നിങ്ങളുടെ വായമൂടിക്കെട്ടാനുള്ള മോദിയുടെ ശ്രമങ്ങളെ ഇങ്ങനെയാണ് ചെറുക്കേണ്ടത്: മാധ്യമപ്രവര്‍ത്തകര്‍ക്ക് അരുണ്‍ഷൂരിയുടെ എട്ട് നിര്‍ദേശങ്ങള്‍
national news
നിങ്ങളുടെ വായമൂടിക്കെട്ടാനുള്ള മോദിയുടെ ശ്രമങ്ങളെ ഇങ്ങനെയാണ് ചെറുക്കേണ്ടത്: മാധ്യമപ്രവര്‍ത്തകര്‍ക്ക് അരുണ്‍ഷൂരിയുടെ എട്ട് നിര്‍ദേശങ്ങള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 12th June 2017, 2:49 pm

ന്യൂദല്‍ഹി: മാധ്യമ സ്വാതന്ത്ര്യത്തിനുവേണ്ടിയുളള പോരാട്ടത്തില്‍ മന്ത്രിമാരെ ബഹിഷ്‌കരിക്കാന്‍ മാധ്യമപ്രവര്‍ത്തകരോട് ആഹ്വാനം ചെയ്ത് മുന്‍ ബി.ജെ.പി നേതാവും ഇന്ത്യന്‍ എക്‌സ്പ്രസിന്റെ മുന്‍ എഡിറ്ററും വാജ്‌പേയ് മന്ത്രിസഭയിലെ അംഗവുമായ അരുണ്‍ ഷൂരി. എന്‍.ഡി.ടി.വി സ്ഥാപകന്‍ പ്രണോയ് റോയിയുടെ വീടുകളില്‍ സി.ബി.ഐ റെയ്ഡിനെതിരെ പ്രതിഷേധിച്ചുകൊണ്ട് പ്രസ് ക്ലബ് ഓഫ് ഇന്ത്യ സംഘടിപ്പിച്ച യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാധ്യമങ്ങള്‍ക്കും പ്രമുഖ മാധ്യമപ്രവര്‍ത്തകര്‍ക്കും മേല്‍ “പ്രത്യക്ഷമായ സമ്മര്‍ദ്ദം” ചെലുത്താനുള്ള സര്‍ക്കാര്‍ ശ്രമമാണ് സി.ബി.ഐയുടെ റെയ്ഡ് എന്നു പറഞ്ഞ അദ്ദേഹം മാധ്യമ സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ ഒരുമിച്ചുനിന്ന് മന്ത്രിമാരെ ബഹിഷ്‌കരിക്കണമെന്നും ആവശ്യപ്പെട്ടു.

ജനജീവിതത്തിന്റെ എല്ലാ മേഖലകളിലും സര്‍വ്വാധിപത്യം നേടുകയെന്നതാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പരസ്പരം കുറ്റം കണ്ടുപിടിച്ച് ആക്രമിക്കുന്നതിനു പകരം മാധ്യമപ്രവര്‍ത്തകരെ ഭിന്നിപ്പിക്കാനുളള കേന്ദ്രസര്‍ക്കാര്‍ ശ്രമങ്ങളെ ഒരുമിച്ചു നിന്ന് പ്രതിരോധിക്കുകയാണ് വേണ്ടെതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇത്തരം ആക്രമണങ്ങളെ ചെറുക്കാന്‍ മാധ്യമങ്ങള്‍ക്ക് മാര്‍ഗങ്ങളും അദ്ദേഹം വിശദീകരിച്ചു.

അരുണ്‍ഷൂരിയുടെ നിര്‍ദേശങ്ങള്‍:

1. ഒരുമിച്ചു നില്‍ക്കുക

പരസ്പരം വിധിയെഴുതുന്നതിനുള്ള സമയമല്ല ഇത്. നിങ്ങള്‍ നിങ്ങളുടെ സുഹൃത്തിനെ പിന്തുണയ്ക്കുകയും സഹായിക്കുകയും ചെയ്യണം. കാരണം നിങ്ങള്‍ക്കിടയില്‍ ചില കാര്യങ്ങള്‍ കുത്തിനിറച്ച് ഭിന്നിപ്പുണ്ടാക്കാന്‍ അവര്‍ ശ്രമിക്കും. അവര്‍ ചില മാധ്യമങ്ങളെ ഉപയോഗിച്ച് മറ്റുള്ളവയെ കുറ്റപ്പെടുത്താന്‍ ശ്രമിക്കും. അതുകൊണ്ട് ഒരിക്കലും അതിനുള്ള അവരുടെ ഉപകരണമായി മാറാതിരിക്കുക. അതിനാല്‍ ഒത്തൊരുമിച്ച് നില്‍ക്കുക.

