| Friday, 10th February 2017, 11:06 pm

യൂണിവേഴ്‌സിറ്റി കോളേജിനെ നന്നാക്കാന്‍ പെണ്‍കുട്ടികള്‍ ഉണരണമെന്ന് അരുന്ധതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിനെ നന്നാക്കാന്‍ പെണ്‍കുട്ടികളെ കോണ്ടേ കഴിയൂവെന്ന് അരുന്ധതി. വലത്തേക്ക് നടന്നാല്‍ സെക്രട്ടറിയേറ്റ്, ഇടത്തേക്ക് തിരിഞ്ഞാല്‍ നിയമസഭ, ആഞ്ഞ് പിടിച്ചാല്‍ രാജ്ഭവന്‍, പാര്‍ട്ടി പ്രതിപക്ഷത്തിരുന്ന കാലത്ത് മിനുറ്റുകള്‍ക്കുള്ളില്‍ മിനിമം ആയിരം വിദ്യാര്‍ത്ഥികളെയെങ്കിലും സംഘടിപ്പിച്ച് ഇവിടെയൊക്കെ സമരം നടത്താന്‍ കഴിയുമെന്നത് കൊണ്ടാണ് യൂണിവേഴ്‌സിറ്റി കോളേജിലെ എസ്.എഫ്.ഐ നിലവിലെ നിലയില്‍ പ്രവര്‍ത്തിക്കുന്നതെന്നും അരുന്ധതി തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിക്കുന്നു. സാമൂഹ്യ പ്രവര്‍ത്തകയും ഹൈദരാബാദ് യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിനിയുമായ അരുന്ധതി എസ്.എഫ്,ഐ സഹയാത്രികയുമാണ്.

മുഴുവന്‍ വിദ്യാര്‍ത്ഥികളേയും സമരത്തൊഴിലാളികളായി കയ്യില്‍ കിട്ടേണ്ടതു കൊണ്ട് മറ്റെല്ലാ സംഘടനകളേയും പ്രവര്‍ത്തന സ്വാതന്ത്ര്യം എസ്.എഫ്.ഐ കയ്യൂക്കു കൊണ്ട് തടയുകയാണെന്നും അരുന്ധതി ആരോപിക്കുന്നു. സംഘടനാ നേതൃത്വത്തെ അടിമുടി അഴിച്ചു പണിതാല്‍ കുട്ടികള്‍ അവരുടെ ഒതുക്കി വച്ച ഫ്രസ്‌ട്രേഷന്‍ മുഴുവന്‍ പുറത്തിടുമെന്നും അങ്ങനെ സംഭവിച്ചാല്‍ എസ്.എഫ്.ഐ കോട്ട തകരുമെന്നും അതിനാല്‍ അവിടെ വിപ്ലവം സൃഷ്ടിക്കാന്‍ പെണ്‍കുട്ടികള്‍ക്കേ കഴിയൂ എന്നും അവര്‍ പറയുന്നു.

അരുന്ധതിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
വലത്തേക്ക് നടന്നാല്‍ സെക്രട്ടേറിയറ്റ്. ഇടത്തേക്ക് തിരിഞ്ഞാല്‍ നിയമസഭ. ആഞ്ഞുപിടിച്ച് പതിനഞ്ച്മിനിറ്റ് നടന്നാല്‍ രാജ്ഭവന്‍. പാര്‍ട്ടി പ്രതിപക്ഷത്തിരിക്കുന്ന കാലത്ത് മിനിറ്റുകള്‍ക്കുള്ളില്‍ മിനിമം ആയിരം വിദ്യാര്‍ഥികളെയെങ്കിലും സംഘടിപ്പിച്ച് മേല്‍പ്പറഞ്ഞ ഇടങ്ങളിലെല്ലാം സമരം നടത്താന്‍ കഴിയുമെന്നതുകൊണ്ടാണ് യൂണിവേഴ്‌സിറ്റി കോളേജിലെ SFI നിലവിലെ നിലയില്‍ പ്രവര്‍ത്തിക്കുന്നത്.
മുഴുവന്‍ വിദ്യാര്‍ഥികളെയും സമരത്തൊഴിലാളികളായി കയ്യില്‍ കിട്ടേണ്ടതുകൊണ്ട് മറ്റെല്ലാ പാര്‍ടികളുടെയും പ്രവര്‍ത്തനസ്വാതന്ത്ര്യം കയ്യൂക്കുകൊണ്ട് തടയുന്നു. അടിച്ചേല്‍പ്പിക്കപ്പെടുന്ന സംഘടന മെമ്പര്‍ഷിപ്. അടിച്ചേല്‍പ്പിക്കപ്പെടുന്ന ആയിരം പിരിവുകള്‍.
ക്‌ളാസില്‍ കയറി ചോദ്യവുമുത്തരവുമില്ലാതെ വിദ്യാര്‍ഥികളെ വലിച്ചിറക്കാനാണ് സംഘടനയുടെ കമ്മിറ്റികള്‍. ഡിപാര്‍ട്‌മെന്റ് കമ്മിറ്റിയിലേക്കും യൂണിറ്റ് കമ്മിറ്റിയിലേക്കും തെരഞ്ഞെടുക്കപ്പെടാനുള്ള യോഗ്യത പ്രത്യയശാസ്ത്ര ബോധമോ, സംഘടനാ ബോധമോ അല്ല, തിണ്ണമിടുക്ക് മാത്രമാണ്. ഭീഷണിപ്പെടുത്തിയും തല്ലിയും കഴിവുതെളിയിക്കുന്ന മുറയ്ക്ക് കമ്മിറ്റികളില്‍ സ്ഥാനക്കയറ്റം ലഭിക്കുന്നതാണ്.


