അരുണാചല്‍പ്രദേശ് സിവില്‍സര്‍വ്വീസ് പരീക്ഷ നടത്തിയത് പാകിസ്ഥാന്‍ സൈറ്റ് കോപ്പിയടിച്ച്; പ്രതിഷേധവുമായി ഉദ്യോഗാര്‍ത്ഥികള്‍
Civil Service Exam
അരുണാചല്‍പ്രദേശ് സിവില്‍സര്‍വ്വീസ് പരീക്ഷ നടത്തിയത് പാകിസ്ഥാന്‍ സൈറ്റ് കോപ്പിയടിച്ച്; പ്രതിഷേധവുമായി ഉദ്യോഗാര്‍ത്ഥികള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 12th December 2017, 4:10 pm

ഇറ്റാനഗര്‍: അരുണാചല്‍പ്രദേശിലെ സിവില്‍സര്‍വ്വീസ് പരീക്ഷക്ക് പാകിസ്താനിലെ ഗുജറാത്ത് പ്രവിശ്യയിലെ ഇലക്ഷനെപ്പറ്റിയുള്ള വിവരങ്ങള്‍ ചോദ്യങ്ങളായി എത്തി. അരുണാചല്‍പ്രദേശ് പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ നടത്തുന്ന കംബൈന്‍ഡ് ഗ്രാജ്യൂറ്റ് പരീക്ഷയിലാണ് പിഴവുകള്‍ കണ്ടെത്തിയത്.

ചോദ്യപേപ്പറിലെ പകുതിയിലധികം ചോദ്യങ്ങളും പാകിസ്ഥാനി വെബ്സൈറ്റില്‍ നിന്ന് കോപ്പിയടിച്ചതാണെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചു. 2008 ലെ യൂണിയന്‍പബ്ലിക് സര്‍വ്വീസ് പരീക്ഷയില്‍ നിന്നുള്ള ചോദ്യങ്ങളാണ് വ്യക്തമായ ഓപ്ഷനുകള്‍ പോലുമില്ലാതെ നല്‍കിയതെന്ന് വിദ്യാര്‍ഥികള്‍ പരാതിപ്പെട്ടു.

സോഷ്യോളജി, പൊളിറ്റിക്കല്‍ സയന്‍സ് എന്നീ വിഷയങ്ങളിലാണ് പിഴവ് വന്നിരിക്കുന്നത്. ആരോപണങ്ങളെത്തുടര്‍ന്ന് അന്വേഷണത്തിനായി നിയോഗിച്ച കമ്മീഷന്‍ പുന:പരീക്ഷ നടത്തണമെന്ന് പബ്ലിക് സര്‍വ്വീസ് കമ്മീഷന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

അരുണാചല്‍പ്രദേശ് പബ്ലിക് സര്‍വ്വീസ് കമ്മീഷനെതിരെ പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് പരാതികള്‍ ധാരാളം ഉണ്ടായിട്ടുണ്ട്. ഇതില്‍ നടപടിയെടുക്കേണ്ടത് അത്യാവശ്യമാണെന്ന സാമൂഹികപ്രവര്‍ത്തകന്‍ പാതെ തയും പറഞ്ഞു.

നേരത്തെയും സമാനമായ സംഭവങ്ങള്‍ കമ്മീഷന്റെ ഭാഗത്ത് നിന്ന ഉണ്ടായിട്ടുണ്ടെന്നാണ് ആരോപണങ്ങള്‍ ഉയരുന്നത്. 2015 ല്‍ ഇത്തരത്തില്‍ ക്രമക്കേടു നടത്തിയ നാലുദ്യോഗസ്ഥരെ പിരിച്ചുവിട്ടിരുന്നു. കമ്മീഷനുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥനിയമനത്തില്‍ ക്രമക്കേട് നടത്തിയ കേസില്‍ കമ്മീഷന്‍ അംഗങ്ങള്‍ ഇപ്പോള്‍ തടവിലുമാണ്.