| Tuesday, 21st May 2019, 6:08 pm

അരുണാചലില്‍ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ എന്‍.പി.പി എം.എല്‍.എയടക്കം 11 പേര്‍ കൊല്ലപ്പെട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശില്‍ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ എം.എല്‍.എയും മകനുമടക്കം 11 പേര്‍ കൊല്ലപ്പെട്ടു. അരുണാചലലിലെ ടിരാപ് ജില്ലയിലാണ് എന്‍.എസ്.സി.എന്‍ (ഐ.എം) തീവ്രവാദികള്‍ ആക്രമണം നടത്തിയത്.

കോണ്‍റാഡ് സാങ്മയുടെ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി (എന്‍.പി.പി) എം.എല്‍.എയായ ടിരോങ് അബോയാണ് കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിനു മുന്‍പ് ഇതേ സംഘടനയുടെ വധഭീഷണി ലഭിച്ചിരുന്നതായി പോലീസ് അറിയിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം സംസ്ഥാനത്തു നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി കൂടിയാണ് അബോ.

ആസ്സാമില്‍ നിന്നും വാഹനവ്യൂഹവുമായി തിരികെവരുന്ന വഴിയായിരുന്നു അബോയ്ക്കു നേരെയുള്ള ആക്രമണം. മൂന്നു കാറുകളായിരുന്നു അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നത്. അതിലൊരു കാര്‍ ഓടിച്ചിരുന്നത് അബോയുടെ മകനാണ്. പ്രദേശത്ത് ആസ്സാം റൈഫിള്‍സ് തിരച്ചില്‍ ഈര്‍ജിതമാക്കി.

അരുണാചല്‍ മുഖ്യമന്ത്രി പെമാ ഖണ്ഡു ആക്രമണത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തി. ആക്രമണത്തെ അപലപിക്കുന്നതായി മേഘാലയ മുഖ്യമന്ത്രിയും എന്‍.പി.പി നേതാവുമായ കോണ്‍റാഡ് സാങ്മ ട്വീറ്റ് ചെയ്തു. ആക്രമണം നടത്തിയവര്‍ക്കെതിരേ ശക്തമായ നടപടിയെടുക്കണമെന്ന് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോദിയോടും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിനോടും ആവശ്യപ്പെട്ടു. മറുപടിയായി ശക്തമായ നടപടിയെടുക്കുമെന്ന് രാജ്‌നാഥ് സിങ് ട്വീറ്റ് ചെയ്തു. വടക്കുകിഴക്കന്‍ മേഖലയിലെ സമാധാനം തകര്‍ക്കാനുള്ള ശ്രമമാണിതെന്ന് അദ്ദേഹം പറഞ്ഞു.

ഖോന്‍സ നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള അംഗമാണ് അബോ. ഈ മണ്ഡലത്തില്‍ നിന്നാണ് അദ്ദേഹം ഇത്തവണയും മത്സരിച്ചത്.

We use cookies to give you the best possible experience. Learn more