[]ന്യൂദല്‍ഹി: കടലാസ് വിസയുടെ പേരില്‍ അരുണാചല്‍ പ്രദേശ് ആര്‍ച്ചറി താരങ്ങള്‍ക്ക് ചൈന യാത്ര നിഷേധിച്ചു.
ചൈനയില്‍ യൂത്ത് വേള്‍ഡ് ആര്‍ച്ചറി ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ ടീമിലെ അംഗങ്ങളായ മാസിലൊ മിഹു, സുരഗ് യുമി എന്നീ ആര്‍ച്ചറി താരങ്ങള്‍ക്കാണ് ചൈനയിലേക്കുള്ള യാത്ര നിഷേധിച്ചത്.
ചൈനീസ് എംബസിയാണ് ഇരുവര്‍ക്കും പേപ്പര്‍ വിസ നല്‍കിയത്. കടലാസ് വിസയുടെ പേരില്‍ യാതൊരു പ്രശ്‌നവും ഉണ്ടാകില്ലെന്നും പറഞ്ഞിരുന്നു.
എന്നാല്‍ ഇതില്‍ നിന്നും വിരുദ്ധ നടപടിയാണ് ചൈനീസ് എയര്‍ലൈന്‍ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് ആര്‍ച്ചറി അസോസിയേഷന്‍ വൈസ് പ്രസിഡന്റ് വി.കെ മല്‍ഹോത്ര പറഞ്ഞു.
ചൈനീസ് എയര്‍ലൈന്‍ അധികൃതര്‍ ഇവരുടെ ചൈനയിലേക്കുള്ള യാത്ര തടഞ്ഞപ്പോഴാണ് കടലാസ് വിസയുടെ കാര്യം പുറത്ത് വന്നത്.
ചൈനയിലേക്ക് യാത്ര തിരിക്കാനായി ടീമിനൊപ്പം ഇന്ദിരാ ഗാന്ധി വിമാനത്താവളത്തില്‍ എത്തിയപ്പോഴായിരുന്നു യാത്രാ നിഷേധിച്ചത്.
രണ്ടുപേരും ഇപ്പോള്‍ തലസ്ഥാനത്തെ ഗസ്റ്റ് ഹൗസിലാണുള്ളത്. ചൈനയുടെ നടപടി അരുണാചല്‍ മുഖ്യമന്ത്രി നബാം ടുക്കി വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദിന്റെ ശ്രദ്ധയില്‍പ്പെടുത്തി.
ചൈനയുമായുള്ള വ്യാപാര ബന്ധം ബഹിഷ്‌കരിക്കണമെന്ന് ചൈനയോട് അതൃപ്തി പ്രകടിപ്പിച്ചുകൊണ്ട് അരുണാചല്‍ പ്രദേശ് എം.പി നൈനോങ് എറിങ് പറഞ്ഞു.
അരുണാചല്‍ പ്രദേശ് തര്‍ക്ക പ്രദേശമാണെന്ന് ചൈന നേരത്തെ വ്യക്തമാക്കിയിരുന്നു. ചൈനയിലെ ഫുജിയാന്‍ പ്രവശ്യയില്‍ നടക്കുന്ന ഭാരോദ്വാഹന മത്സരത്തില്‍ പങ്കെടുക്കാന്‍ രണ്ട് കായിക താരങ്ങള്‍ക്ക് ചൈന നേരത്തെ കടലാസ് വിസ നല്‍കിയിരുന്നു.
ഇന്ത്യയുടെ അരുണാചല്‍ പ്രദേശ് തങ്ങളുടെ തെക്കന്‍ ടിബറ്റ് ആണെന്നാണ് ചൈനയെുടെ വാദം. ഇക്കാര്യത്തില്‍ തങ്ങളുടെ നിലപാട് ഉറച്ചതാണെന്നും അതിര്‍ത്തിത്തര്‍ക്കത്തില്‍ കിഴക്കന്‍ മേഖലയിലെ ഈ പ്രദേശവും ഉള്‍പ്പെടുന്നതായി ഇന്ത്യക്ക് അറിയാമെന്നും ചൈനയുടെ വിദേശ കാര്യമന്ത്രാലയവക്താവ് വ്യകത്മാക്കിയിരുന്നു.
അരുണാചല്‍ തങ്ങളുടെ ഭാഗമായതിനാല്‍ ഇവിടെ നിന്നുള്ളവര്‍ക്ക് വിസ വേണ്ടെന്നായിരുന്നു ഇതുവരെ ചൈന പറഞ്ഞിരുന്നത്.