നമ്മുടെ സഹപ്രവര്‍ത്തകര്‍ നമുക്കൊപ്പം നില്‍ക്കുന്നില്ല എന്നതിനപ്പുറം ഒരാളെ തളര്‍ത്തുന്ന മറ്റൊന്നുമില്ലെന്ന് എനിക്കു ഉറപ്പിച്ചു പറയാനാവും. സിവില്‍ സര്‍വ്വീസില്‍ ഞാനിതു കണ്ടതാണ്. സിവില്‍ സര്‍വ്വീസില്‍ അവസാനം ഉത്തരവിട്ടിരിക്കുന്ന മൂന്ന് സി.ബി.ഐ അന്വേഷണങ്ങളും എനിക്കു കീഴില്‍ എടുത്ത തീരുമാനങ്ങളുടെ പേരിലാണ്. തീരുമാനങ്ങള്‍ എടുത്തത് ഞാനാണെന്നും സിവില്‍ സര്‍വ്വന്റുകള്‍ ഉത്തരവാദികളല്ലെന്നും ഞാന്‍ സി.ബി.ഐയെ അറിയിച്ചു. പക്ഷെ മറ്റു സിവില്‍ സര്‍വന്റുകള്‍ ആരോപണവിധേയര്‍ക്കൊപ്പം നിലകൊണ്ടില്ല എന്നത് അവരെ തളര്‍ത്തി. അതുകൊണ്ടുതന്നെ ഈ ഘട്ടത്തില്‍ നമ്മള്‍ മാധ്യമപ്രവര്‍ത്തകര്‍ പരസ്പരം ഒരുമിച്ചു നില്‍ക്കണം.

പക്ഷെ എനിക്കു പറയാനുള്ളത്, എന്റെ സഹപ്രവര്‍ത്തകര്‍ ഇക്കാര്യത്തില്‍ വലിയ ബോധവാന്മരല്ല എന്നുള്ളതാണ് എന്റെ വിഷമം. കഴിഞ്ഞദിവസം യാദൃശ്ചികമായി ഞാന്‍ ജെയ്പൂരില്‍ ഒരു ജേണലിസ്റ്റ് മീറ്റില്‍ പങ്കെടുക്കുകയുണ്ടായി. അവിടെ വെച്ച് രാജസ്ഥാന്‍ പത്രികയ്‌ക്കെതിരെ നടക്കുന്ന ആക്രമണത്തെയും സാമ്പത്തിക നഷ്ടത്തെയും കുറിച്ച് മനസിലാക്കാനായിടയായി. ദല്‍ഹിയിലെ ശരാശരി പത്രവായനക്കാരനായിട്ടും അതിനെക്കുറിച്ച് ഞാന്‍ അറിഞ്ഞിരുന്നില്ല.

2. സമ്മര്‍ദ്ദത്തെ എതിരിടാന്‍ സോഷ്യല്‍ മീഡിയയെയും വിദേശമാധ്യമങ്ങളെയും ഉപയോഗിക്കുക

നമ്മള്‍ എല്ലാതരം ആക്രമണങ്ങളെയും നിരീക്ഷിക്കണം. അത് പ്രണോയ് റോയിയെപ്പോലുള്ള പ്രമുഖര്‍ക്കുനേരെയുള്ളതു മാത്രമല്ല എല്ലാതരത്തിലുള്ളവര്‍ക്കുനേരെയുള്ളതും. കാരണം ഇങ്ങനെയാണ് രാജ്യത്ത് ഭയം വിതയ്ക്കുന്നത്. സര്‍ക്കാര്‍ ഇതിന്റെ പ്രതികരണം നിരീക്ഷിക്കും. നിങ്ങള്‍ മനസിലാക്കേണ്ട, ഉറപ്പിക്കേണ്ട ഒരു കാര്യം ഇവിടെക്കൂടിയവരില്‍ ഒട്ടേറെപ്പേരെ സര്‍ക്കാര്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ് എന്നതാണ്.

