രാജ്യം മാത്രമല്ല നാശത്തിലേയ്ക്ക് നീങ്ങുന്നത്, നിങ്ങള്‍ ഓരോരുത്തരുമാണ്; എല്ലാ മണ്ഡലങ്ങളിലും ബി.ജെ.പിക്കെതിരെ പൊതു സ്ഥാനാര്‍ഥിയെ നിര്‍ത്തണം: അരുണ്‍ ഷൂരി
national news
രാജ്യം മാത്രമല്ല നാശത്തിലേയ്ക്ക് നീങ്ങുന്നത്, നിങ്ങള്‍ ഓരോരുത്തരുമാണ്; എല്ലാ മണ്ഡലങ്ങളിലും ബി.ജെ.പിക്കെതിരെ പൊതു സ്ഥാനാര്‍ഥിയെ നിര്‍ത്തണം: അരുണ്‍ ഷൂരി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 3rd September 2018, 7:47 pm

ന്യൂദല്‍ഹി: 2019ല്‍ വീണ്ടും നരേന്ദ്ര മോദി അധികാരത്തിലേറുകയാണെങ്കില്‍ രാജ്യത്തെ ജനാധിപത്യാവകാശങ്ങളുടേയും സ്വന്തന്ത്രമായ തെരഞ്ഞെടുപ്പിന്റെയും അഭിപ്രായ സ്വാതന്ത്രത്തിന്റെയും അവസാനമായിരിക്കുമെന്ന് ബി.ജെ.പിയുടെ മുന്‍ കേന്ദ്ര മന്ത്രിയും മുതിര്‍ന്ന പത്രപ്രവര്‍ത്തകനുമായ അരുണ്‍ ഷൂരി.

തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരെ എല്ലാ മണ്ഡലങ്ങളിലും പൊതുസ്ഥാനാര്‍ഥിയെ നിര്‍ത്തി മത്സരിപ്പിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി പ്രതിജ്ഞ ചെയ്യണമെന്നും അരുണ്‍ ഷൂരി ആവശ്യപ്പെട്ടു. ഓണ്‍ലൈന്‍ മാധ്യമസ്ഥാപനമായ “ദ വയര്‍” സംഘടിപ്പിച്ച ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കരണ്‍ ഥാപ്പറാണ് അരുണ്‍ ഷൂരിയുമായി അഭിമുഖം നടത്തിയത്.


Read:  മന്ത്രിസഭാ യോഗ അധ്യക്ഷന്റെ ചുമതല ഇ.പി ജയരാജന്; വിജ്ഞാപനം ഇറങ്ങി


“പ്രതിപക്ഷം പഴയ വാദങ്ങളും തര്‍ക്കങ്ങളും ശത്രുതയുമൊക്കെ തല്‍ക്കാലം ഉപേക്ഷിക്കുക. എല്ലാ മണ്ഡലങ്ങളിലും ബി.ജെ.പിക്കെതിരെ പൊതു സ്ഥാനാര്‍ഥിയെ നിര്‍ത്തുക. ഇതൊരു പ്രത്യേക സന്ദര്‍ഭമാണ്. രാജ്യം മാത്രമല്ല നാശത്തിലേയ്ക്ക് നീങ്ങുന്നത്, നിങ്ങള്‍ ഓരോരുത്തരുമാണെന്ന് തിരിച്ചറിയണം. നിങ്ങളെ ഉപയോഗിച്ച് കഴിയുന്ന അതേനിമിഷം തന്നെ മോദി നിങ്ങളെ ഇല്ലാതാക്കുമെന്ന് നിതീഷ് കുമാറിനേയും നവീന്‍ പട്‌നായികിനെയും പോലുള്ള നേതാക്കള്‍ തിരിച്ചറിയണം. കഴിഞ്ഞതൊക്കെ മറക്കുക. ഭാവിയെ കുറിച്ചും മറന്നേക്കുക, ഇന്ന് ആര്‍ക്കൊപ്പം, ആര്‍ക്കെതിരെ നില്‍ക്കണം എന്ന് മാത്രം ഓര്‍ക്കുക”. അരുണ്‍ ഷൂരി പറയുന്നു.

വരുന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയാണ് ജയിക്കുന്നതെങ്കില്‍ അത് അവസാനത്തെ തെരഞ്ഞെടുപ്പായിരിക്കുമെന്ന് ഓര്‍ക്കുക. പ്രതിപക്ഷ പാര്‍ട്ടികള്‍ ഓര്‍ക്കേണ്ട രണ്ട് നമ്പറുകളുണ്ട്. 31, 69. ജനപ്രീതിയുടെ പാരമ്യത്തില്‍ നിന്ന സമയത്ത് മോദി നേടിയത് വെറും 31 ശതമാനം വോട്ടാണ്. അതേസമയം, പ്രതിപക്ഷ കക്ഷികള്‍ക്കെല്ലാം കൂടി കിട്ടിയത് 69 ശതമാനമാണെന്ന് മറക്കരുത്.


Read:  അശാസ്ത്രീയത പ്രചരിപ്പിക്കുന്ന മാഫിയകളെ നിയമപരമായി നേരിടണം; വി.എസ് അച്യുതാനന്ദന്‍


2014ലെ ജനപ്രീതി ഇപ്പോള്‍ മോദിക്കില്ലെന്നുകൂടി ഓര്‍ക്കണമെന്നും അരുണ്‍ ഷൂരി മുന്നറിയിപ്പ് നല്‍കി. മറ്റൊരു കണക്കു കൂടി ഓര്‍മയില്‍ വെക്കുക. മോദി നേടിയ 90 ശതമാനം സീറ്റുകളും ഉത്തര്‍പ്രദേശ്, ബിഹാര്‍, മഹാരാഷ്ട്ര എന്നീ മൂന്നു സംസ്ഥാനങ്ങളില്‍ നിന്നാണ്. ഈ മൂന്നു സംസ്ഥാനങ്ങളില്‍ പ്രതിപക്ഷ കക്ഷികള്‍ ഒറ്റക്കെട്ടായി നിന്നാല്‍ മോദിക്ക് ജയിക്കാനാവില്ല. അരുണ്‍ ഷൂരി ചൂണ്ടിക്കാണിച്ചു. വാജ്‌പേയ് മന്ത്രിസഭയില്‍ വാര്‍ത്ത വിതരണ പ്രക്ഷേപണ വകുപ്പ് കൈകാര്യം ചെയ്തിരുന്നത് അരുണ്‍ ഷൂരിയായിരുന്നു.