ന്യൂദല്‍ഹി: ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ കമ്പനിയായ ഷവോമിയുടെ വെതര്‍ ആപ്പ് സംബന്ധിച്ച് ഇന്ത്യയില്‍ വിവാദം. ഇന്ത്യയിലെ ഒരു സംസ്ഥാനം ഫോണിന്റെ വെതര്‍ ആപ്പില്‍ ഇല്ലാത്തതാണ് വിവാദത്തിനു കാരണമായത്. അരുണാചല്‍പ്രദേശിനെയാണ് ആപ്പില്‍ കാണാതായത്. തുടര്‍ന്ന് ഷവോമി ചൈനീസ് സര്‍ക്കാരുമായി ചേര്‍ന്ന് നടത്തിയ പദ്ധതിയാണെന്ന് വിമര്‍ശനവും ഉയര്‍ന്നു.
ഒടുവില്‍ വിഷയത്തില്‍ വിശദീകരണവുമായി കമ്പനി തന്നെ രംഗത്തെത്തി. ചില സാങ്കേതിക പ്രശ്‌നം മൂലമാണ് ഇങ്ങനെ സംഭവിച്ചതെന്നാണ് ഷവോമി ഇറക്കിയ ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നത്.
‘ ഇത് ഞങ്ങളുടെ അപ്ലിക്കേഷനിലെ ഒരു സാങ്കേതിക പിശകാണ്. ഉപയോക്താക്കള്‍ക്ക് മികച്ച അനുഭവം നല്‍കാന്‍ അപ്ലിക്കേഷന്‍ മെച്ചപ്പെടുത്തുന്നതിനായി ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ഇന്ത്യയോടും രാജ്യത്തുടനീളമുള്ള ഞങ്ങളുടെ ഉപയോക്താക്കള്‍ക്ക് മികച്ച ഉപയോക്ത അനുഭവം നല്‍കുന്നതിനും ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്,’ ഷവോമി ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ചൈനീസ് കമ്പനികള്‍ ഇന്ത്യയില്‍ വിലക്ക് ഭീഷണി നേരിടുന്ന സാഹചര്യത്തിലാണ് പുതിയ സംഭവം. നേരത്തെ 59 ചൈനീസ് ആപ്പുകള്‍ ഇന്ത്യയില്‍ നിരോധിച്ചിരുന്നു. ജൂണ്‍ 29 നാണ് സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി 59 ചൈനീസ് ആപ്പുകള്‍ ഇന്ത്യയില്‍ നിരോധിച്ചത്. ഗല്‍വാന്‍ താഴ്വരയില്‍ ഇന്ത്യ-ചൈന സൈനിക സംഘര്‍ഷം നടന്ന സാഹചര്യത്തിലായിരുന്നു നിരോധനം.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