സോഷ്യല്‍ മീഡിയകളിലും അവര്‍ സജീവമാണ്. മോദിക്ക് വലിയൊരു ടീം തന്നെയുണ്ട്. ട്വിറ്ററില്‍ എന്താണ് നടക്കുന്നത്, ഫേസ്ബുക്കില്‍ എന്താണ് നടക്കുന്നത് എന്ന് അവര്‍ നിരീക്ഷിച്ചിട്ടുകൊണ്ടിരിക്കുകയാണ്. അവിടെ നിങ്ങള്‍ ഒരുമിച്ചു നില്‍ക്കുന്നത് കാണുമ്പോള്‍, രവീഷ് കുമാറിനെപ്പോലുള്ള ധീരരെ കാണുമ്പോള്‍, തങ്ങള്‍ക്ക് തെറ്റുസംഭവിച്ചു എന്നവര്‍ തിരിച്ചറിയും. അവര്‍ തിരിച്ചടിക്കാന്‍ മാര്‍ഗങ്ങള്‍ തേടും.

തങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത ആര്‍ക്കെതിരെയും നുണകളും അധിക്ഷേപങ്ങളും പ്രചരിപ്പിക്കാന്‍ സര്‍ക്കാര്‍ സോഷ്യല്‍ മീഡിയയെ ഉപയോഗിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായി നിങ്ങള്‍ ആ നുണ പ്രചരണങ്ങളെ എതിര്‍ക്കണം. കാരണം പ്രധാനമന്ത്രിയുടെ ഓഫീസില്‍ ഹിരണ്‍ ജോഷി എന്ന പയ്യന്റെ നേതൃത്വത്തില്‍ വലിയൊരു ടീം തന്നെയുണ്ട് ഇതിനുവേണ്ടി. അയാളുടെ ഒരേയൊരു പണി സോഷ്യല്‍ മീഡിയ നിരീക്ഷിച്ച് പ്രധാനമന്ത്രിയെ വിവരങ്ങള്‍ അറിയിക്കുകയെന്നതു മാത്രമാണ്. അദ്ദേഹം അക്കാര്യത്തില്‍ വളരെ സെന്‍സിറ്റീവാണ്. അതാണ് അയാളുടെ ബലഹീനത. പ്രത്യേകിച്ച് വിദേശ മാധ്യമങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍. അതുകൊണ്ട് ഇവിടെ നടക്കുന്ന എല്ലാ സംഭവങ്ങളും വിദേശ മാധ്യമങ്ങളെ അറിയിക്കാന്‍ സോഷ്യല്‍ മീഡിയകളെ ഉപയോഗിക്കുക. നിങ്ങള്‍ നിരീക്ഷിക്കുന്നത് നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന സര്‍ക്കാറിനെ അറിയിക്കാനും സോഷ്യല്‍ മീഡിയ ഉപയോഗിക്കുക.

3. തെറ്റായ “നിഷ്പക്ഷത”യെ കരുതിയിരിക്കുക

നമ്മള്‍ സര്‍ക്കാറിനെ സഹായിക്കുന്ന ഒരു രീതിയുണ്ട്. മാധ്യമപ്രവര്‍ത്തകരെ സംബന്ധിച്ച് അവര്‍ ഒരുവാര്‍ത്തയുടെ ഇരുഭാഗവും എന്നു പറഞ്ഞ് നല്‍കുന്ന കാര്യം. പ്രണോയ് റോയിയുടെ അടുത്ത് പോയി “സര്‍ എന്താണ് വസ്തുത?” എന്നു ചോദിക്കും. എന്നിട്ട് സി.ബി.ഐയുടെ അടുത്ത് പോയി ” എന്താണ് വസ്തുത?” എന്ന് അവരോടും ചോദിക്കും.

