'പാട്ട് പാടിയാല്‍ ജാതി ചോദിക്കുമായിരുന്നു'; അന്ന് കണ്ണീര്‍ വീണ അതേ വേദിയില്‍ അരുണക്ക് ഒന്നാം സ്ഥാനം
Entertainment news
'പാട്ട് പാടിയാല്‍ ജാതി ചോദിക്കുമായിരുന്നു'; അന്ന് കണ്ണീര്‍ വീണ അതേ വേദിയില്‍ അരുണക്ക് ഒന്നാം സ്ഥാനം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 27th June 2023, 11:42 am

കഴിഞ്ഞ ഫെബ്രുവരിയില്‍ തമിഴ് റിയാലിറ്റി ഷോയില്‍ താന്‍ നേരിട്ട ജാതി വിവേചനത്തെ പറ്റി കണ്ണീരോടെ സംസാരിക്കുന്ന മത്സരാര്‍ത്ഥിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.

വിജയ് ടി.വിയിലെ സൂപ്പര്‍ സിങ്ങര്‍ എന്ന റിയാലിറ്റി ഷോയിലെ മത്സരാര്‍ത്ഥിയായ അരുണയാണ് നേരിട്ട ദുരനുഭവങ്ങള്‍ തുറന്നുപറഞ്ഞത്. ക്ഷേത്രങ്ങളില്‍ പാടാന്‍ പോവുമ്പോള്‍ ആളുകള്‍ ജാതി ചോദിക്കാറുണ്ടെന്നും പുറത്ത് പറഞ്ഞാല്‍ പാടുന്നതില്‍ നിന്നും വിലക്കുമോയെന്ന് ഭയമാണെന്നുമാണ് അരുണ പറഞ്ഞത്.

അന്ന് ആ കണ്ണീര്‍ വീണ അതേ വേദിയില്‍ ഇന്നലെ വിരിഞ്ഞത് അരുണയുടെ പുഞ്ചിരിയാണ്. സൂപ്പര്‍ സിങ്ങര്‍ ഫൈനല്‍ റൗണ്ടില്‍ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് അരുണ. 60 ലക്ഷം രൂപയുടെ വീടും പത്ത് ലക്ഷം രൂപയുമാണ് സമ്മാനമായി അരുണക്ക് ലഭിക്കുക.

മുഖ്യാതിഥിയായ സംഗീത സംവിധായകന്‍ ഹാരിസ് ജയരാജാണ് അരുണക്ക് ട്രോഫി കൈമാറിയത്. പ്രിയ ജെഴ്‌സണ്‍, പ്രസന്ന എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കിയത്.

റിയാലിറ്റി ഷോയുടെ മുമ്പത്തെ എപ്പിസോഡില്‍ ജാതി വിവേചനത്തിനിടയിലും റിയാലിറ്റി ഷോയുടെ വേദിയിലേക്ക് എത്താന്‍ അനുഭവിച്ച കഷ്ടപ്പാടുകള്‍ അരുണ പറഞ്ഞിരുന്നു. ‘പാട്ട് പഠിച്ച് ക്ഷേത്രങ്ങളില്‍ പോയി പാടാന്‍ തുടങ്ങി. പാടിക്കഴിഞ്ഞാല്‍ ഉടനെ എല്ലാവരും ചോദിക്കുന്നത് നിങ്ങള്‍ ഏത് ജാതിയാണെന്നാണ്. അത് വളരെ കഷ്ടമാണ്. അത് പുറത്ത് പറഞ്ഞാല്‍ ഇനി പാടാന്‍ സമ്മതിക്കില്ല എന്ന ഭയം വരും. അതൊന്നും പുറത്ത് പറയാതെ ഒളിച്ചാണ് ഇവിടെ വരെ എത്തിയത്,’ അരുണ പറഞ്ഞു.

ഈ എപ്പിസോഡില്‍ അതിഥിയായി എത്തിയ നടന്‍ ബാലാജി അരുണയെ പിന്തുണച്ച് സംസാരിച്ചിരുന്നു. ഇന്ന ജാതിയിലുള്ള ആളുകള്‍ മാത്രമേ പാട്ട് പാടാന്‍ സാധിക്കുകയുള്ളൂ എന്നൊന്നില്ല, അങ്ങനെയൊന്നുണ്ടെങ്കില്‍ അതിനെ നിങ്ങള്‍ തകര്‍ത്തു കളഞ്ഞു, നിങ്ങള്‍ ഒരു പ്രചോദനമാണ്, എന്നാണ് ബാലാജി പറഞ്ഞത്. അനുരാധ ശ്രീറാം, പി. ഉണ്ണികൃഷ്ണന്‍, ശ്വേത മോഹന്‍, ബെന്നി ദയാല്‍ എന്നിവരാണ് റിയാലിറ്റി ഷോയില്‍ ജഡ്ജസായി ഇരുന്നത്.

വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ നിരവധി പേരാണ് അരുണയെ പിന്തുണച്ച് രംഗത്ത് എത്തിയത്.

Content Highlight:  Aruna raveendran finished first in the super singer final round