്.
ഫാസിസത്തിന്റെ ആര്‍മിയാണ് മുഖ്യധാരാ മാധ്യമങ്ങളെന്നും, ഇത്തരത്തിലുള്ള മാധ്യമങ്ങളുള്ളതുകൊണ്ടാണ് ഫാസിസം നമ്മുടെ രാജ്യത്ത് സാധ്യമാകുന്നതെന്നും അരുന്ധതി റോയ് പറഞ്ഞു.
‘ഫാസിസത്തിന്റെ ആര്‍മിയാണ് മുഖ്യധാരാ മാധ്യമങ്ങള്‍. ഇത്തരത്തിലുള്ള മാധ്യമങ്ങളിള്ളതുകൊണ്ടാണ് ഫാസിസം നമ്മുടെ രാജ്യത്ത് സാധ്യമാകുന്നത്.
20 വര്‍ഷമായി ഞാന്‍ ഒരു കാര്യം എഴുതിക്കൊണ്ടിരിക്കുകയാണ്. അത് കോര്‍പ്പറേറ്റുകളും ഹിന്ദുത്വവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചാണ്. ഒന്ന് ഒന്നിനെ ആശ്രയിച്ചിരിക്കുകയാണ്. ഇവര്‍ രണ്ട് കൂട്ടരും ഈ മത്സരത്തിന്റെ ഭാഗമാണ്.
ഞങ്ങള്‍ ദല്‍ഹിയിലൊക്കെ പറയാറുള്ളത് ‘ദേശ് കോ ചാര്‍ ലോക് ചലാത്തെ ഹേ, ദോ ഖരീതേ ഹേ, ദോ ബേജ്‌തേ ഹേ’ എന്നാണ് അതായത് രാജ്യം ഭരിക്കുന്നത് നാല് പേരാണ് രണ്ട് പേര് വില്‍ക്കുന്നു രണ്ട് പേര് വാങ്ങിക്കുന്നു.
മാധ്യമങ്ങളുടെ കോര്‍പ്പറേറ്റ് വത്കരണം 90 കളില്‍ തന്നെ തുടങ്ങിയിട്ടുണ്ട്. ഇപ്പോള്‍ അത് പൂര്‍ണമായിരിക്കുകയാണ്. കോര്‍പ്പറേറ്റുകളാണ് ഗവര്‍ണ്‍മെന്റിനെ നിയന്ത്രിക്കുന്നത്.
നമ്മളീ അവസ്ഥയില്‍ എത്തിനില്‍ക്കുന്നത് മാധ്യമങ്ങള്‍ കാരണമാണ്. നമ്മളെ ഇതില്‍ നിന്ന് രക്ഷിക്കാന്‍ ഈ മാധ്യമങ്ങളോട് പറയാന്‍ കഴിയില്ല. അതിനായി നമുക്ക് ബദല്‍ മാധ്യമങ്ങളെ ആശ്രയിക്കേണ്ടതുണ്ട്,’ അരുന്ധതി റോയ് പറഞ്ഞു.
അതേസമയം, പ്രഥമ വയനാട് ലിറ്ററേച്ചര്‍ ഫെസ്റ്റ് (ഡബ്ലു.എല്‍.എഫ്) ഡിസംബര്‍ 29, 30, 31 തീയതികളില്‍ ദ്വാരക ‘കാസ മരിയ’യിലാണ് നടക്കുന്നത്. മാവേലിമന്റം, നെല്ല്, കബനി എന്നിങ്ങനെ മൂന്നുവേദികളായാണ് വിവിധ പരിപാടികള്‍ നടക്കുക.
വിവിധ സെഷനുകളിലായി അരുന്ധതി റോയ്, സച്ചിദാനന്ദന്‍, സക്കറിയ, സുനില്‍ പി. ഇളയിടം, കെ.ആര്‍. മീര, സഞ്ജയ് കാക്, കല്പറ്റ നാരായണന്‍ തുടങ്ങിയവരും ജില്ലയിലെയും ജില്ലയ്ക്ക് പുറത്തുനിന്നുള്ള എഴുത്തുകാരും കലാകാരന്മാരും പങ്കെടുക്കും. കഥപറച്ചില്‍ ശില്‍പശാല, വരക്കളരി, സാഹിത്യവര്‍ത്തമാനം, കഥയരങ്ങ്, നാട്ടറിവ് യാത്ര, കവിയരങ്ങ് എന്നിവയും കേരള ചലച്ചിത്ര അക്കാദമിയുടെ ഫിലിം ഫെസ്റ്റിവല്‍, കുടുംബശ്രീയുടെ ഫുഡ്‌ഫെസ്റ്റ്, പ്രഭാഷണം, സ്റ്റുഡന്റ്സ് ബിനാലെ എന്നിവയും സാഹിത്യോത്സവത്തിന്റെ ഭാഗമായുണ്ടാകും.