ഇതാണ് “നിഷ്പക്ഷത”യുടെ രീതി. തീക്കൊളുത്തുന്നയാള്‍ക്കും, അതിനെ എതിരിടുന്നയാള്‍ക്കും നടുവില്‍ നില്‍ക്കല്‍. ഈ രീതിയിലാണ് സര്‍ക്കാര്‍ നിങ്ങളെ ഉപയോഗിക്കുക. അതിനാല്‍ നിങ്ങള്‍ അതിനെ പ്രതിരോധിക്കണം. അതുകൊണ്ട് തന്നെ നിങ്ങള്‍ ഇതിലേറെ മുന്നോട്ടുപോയി വിവരങ്ങള്‍ ശേഖരിക്കണം.

4. വിവരാവകാശ നിയമത്തില്‍ വെള്ളം ചേര്‍ക്കാനനുവദിക്കരുത്

വിവരാവകാശ നിയമത്തില്‍ വെള്ളം ചേര്‍ക്കുന്നത് ഒരു സമൂഹമെന്ന നിലയില്‍ നമ്മള്‍ എതിര്‍ക്കാത്തത്് ദൗര്‍ഭാഗ്യകരമാണ്. വിവരാവകാശ നിയമം ഉപയോഗിച്ച് സര്‍ക്കാറില്‍ നിന്നും വിവരങ്ങള്‍ ചൂണ്ടിയെടുക്കുന്നതില്‍ തങ്ങള്‍ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് രാജ് കമല്‍ ഝാ (ഇന്ത്യന്‍ എക്‌സ്പ്രസ്), കുല്‍ദീപ് ജിയും നിഹാല്‍ സിങ്ങും എന്നോടു പറഞ്ഞത്. പക്ഷെ രാജ് പറഞ്ഞത് എല്ലാ അപേക്ഷകളും ആദ്യഘട്ടത്തില്‍ തള്ളുകയാണെന്നാണ്. അപ്പീല്‍ നല്‍കിയാല്‍, മാസങ്ങള്‍ നമ്മള്‍ പിന്നാലെ നടന്നാല്‍ മാത്രമേ വളച്ചൊടിച്ച അല്ലെങ്കില്‍ ഭാഗികമായ വിവരങ്ങള്‍ ലഭ്യമാകൂ. പക്ഷെ മാധ്യമങ്ങളിലൂടെ നമ്മള്‍ ഈ വസ്തുത തുറന്നുകാട്ടുന്നില്ല. നമുക്ക് ലഭിച്ച ഏറ്റവും വിലപ്പെട്ട അവകാശങ്ങളിലൊന്നാണ് ആര്‍.ടി.ഐ.

അഭിപ്രായ സ്വാതന്ത്ര്യത്തിനു പുറമേ വിവരങ്ങളുടെ ഒഴുക്കിനെതിയെുള്ള യാതൊരു കടന്നുകകയറ്റവും അനുവദിക്കരുത്. ഒരു ഓര്‍മ്മപ്പെടുത്തലെന്ന തരത്തില്‍ ജസ്റ്റിസ് ഭഗവതി പറഞ്ഞിട്ടുണ്ട് , “എന്റെ കയ്യില്‍ വിവരമുണ്ടെങ്കില്‍ മാത്രമേ എനിക്കു സംസാരിക്കാനാവൂ” എന്ന്. അതുകൊണ്ടുതന്നെ വിവരങ്ങള്‍ ശേഖരിക്കാനും നേടിയെടുക്കാനുമുള്ള സ്വാതന്ത്ര്യമുണ്ടാവണം.
5. സര്‍ക്കാറിനെ പ്രീതിപ്പെടുത്തുന്നത് സമാധാനം നിലനിര്‍ത്തുമെന്ന ചിന്ത വേണ്ട
സര്‍ക്കാറിനെ പ്രീതിപ്പെടുത്തുന്നത് മാധ്യമ സ്ഥാപനങ്ങളെ നല്ലരീതിയില്‍ മുന്നോട്ടുകൊണ്ടുപോകാന്‍ സഹായിക്കുമെന്ന് കരുതരുത്. ചില മാധ്യമപ്രവര്‍ത്തകര്‍ ഇതിനു കീഴ്‌പ്പെടുന്നു എന്നു ഞാന്‍ കഴിഞ്ഞ മൂന്നാലുവര്‍ഷം കൊണ്ട് മനസിലാക്കിയിട്ടുണ്ട്.

