|

മതംമാറ്റ വിരുദ്ധ നിയമവുമായി ബി.ജെ.പി സർക്കാർ; അരുണാചൽ പ്രദേശിൽ പ്രക്ഷോഭത്തിന് ക്രിസ്ത്യൻ സംഘടന

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇറ്റാനഗർ: അരുണാചൽ പ്രദേശ് മതംമാറ്റ വിരുദ്ധ നിയമം (1978) നടപ്പാക്കാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധിച്ച് ക്രിസ്ത്യൻ സംഘടന. നിയമത്തിനെതിരെ ഫെബ്രുവരി 10 മുതൽ 17 വരെ സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കാൻ അരുണാചൽ ക്രിസ്ത്യൻ ഫോറം (എ.സി.എഫ്) തീരുമാനിച്ചു. ഫെബ്രുവരി 10 മുതൽ 17 വരെ പ്രാർത്ഥനാനാവാരവും ഉപവാസം നടത്തും, ഒപ്പം കൂട്ടപ്രാർഥനയുമുണ്ടാകും. നിയമം പരിഗണനക്ക് വെക്കുമെന്ന് കരുതുന്ന മാർച്ച് ആറിന് നിയമസഭ ഘരാവോ ചെയ്യും നിയമം നടപ്പാക്കാനുള്ള ചട്ടങ്ങൾ ഉടൻ രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി പേമ ഖണ്ഡു പ്രഖ്യാപിച്ചിരുന്നു.

ഇത് ഭരണഘടനാ വിരുദ്ധവും മതപരമായ അവകാശങ്ങളുടെ മേലുള്ള ലംഘനവുമാണെന്ന് അരുണാചൽ ക്രിസ്ത്യൻ ഫോറം പറഞ്ഞു. 46 വർഷങ്ങൾക്ക് മുമ്പ് 1978ൽ മുൻ മുഖ്യമന്ത്രി പി. കെ. തുങ്കോണിന്റെ കാലത്താണ് ഈ നിയമം കൊണ്ടുവന്നത്. 1978 ഒക്ടോബർ 25ന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചെങ്കിലും ചട്ടം രൂപീകരിച്ചിരുന്നില്ല.

പ്രലോഭനത്തിലൂടെയോ വഞ്ചനാപരമായ മാർഗങ്ങളിലൂടെയോ ഉള്ള നിർബന്ധിത മതപരിവർത്തനം നിരോധിക്കാൻ ശ്രമിക്കുന്നതാണീ നിയമം. നിയമലംഘനങ്ങൾക്ക് രണ്ട് വർഷം വരെ തടവും 10,000 രൂപ വരെ പിഴയും ലഭിക്കുന്നതാണ്.

നിയമം പ്രാബല്യത്തിൽ വരുന്നതിനെ ഫോറം എതിർക്കുന്നുണ്ടെന്നും അത് നടപ്പിലാക്കാനുള്ള സർക്കാരിന്റെ നീക്കത്തെ ശക്തമായി എതിർക്കണമെന്നും ബുധനാഴ്ച അരുണാചൽ പ്രസ് ക്ലബ്ബിൽ നടന്ന പത്രസമ്മേളനത്തിൽ എ.സി.എഫ് പ്രസിഡന്റ് തർ മിരി പറഞ്ഞു.

‘പ്രതിഷേധത്തിന്റെ ഭാഗമായി, ഫെബ്രുവരി 10 മുതൽ 17 വരെ സംസ്ഥാനവ്യാപകമായി പ്രാർത്ഥനയുടെയും ഉപവാസത്തിന്റെയും ആഴ്ചയായി പ്രഖ്യാപിക്കുകയാണ്. ക്രിസ്ത്യൻ സമൂഹം അത് ആചരിക്കണം. ഈ കാലയളവിൽ ജന്മദിനങ്ങളോ പിക്നിക്കുകളോ ഉൾപ്പെടെയുള്ള ആഘോഷങ്ങളൊന്നും നടത്തരുത്,’ തർ മിരി പറഞ്ഞു.

ഈ നിയമം വ്യക്തികളുടെ മതം ആചരിക്കാനുള്ള സ്വാതന്ത്ര്യത്തെ തടയുക എന്ന ലക്ഷ്യത്തോടെയുള്ളതാണെന്ന് മിരി അവകാശപ്പെട്ടു. ‘നാല് പതിറ്റാണ്ടുകൾക്ക് മുമ്പുള്ള നിയമത്തിനെതിരായ ഞങ്ങളുടെ പ്രതിഷേധം പ്രകടിപ്പിക്കുന്നതിനാണ് ഞങ്ങൾ പരിപാടികൾ തയ്യാറാക്കിയിരിക്കുന്നത്,’ 46 വർഷം പഴക്കമുള്ള നിയമത്തെക്കുറിച്ചുള്ള എ.സി.എഫിന്റെ ആശങ്കകളോടും എതിർപ്പിനോടും സംസ്ഥാന സർക്കാർ നിസ്സംഗത പുലർത്തിയെന്നും മിരി കൂട്ടിച്ചേർത്തു.

കഴിഞ്ഞ വർഷം ഡിസംബറിൽ, മതസ്വാതന്ത്ര്യ നിയമം നിയമങ്ങൾ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. 2024 സെപ്റ്റംബർ മുതൽ ആറ് മാസത്തിനുള്ളിൽ നിയമത്തിന്റെ കരട് നിയമങ്ങൾ അന്തിമമാക്കാൻ ഗുവാഹത്തി ഹൈക്കോടതിയുടെ ഇറ്റാനഗർ ബെഞ്ച് സംസ്ഥാന സർക്കാരിനോട് നിർദേശിച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.

Content Highlight: Arunachal Christian body to protest implementation of Freedom of Religion Act

Video Stories