Also Read വടകര മടപ്പള്ളി കോളേജില്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് എസ്.എഫ്.ഐ മര്‍ദ്ദനം ; പെണ്‍കുട്ടികളെന്ന പരിഗണന പോലും നല്‍കിയില്ലെന്ന് വിദ്യാര്‍ത്ഥിനികള്‍


ഇതൊക്കെ ചേട്ടന്മാരുടെ കാര്യം. ചേട്ടന്മാരെ അനുസരിച്ചും അനുകരിച്ചും നില്‍ക്കുന്ന ചേച്ചിമാര്‍ മേല്‍ക്കമ്മിറ്റികളിലേക്ക് വളരുന്നു. ശേഷിക്കുന്ന പെണ്‍കുട്ടികളില്‍ ഭൂരിപക്ഷവും നിശ്ശബ്ദത പാലിക്കുന്നു. ഒച്ചയിടുന്ന പെണ്ണുങ്ങള്‍ വേശ്യകളായി മുദ്രകുത്തപ്പെടുന്നു.
ചോദ്യം ചെയ്യുന്നവരെ രണ്ടുതരത്തിലാണ് നേരിടുക, ഒന്നുകില്‍ ഏതെങ്കിലും കമ്മിറ്റിയില്‍ അധികാരമുള്ള ഒരു സ്ഥാനം. അല്ലെങ്കില്‍ തല്ല്. രണ്ടും ഫലപ്രദമായി ഉപയോഗിച്ചുവരുന്നു. പെണ്‍കുട്ടികളെ കൈവെക്കാറില്ല. തല്ലാന്‍ മാത്രമില്ല പെണ്ണ് എന്ന ധാരണ കൊണ്ടും കേസ് വേറെ വരുമെന്ന പേടി കൊണ്ടും.
എന്താണ് പ്രതിവിധി? സംഘടനാനേതൃത്വത്തെ അടിമുടി അഴിച്ചുപണിതാല്‍ കുട്ടികള്‍ അവരുടെ ഒതുക്കിവെച്ച ഫ്രസ്‌ട്രേഷന്‍ മുഴുവന്‍ പുറത്തിടും. SFI കോട്ട തകരും. അതുകൊണ്ട് പാര്‍ടി യൂണിവേഴ്‌സിറ്റി കോളേജിനെ നന്നാക്കുമെന്ന പ്രതീക്ഷയില്ല. അവിടെ വിപ്‌ളവം സൃഷ്ടിക്കാന്‍ പെണ്‍കുട്ടികളെക്കൊണ്ടേ കഴിയൂ. തല്ലിച്ചതക്കില്ല. Slut shaming ഉണ്ടാവും. വെടിയെന്ന് കേട്ടാല്‍ വിറയ്ക്കുന്നോരല്ലല്ലോ മിടുക്കിപ്പെണ്ണുങ്ങള്‍. “”അതേടാ, വെടിയാണ്. വെടികൊണ്ട് വീഴുക നിന്റെയൊക്കെ തലച്ചോറിനുള്ളിലെ ലിംഗങ്ങളാണെ””ന്ന് പറയൂ. സ്വാതന്ത്ര്യവും ജനാധിപത്യവുമുള്ളൊരു യൂണിവേഴ്‌സിറ്റി കോളേജിനെ തിരിച്ചുപിടിക്കൂ.

Latest Stories

We use cookies to give you the best possible experience. Learn more