ചെറിയ ചില ഇളവുകള്‍ നിങ്ങളുടെ മാധ്യമസ്ഥാപനത്തിന് നല്ലതുകൊണ്ടുവരും എന്ന ചിന്തയില്‍ സ്വയം വീഴരുത്. ഈ മന്ത്രിമാരില്‍ ചിലരുടെ ലേഖനങ്ങള്‍ക്ക് നിങ്ങള്‍ വലിയ പ്രാധാന്യം നല്‍കിയാല്‍ അല്ലെങ്കില്‍ കൂടുതല്‍ എയര്‍ടൈം നല്‍കിയില്‍ അവര്‍ പ്രതിസന്ധിയില്‍ നിങ്ങളെ തുണയ്ക്കുമെന്നാണ് നിങ്ങളില്‍ പലരുടെയും ധാരണ.

വെങ്കയ്യ നായിഡു എന്റെ സുഹൃത്താണ്. ഇന്ത്യന്‍ എക്‌സ്പ്രസ് അദ്ദേഹത്തിനു അനുവദിച്ചത് ഒരു പേജിന്റെ നാലില്‍ മൂന്ന് ഭാഗമാണ്. വെങ്കയ്യ നാഡിയുവിന്റെ ആര്‍ട്ടിക്കിളിനു നല്‍കുന്നത്ര സ്ഥലം കുല്‍ദീപ് നയ്യാര്‍ എനിക്ക് ഒരിക്കലും തന്നിരുന്നില്ല. ഇപ്പോള്‍ നിങ്ങള്‍ വെങ്കയ്യ നായിഡുവിന് മൂന്നാം ക്ലാസിലെ നോട്ട് പുസ്തകം നല്‍കി ഒരുപേജ് എങ്കിലും മുഴുവന്‍ ആക്കാന്‍ പറഞ്ഞാല്‍ അദ്ദേഹത്തിന് കഴിയില്ല.

അദ്ദേഹത്തിന് എഴുതാന്‍ അറിയില്ല എന്ന് നിങ്ങള്‍ക്ക് അറിയാമായിരുന്നിട്ടും എന്തിനാണ് നിങ്ങള്‍ അയാളുടെ ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുന്നത്? കാരണം നിങ്ങള്‍ കരുതുന്നത് അയാള്‍ക്ക് ആ സ്ഥലം നല്‍കി, അല്ലെങ്കില്‍ എയര്‍ടൈം നല്‍കി നിങ്ങള്‍ക്ക് സമാധാനം വാങ്ങാമെന്നാണ്. ഇല്ല, നിങ്ങള്‍ക്കെതിരെ ഒരു ആക്രമണമുണ്ടാവുമ്പോള്‍ ഇവരൊന്നും നിങ്ങളെ സഹായിക്കില്ല.

സര്‍ക്കാറിനെ നിയന്ത്രിക്കുന്നത് രണ്ടരയാളുകളാണെന്ന വസ്തുത നിങ്ങള്‍ മനസിലാക്കണം. ഈ മന്ത്രിമാര്‍ക്കൊന്നും ഒരു സ്വാധീനവുമില്ല. അവര്‍ക്ക് നിങ്ങളെ സഹായിക്കാനാവില്ല. അവര്‍ കരാര്‍ തൊഴിലാളികളെപ്പോലെയാണ്.

അവര്‍ എന്താണ് ചെയ്യുകയെന്ന് അറിയണ്ടേ. മന്ത്രിമാരില്‍ ഒരാള്‍ പ്രണോയ് റോയിയുടെ ഫ്രണ്ട് ആണെന്ന് കരുതുക. “ഞാന്‍ പ്രണോയ് റോയിയുടെ ഫ്രണ്ടല്ലേ” എന്ന് മോദി കരുതില്ലേ എന്നു ഭയന്ന് അവര്‍ നിങ്ങളില്‍ നിന്നും കൂടുതല്‍ അകന്നുനില്‍ക്കാന്‍ ശ്രമിക്കുകയാണ് ചെയ്യുക.

