| Wednesday, 12th September 2018, 8:29 am

റഫേല്‍ അഴിമതിയില്‍ മോദിക്ക് നേരിട്ട് പങ്കുണ്ട്; നിര്‍ണായക വെളിപ്പെടുത്തലുമായി മുന്‍ കേന്ദ്രമന്ത്രിമാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യുദല്‍ഹി: റാഫേല്‍ ഇടപാടില്‍ പ്രധാനമന്ത്രിക്കെതിരെ വെളിപ്പെടുത്തലുമായി ബി.ജെ.പി നേതാക്കളായിരുന്ന മുന്‍ കേന്ദ്ര മന്ത്രിമാരായ യശ്വന്ത് സിന്‍ഹയും അരുണ്‍ ഷൂരിയും. റഫേല്‍ വിമാന അഴിമതി ഇടപാടിന്റെ പൂര്‍ണ ഉത്തരവാദിത്തം പ്രധാനമന്ത്രിക്കാണെന്നും ഇടപാടില്‍ നടന്ന അഴിമതിയില്‍ പ്രധാനമന്ത്രിക്ക് നേരിട്ട് പങ്കുണ്ടെന്നും യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി, പ്രശാന്ത് ഭൂഷണ്‍ എന്നിവര്‍ സംയുക്തമായി പ്രസ്‌ക്ലബ് ഓഫ് ഇന്ത്യയില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ ആരോപിച്ചു.

പ്രതിരോധ ഇടപാടുകളില്‍ വാങ്ങുന്ന സാധനങ്ങളുടെ എണ്ണം, പ്രത്യേകതകള്‍, ഇനം തുടങ്ങിയവയില്‍ തീരുമാനമെടുക്കേണ്ടത് ഡിഫെന്‍സ് സ്‌പെസിഫിക്കേഷന്‍ കമ്മറ്റിയും, ഡിഫെന്‍സ് അക്ക്വിസിഷന്‍ കൗണ്‍സിലുമാണ്. ഇവരെ മറികടന്നാണ് റാഫേലില്‍ യു.പി.എ സര്‍ക്കാരിന്റെ കരാര്‍ റദ്ദാക്കി പുതിയ കരാറുണ്ടാക്കിയതെന്നും അവര്‍ ആരോപിക്കുന്നു.

അനില്‍ അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പും കേന്ദ്രസര്‍ക്കാരും ഇപ്പോള്‍ മോദിയെ സംരക്ഷിക്കാന്‍ നുണപ്രചാരണം നടത്തുകയാണെന്നും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.


Read Also :-rafale എ.ബി.വി.പിയ്ക്ക് അടിതെറ്റി; രാജസ്ഥാനില്‍ ചരിത്രം കുറിച്ച് എസ്.എഫ്.ഐ


മുന്‍ കരാര്‍ പ്രകാരം 126 വിമാനങ്ങള്‍ ആയിരുന്നു വാങ്ങേണ്ടിയിരുന്നത്. സ്‌പെസിഫിക്കേഷന്‍ കമ്മിറ്റിയെയും അക്ക്വിസിഷന്‍ കൗണ്‍സിലിനെയും അറിയിക്കുക പോലും ചെയ്യാതെ 36 വിമാനങ്ങള്‍ മാത്രം വാങ്ങാന്‍ പ്രധാനമന്ത്രി തീരുമാനമെടുക്കുകയായിരുന്നു. ഇത്തരത്തില്‍ അധികാര പരിധിക്ക് പുറത്തുള്ള കാര്യത്തില്‍ ഇടപെട്ടത് അഴിമതിയില്‍ പ്രധാനമന്ത്രിക്ക് നേരിട്ട് പങ്കുണ്ടെന്നതിനു ഉദാഹരണം ആണ്. ഇത് മറച്ചുവെക്കാനാണ് കേന്ദ്ര സര്‍ക്കാരും റിലയന്‍സും കള്ളങ്ങള്‍ പ്രചരിപ്പിക്കുന്നത്” അവര്‍ പറയുന്നു.

ഇടപാട് രഹസ്യമാണ് എന്നാണ് സര്‍ക്കാര്‍ ഇപ്പോള്‍ പറയുന്നത്. 2016 നവംബറില്‍ പ്രതിരോധ സഹമന്ത്രി പാര്‍ലമെന്റില്‍ റാഫേല്‍ വാങ്ങിക്കാന്‍ തീരുമാനമായി എന്നും ഒരു വിമാനത്തിന് 670 കോടി രൂപ ആണെന്നും പറഞ്ഞത് എങ്ങനെയാണ്. വിമാനത്തിന്റെ വില പിന്നീട് 1670 കോടി ആയതെങ്ങനെയാണ്. റിലയന്‍സ് ഡെസാള്‍ട്ടിന്റെ ഫിനാന്‍ഷ്യല്‍ സ്റ്റേറ്റ്‌മെന്റിലും വില പറഞ്ഞിട്ടുണ്ട്. പിന്നെയെന്ത് രഹസ്യ കരാറെന്നും അവര്‍ ചോദിച്ചു.

“60000 കോടിക്ക് 36 വിമാനമെന്നനിലയില്‍ കരാര്‍ മാറിയതോടെ ഒരു വിമാനത്തിന്റെ ചെലവ് പഴയ കരാറിലെ 715 കോടിയില്‍നിന്ന് 1660 കോടിയായി ഉയര്‍ന്നു. പഴയ കരാര്‍ പ്രകാരം 2017 മുതല്‍ ഇന്ത്യക്ക് വിമാനങ്ങള്‍ ലഭിച്ചുതുടങ്ങുമായിരുന്നു. എച്ച്.എ.എല്ലുമായി ചേര്‍ന്ന് തദ്ദേശീയമായി വിമാനങ്ങളുടെ നിര്‍മാണവും ആരംഭിച്ചേനെ. എന്നാല്‍, പുതിയ കരാര്‍ പ്രകാരം 2019 അവസാനത്തോടെമാത്രമേ ആദ്യവിമാനം ലഭിക്കൂ. 36 വിമാനങ്ങള്‍ പൂര്‍ണമായി ലഭിക്കാന്‍ വര്‍ഷങ്ങള്‍ കാത്തിരിക്കണം” അവര്‍ ചൂണ്ടിക്കാട്ടി.

We use cookies to give you the best possible experience. Learn more