| Tuesday, 21st May 2019, 3:18 pm

അരുണാചലില്‍ മുഖംമൂടി ധരിച്ചെത്തിയ സംഘം തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ ആക്രമിച്ചു; ഇ.വി.എമ്മുകള്‍ തട്ടിക്കൊണ്ടു പോയി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇറ്റാനഗര്‍: അരുണാചലിലെ കുറുങ് കുമെ ജില്ലയില്‍ റീപോളിങ് നടക്കുന്ന സ്ഥലത്തേക്ക് പോവുന്നതിനിടെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നേരെ ആക്രണം. മുഖം മൂടി ധരിച്ചെത്തിയ അഞ്ഞൂറംഗ സംഘമാണ് ആക്രമണം നടത്തിയത്. അക്രമികള്‍ ബി.ജെ.പി സഖ്യകക്ഷിയായ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി അംഗങ്ങളാണെന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് അരുണാചല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

കൊലോറിയാങ് മണ്ഡലത്തിലെ നാമ്പെയിലാണ് ചൊവ്വാഴ്ച റീപോളിങ് നടക്കേണ്ടിയിരുന്നത്.

തിങ്കളാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് ആക്രമണമുണ്ടായതെന്ന് നാമ്പെ മജിസ്‌ട്രേറ്റ് റിഡോ താരക് സമര്‍പ്പിച്ച എഫ്.ഐ.ആറില്‍ പറയുന്നു. എ.കെ 47 തോക്കുകളടക്കം ഉപയോഗിച്ചായിരുന്നു ആക്രമണമെന്നും എഫ്.ഐ.ആര്‍ പറയുന്നു.

തുടര്‍ന്ന് ഉദ്യോഗസ്ഥരോട് ഇ.വി.എമ്മുകള്‍ നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്ന് മറ്റൊരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഉദ്യോഗസ്ഥര്‍ സുരക്ഷിതമായി കൊലോറിയാങില്‍ തിരിച്ചെത്തിയതായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു. ആക്രമണം നേരിടേണ്ടി വന്നെങ്കിലും തെരഞ്ഞെടുപ്പുമായി മുന്നോട്ടു പോകുമെന്നും മറ്റൊരു സംഘത്തെ നാമ്പെയിലേക്ക് അയച്ചതായും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നതിനാലാണ് ഇവിടെ റീപോളിങ്ങിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടത്. അരുണാചലിലെ 60 അംഗ നിയമസഭയില്‍ 16 സീറ്റുകളുള്ള പാര്‍ട്ടിയാണ് നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി.

Latest Stories

We use cookies to give you the best possible experience. Learn more