അതുകൊണ്ടുതന്നെ ചില ആനുകൂല്യങ്ങള്‍ നല്‍കി സമാധാനം വാങ്ങാമെന്ന ധാരണ തന്നെ വേണ്ട. ഇളവുകള്‍ നല്‍കി സമാധാനം വാങ്ങുന്നതിനു പകരം നിങ്ങള്‍ ബഹിഷ്‌കരിക്കണം. നിസ്സഹകരിക്കണം.

6. ബഹിഷ്‌കരണത്തെ ഒരായുധമാക്കുക

അപകീര്‍ത്തി ബില്ലിന്റെ വേളയില്‍ നമ്മള്‍ ഉപയോഗിച്ച ഏറ്റവും ശക്തമായ ആയുധം രാജ്യമെമ്പാടുമുള്ള എഡിറ്റര്‍മാരെ ഫോണിലൂടെ ബന്ധപ്പെടുകയെന്നതായിരുന്നു. നമ്മള്‍ പറഞ്ഞു, ഒരു കാര്യം ചെയ്യൂ, രാജീവ് ഗാന്ധിയുടെ ഒരു മന്ത്രി നിങ്ങളുടെ നഗരത്തില്‍ വന്നാല്‍ ആദ്യം അവരോട് ചോദിക്കണം, “നിങ്ങള്‍ അപകീര്‍ത്തി ബില്ലിന് അനുകൂലമാണോ അതോ എതിരാണോ എന്ന്?”

അയാള്‍ ഉത്തരം പറഞ്ഞില്ലെങ്കില്‍ അവ്യക്തമായ മറുപടിയാണ് നല്‍കിയതെങ്കില്‍ അല്ലെങ്കില്‍ അതെ എന്ന ഉത്തരമാണ് പറഞ്ഞതെങ്കില്‍ നിങ്ങള്‍ എഴുന്നേറ്റ് അവിടെ നിന്നും പോരണം.

ഭീകരവാദികളുടെ ഓക്‌സിജനാണ് പബ്ലിസിറ്റി. കരാര്‍ തൊഴിലാളികളുടെയും ഓക്‌സിജന്‍ അതാണ്. തങ്ങള്‍ എന്തൊരു പ്രസംഗമാണ് നടത്തിയത്, അല്ലെങ്കില്‍ എത്ര മികച്ച കവറേജാണ് തങ്ങള്‍ക്ക് ലഭിച്ചത് എന്ന് മോദിയെ കാണിക്കാന്‍ അവരാഗ്രഹിക്കുന്നു. അതുകൊണ്ട് അവരെ അവഗണിക്കുക. അവരുടെ വാര്‍ത്താ സമ്മേളനങ്ങള്‍ ബഹിഷ്‌കരിക്കുക. മന്ത്രിക്കുപ്പായമില്ലെങ്കില്‍ നിങ്ങള്‍ ക്ഷണിക്കില്ലെന്ന് ഉറപ്പുള്ള, ഒരു മന്ത്രിമാരെയും നിങ്ങളുടെ യോഗങ്ങളും കോണ്‍ഫറന്‍സുകള്‍ക്കും ക്ഷണിക്കരുത്. കുറച്ചുകാലം നിസ്സഹകരണം നടത്തി എന്താണ് അതിന്റെ ഫലമെന്നു കണ്ടോളൂ.

ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ക്ക് ഇന്ത്യയില്‍ നല്‍കുന്നതുപോലെത്ര പ്രാധാന്യം നല്‍കുന്ന ഒരു രാജ്യവും ഞാന്‍ കണ്ടിട്ടില്ല. നിങ്ങള്‍ അത്തരം പ്രഖ്യാപനങ്ങള്‍ പ്രസിദ്ധീകരിക്കേണ്ടത് ക്ലാസിഫൈഡ് പേജിലാണ്. എന്നിട്ട് നിങ്ങള്‍ പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കേണ്ടത് ആള്‍ട്ട്.ഇന്‍, ഫാക്ട് ചെക്ക് തുടങ്ങിയ സൈറ്റുകള്‍ കണ്ടെത്തുന്ന വാര്‍ത്തകളാണ്. സര്‍ക്കാറിന്റെ അവകാശവാദങ്ങളെയും യഥാര്‍ത്ഥ വസ്തുതയെയും താരതമ്യം ചെയ്ത് അവര്‍ നല്‍കുന്ന റിപ്പോര്‍ട്ടുകളാണ്. എന്തുകൊണ്ട് അവരെ നിങ്ങള്‍ അവഗണിക്കുന്നു?

