| Thursday, 1st October 2020, 10:53 pm

അരുണാചല്‍ പ്രദേശ് ഇന്ത്യയുടെ ഭാഗം തന്നെ; കടന്നുകയറ്റത്തെ ശക്തമായി എതിര്‍ക്കുന്നു: ചൈനക്കെതിരെ അമേരിക്ക

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിംഗ്ടണ്‍: ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷം ശക്തമാകുന്നതിനിടെ ഇന്ത്യക്ക് പിന്തുണയുമായി അമേരിക്ക. ചൈനയുടെ നീക്കങ്ങളെ ശക്തമായ ഭാഷയില്‍ അപലപിച്ചുക്കൊണ്ടാണ് യു.എസ് രംഗത്തെത്തിയിരിക്കുന്നത്.

അരുണാചല്‍ പ്രദേശിനെ വര്‍ഷങ്ങളായി ഇന്ത്യയുടെ ഭാഗമായാണ് യു.എസ് അംഗീകരിച്ചിരുന്നതെന്നും നിയന്ത്രണരേഖ ലംഘിച്ചു നടത്തുന്ന കടന്നുകയറ്റങ്ങളെ ശക്തമായി എതിര്‍ക്കുന്നുവെന്നും യു.എസ് പറഞ്ഞു.

‘അരുണാചല്‍ പ്രദേശിനെ ഇന്ത്യയുടെ ഭാഗമായാണ് അറുപത് വര്‍ഷത്തോളമായി യു.എസ് കണക്കാക്കുന്നത്. മിലിട്ടറി ഉപയോഗിച്ചോ അല്ലാതെയോ നിയന്ത്രണരേഖ ലംഘിച്ച് നടത്തുന്ന ഏകപക്ഷീയമായ എല്ലാ കടന്നുകയറ്റങ്ങളെയും അതിശക്തമായി തന്നെ എതിര്‍ക്കുന്നു.’ യു.എസ് ഉന്നതോദ്യോഗസ്ഥന്‍ പറഞ്ഞതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കത്തില്‍ സൈനികനടപടികളിലേക്ക് നീങ്ങാതിരിക്കാന്‍ ചര്‍ച്ചയിലൂടെ പരിഹാരം കണ്ടെത്തണമെന്ന് യു.എസ് ആവശ്യപ്പെട്ടു. ഇന്ത്യയും ചൈനയും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ മുന്‍കൈയ്യെടുക്കാന്‍ തയ്യാറാണെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്‍പ് അറിയിച്ചിരുന്നെങ്കിലും ഇന്ത്യ നിരാകരിക്കുകയായിരുന്നു.

ഇന്ത്യയും ചൈനയും തമ്മില്‍ തര്‍ക്കം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഇരുരാജ്യങ്ങളും തമ്മില്‍ പലതവണ ചര്‍ച്ചകള്‍ നടത്തിയെങ്കിലും ഇതുവരെയും പരിഹാരം കാണാന്‍ സാധിച്ചിട്ടില്ല. ഇരുരാജ്യങ്ങളും അതിര്‍ത്തിയില്‍ സേനയെ വിന്യസിച്ചിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Arunachal Pradesh is part of India, USA support India in India-China boarder dispute

We use cookies to give you the best possible experience. Learn more