മൊഴിമാറ്റം ചെയ്ത് മലയാളത്തിലെത്തുന്ന അന്യഭാഷാചിത്രങ്ങളിലെ നായകന്മാരെ പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നത് ആ കഥാപാത്രത്തിന് ഡബ്ബ് ചെയ്തവരുടെ ശബ്ദത്തിലാണ്. ഇപ്പോള്‍ തിയേറ്ററുകളില്‍ തകര്‍ത്തോടുന്ന, യഷ് നായകനായ കെ. ജി. എഫ് ചാപ്റ്റര്‍ ടുവിലെ റോക്കിക്ക് ശബ്ദം നല്‍കിയിരിക്കുന്നത് അരുണ്‍ സി.എം ആണ്.
ബാഹുബലിയില്‍ പ്രഭാസിനും കെ. ജി. എഫില്‍ യഷിനും ശബ്ദം നല്‍കിയ അരുണ്‍ ഡബ്ബിംഗ് മേഖലയിലെ വര്‍ഷങ്ങളായുള്ള സജീവ സാന്നിധ്യമാണ്.
ഡബ്ബിങ് മേഖലയില്‍ തന്നെ ഏറ്റവും കൂടുതല്‍ ആളുകള്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത് ബാഹുബലിയിലൂടെയാണെന്ന് പറയുകയാണ് അരുണ്‍.
കൂടുതല്‍ ആളുകള്‍ തിരിച്ചറിയാന്‍ ഈ സിനിമ കാരണമായി. ക്ലബ് എഫ്. എമ്മിന് നല്‍കിയ ഇന്റര്‍വ്യൂവില്‍ ബാഹുബലിയുടെ മലയാളം ഡബ്ബിങ്ങിന് ശേഷം കരിയറിലും ജീവിതത്തിലും ഉണ്ടായ മാറ്റങ്ങളെ കുറിച്ച് സംസാരിക്കുകയാണ് അരുണ്‍.
‘ബാഹുബലിക്ക് ശേഷം കമ്മിറ്റ്‌മെന്റ്‌സ് കൂടി. നേരത്തെ കമ്മിറ്റ്‌മെന്റ് ഇല്ലായിരുന്നു എന്നല്ല. കുറച്ചുകൂടി ആളുകള്‍ തിരിച്ചറിയാന്‍ തുടങ്ങി. ഫോണ്‍ വിളിച്ചു തെറിവിളിക്കുന്നവരുടെ എണ്ണം കൂടി. ചെയ്യുന്ന വര്‍ക്ക് ആളുകള്‍ ശ്രദ്ധിച്ചു തുടങ്ങി. ആദ്യ സമയങ്ങളില്‍ ആരും അറിയുന്നുണ്ടായിരുന്നില്ല, ഡബ്ബിങ് ആരോ ചെയ്യുന്നു, എവിടെയോ വരുന്നു എന്ന രീതിയായിരുന്നു,’ അരുണ്‍ പറഞ്ഞു.
‘ഒറിജിനല്‍ സിനിമയുടെ എഴുത്തുകാരും സംവിധായകരും നമുക്ക് ചെയ്യാനുള്ള സ്വാതന്ത്ര്യം തരുന്നുണ്ട്. ബാഹുബലി ചെയ്തപ്പോഴും ആ സ്വാതന്ത്ര്യം കിട്ടിയിട്ടുണ്ട്. ബാഹുബലി ചെയ്യുമ്പോള്‍ രാജമൗലി സാറിന്റെ അസോസിയേറ്റായ വിജയകുമാര്‍ സാറുണ്ടായിരുന്നു. അതുപോലെ ഇവിടുത്തെ ലൈന്‍ പ്രൊഡ്യൂസര്‍ രാജുമല്ലിക സാര്‍, അവരൊക്കെയുണ്ടായിരുന്നു. പിന്നെ ഇവിടെ ഈ സിനിമക്കായി ആളുകള്‍ എത്രത്തോളം കാത്തിരിക്കുന്നുണ്ടോ അത്രത്തോളം തീവ്രതയോടെ അത് കൊടുക്കണമെന്ന ആഗ്രഹത്തോടെയാണ് ഞങ്ങള്‍ വര്‍ക്ക് ചെയ്യുന്നത്,’ അരുണ്‍ കൂട്ടിച്ചേര്‍ത്തു.
ഒന്നരവര്‍ഷമാണ് കെ. ജി. എഫ് ചാപ്റ്റര്‍ ടു മലയാളം വേര്‍ഷനായി അരുണ്‍ പ്രവര്‍ത്തിച്ചത്. ഏപ്രില്‍ 14 റിലീസിന് പിന്നാലെ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത ചിത്രം ഹൊംബാല ഫിലിംസിന്റെ ബാനറില്‍ വിജയ് കിരഗണ്ഡൂരാണ് നിര്‍മിച്ചത്. സഞ്ജയ് ദത്ത്, രവീണ ടണ്ടെന്‍, ശ്രീനിധി ഷെട്ടി, മാളവിക അവിനാഷ് എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.
Content Highlight: Arun says that it was through Bahubali that he started getting the most attention in the dubbing industry