ഇന്ന് പത്രങ്ങള്‍ ശരദ് യാദവിന്റെയും നരേന്ദ്രമോദിയുടെയുമൊക്കെ ട്വീറ്റുകള്‍ പുനപ്രസിദ്ധീകരിക്കുന്നുണ്ട്. അതിലെന്താണുള്ളത്? ആ ട്വീറ്റുകള്‍ക്കുവേണ്ടി നിങ്ങള്‍ നല്‍കുന്ന സ്ഥലം ആള്‍ട്ട് ന്യൂസ് ഏറ്റവുമൊടുവില്‍ വെളിപ്പെടുത്തിയ കാര്യത്തിന് നല്‍കുക.

ഇപ്പോള്‍ നിങ്ങള്‍ക്ക് അവരുടെ ടെക്‌നിക്ക് അറിയാം. അവരുടെ ടെക്‌നിക്ക് എന്താണെന്നു വെച്ചാല്‍ ഇന്ന് അവര്‍ക്ക് അസൗകര്യമുള്ള എന്തെങ്കിലും സംഭവിച്ചാല്‍ അപ്പോള്‍ അവര്‍ മറ്റൊരു വാര്‍ത്തയുണ്ടാക്കും. അതുകൊണ്ട് നിങ്ങളുടെ കാണികളെയും വായനക്കാരുടെയും ശ്രദ്ധതിരിക്കുന്ന ഉപകരണമാകാതിരിക്കുക. പ്രധാന വാര്‍ത്തയില്‍ തന്നെ അവരുടെ ശ്രദ്ധ നിലനിര്‍ത്തുുക. അവരുടെ പണി നിങ്ങള്‍ എടുക്കുന്നില്ല എന്ന് ഉറപ്പുവരുത്തുക.


Must Read: ഖത്തര്‍ പ്രതിസന്ധിയുടെ ‘രാജകുമാരന്‍’ – മുഹമ്മദ് ബിന്‍ സല്‍മാന്റെ ഇടപെടലുകളെപ്പറ്റി 


7. യഥാര്‍ത്ഥ വാര്‍ത്തയില്‍ ശ്രദ്ധകേന്ദ്രീകരിക്കുക

സര്‍ക്കാറിനെ അലോസരപ്പെടുത്തുന്ന വാര്‍ത്തകളില്‍ ശ്രദ്ധയൂന്നുക. നിങ്ങള്‍ കണ്ടെത്തിയ കാര്യം സര്‍ക്കാറിനെ അസ്വസ്ഥരാക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ യഥാര്‍ത്ഥ പാതയിലാണ് എന്ന് ഉറപ്പിക്കാം. അരൂണ്‍ പൂരി സ്ഥിരം പറയുന്ന ഒരു മുദ്രാവാക്യമുണ്ട്: “സര്‍ക്കാര്‍ മറച്ചുവെയ്ക്കാന്‍ ആഗ്രഹിക്കുന്നതെന്താണോ അതാണ് വാര്‍ത്ത. ബാക്കിയെല്ലാം പ്രൊപ്പഗണ്ടയാണ്.” അതുകൊണ്ട് നിങ്ങള്‍ കുഴിച്ചെടുക്കുക.

നമുക്ക് മൂന്ന് സംരക്ഷകരാണ് ഉള്ളതെന്ന കാര്യം മറക്കാതിരിക്കുക. ഒന്ന് നമ്മുടെ ഐക്യമാണ്. രണ്ടാമത്തേത് കോടതിയാണ്. അതുകൊണ്ട് ജുഡീഷ്യറിയെ അടിച്ചമര്‍ത്താന്‍ സര്‍ക്കാര്‍ നടത്തുന്ന എല്ലാ ശ്രമങ്ങളെയും വലിയ പ്രാധാന്യത്തോടെ റിപ്പോര്‍ട്ടു ചെയ്യണം. അത് വളരെ അത്യാവശ്യമാണ്. മൂന്നാമത്തെ സംരക്ഷണം നമ്മുടെ വായനക്കാരും കാണികളുമാണ്. അതുകൊണ്ട് നമ്മള്‍ നിരീക്ഷിക്കുന്നത് ട്വിറ്ററിലൂടെ സര്‍ക്കാറിനെ അറിയിക്കുക. പക്ഷെ സ്വയം ട്വിറ്റര്‍ഹാന്‍ഡിലുകളാവാതിരിക്കുക.

വായനക്കാരനെ സംബന്ധിച്ച് ജീവന്മരണ പ്രശ്‌നങ്ങളാവുന്ന വസ്തുതകളുടെ ആഴങ്ങളില്‍ നിങ്ങള്‍ പോകുക. അപ്പോള്‍ നിങ്ങള്‍ക്കെതിരെ കൈയുയര്‍ത്തുമ്പോള്‍ ഞങ്ങള്‍ക്കെതിരെയാണ് കൈ ഉയര്‍ന്നതെന്ന് വായനക്കാരന് തോന്നും.
8 കേന്ദ്രത്തിന്റെ നിയന്ത്രണത്തെ, സെന്‍സര്‍ഷിപ്പിനെ എങ്ങനെ മറികടക്കണമെന്ന് പഠിക്കുക

ഓരോവര്‍ഷം കഴിയുന്തോറും മുഖ്യധാരാ ചാനലുകള്‍ അല്ലെങ്കില്‍ മാധ്യമങ്ങള്‍ക്ക് വിവരങ്ങള്‍ പ്രചരിപ്പിക്കുകയെന്നത് അസാധ്യമായി മാറിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ ഹാക്കിങ്ങിലും സര്‍ക്കാറിന്റെ സെന്‍സറിങ്ങിനെ അതിജീവിക്കുന്നതിലും പ്രാവീണ്യം നേടിയ യുവതലമുറയിലേക്ക് നിങ്ങളുടെ ശ്രദ്ധ തിരിയണം. ചൈനക്കാര്‍ക്ക് ചൈന ഭരണകൂടത്തെ മറികടക്കാമെങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ക്കും കഴിയും. അതുകൊണ്ട് സര്‍ക്കാര്‍ സെന്‍സര്‍ഷിപ്പിനെ മറികടക്കാന്‍ ചില സംഘങ്ങളെ ഇന്ത്യയിലോ അല്ലെങ്കില്‍ വിദേശത്തോ സെറ്റപ്പ് ചെയ്യുക.

അവസാനമായി, അവര്‍ക്ക് എല്ലാം നിയന്ത്രിക്കാന്‍ കഴിയുന്ന സ്ഥിതിയുണ്ടായാല്‍ നിങ്ങള്‍ നിരാശരാവരുത്.

ഞാന്‍ നേരത്തെ പറഞ്ഞതുപോലെ എല്ലാം കടന്നുപോകും. അവര്‍ മാധ്യമങ്ങളെ പൂര്‍ണമായും നിയന്ത്രിക്കുകയാണെങ്കില്‍, മാധ്യമങ്ങളിലൂടെ തങ്ങള്‍ വിഴുങ്ങാന്‍ നിര്‍ബന്ധിക്കപ്പെടുന്ന കാര്യങ്ങളും തങ്ങളുടെ സ്വന്തം ജീവിതത്തില്‍ സംഭവിക്കുന്നതും തമ്മിലുള്ള വലിയ അന്തരം തിരിച്ചറിയാന്‍ ജനങ്ങള്‍ക്ക് സാധിക്കും എന്നത് മറ്റൊരു ഘടകമാണ്. പശുക്കളെ ആരാധിക്കുന്ന ഈ സര്‍ക്കാരിന് ഒടുക്കം ചത്ത പശുക്കളെയും കെട്ടിപ്പിടിച്ച് ഇരിക്കേണ്ടി വരും.

നന്ദി, നിങ്ങളുടെ പോരാട്ടത്തിന് എല്ലാ ആശംസകളും നേരുന്നു….