| Friday, 15th April 2022, 6:47 pm

ബാഹുബലി 'മാമാ' എന്ന് വിളിച്ചാല്‍ അര്‍ത്ഥം മാറുമോയെന്ന ആശങ്കയുണ്ടായിരുന്നു, വേറെ ചില പേരുകളും പരീക്ഷിച്ചു: അരുണ്‍ സി.എം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തെലുങ്കു സിനിമയില്‍ പുതിയ മാറ്റങ്ങളുണ്ടാക്കിയ ചിത്രമായിരുന്ന രാജമൗലിയുടെ സംവിധാനത്തിലൊരുങ്ങിയ ബാഹുബലി. ഈ സിനിമയോടെ ശ്രദ്ധ നേടിയ കലാകാരനായിരുന്നു അരുണ്‍ സി.എം.

വര്‍ഷങ്ങളായി ഡബ്ബിംഗ് മേഖലയിലുണ്ടായിരുന്നെങ്കിലും അരുണിനെ ആളുകള്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത് ബാഹുബലിയോടെയായിരുന്നു.

ബാഹുബലിയുടെ ഡബ്ബിംഗിനിടയില്‍ ചില ആശങ്കകള്‍ ഉണ്ടായിരുന്നു എന്നും പിന്നീട് നിരവധി ചര്‍ച്ചകള്‍ക്ക് ശേഷമാണ് അത് പരിഹരിക്കപ്പെട്ടതെന്നും അരുണ്‍ പറഞ്ഞു. ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അരുണ്‍ ബാഹുബലിയുടെ ഡബ്ബിംഗിനിടയിലുണ്ടായ സംഭവങ്ങള്‍ പറഞ്ഞത്.

”ഇവിടെ ബാഹുബലിക്കായി ആളുകള്‍ എത്രത്തോളം കാത്തിരിക്കുന്നുണ്ടോ അത്രത്തോളം തീവ്രതയോടെ അത് കൊടുക്കണമെന്ന ആഗ്രഹത്തോടെയാണ് ഞങ്ങള്‍ വര്‍ക്ക് ചെയ്യുന്നത്. ബാഹുബലിയിലെ നിങ്ങള്‍ എന്റെ കൂടെയുള്ളപ്പോള്‍ എന്നെ കൊല്ലാന്‍ കഴിയില്ല മാമാ എന്ന ആ ഡയലോഗില്‍ മാമാ എന്ന് പറയുന്ന വാക്കിന് വേറെ ഒരു അര്‍ത്ഥമുണ്ട്.

ആ വാക്ക് വേറെ ഒരു കോണ്‍ടെക്സ്റ്റില്‍ പ്രേക്ഷകര്‍ എടുത്തേക്കാം എന്ന സംശയം ആരോ പറഞ്ഞു. അത് കാരണം, മാമാ എന്ന വാക്കിന് പകരം അമ്മാവാ, ഗുരു എന്നുള്ള പല വാക്കുകളിലും ഡബ്ബ് ചെയ്ത് നോക്കി.

അത് നമ്മുടെ പ്രശ്നമല്ല. അവിടെ പല തരത്തിലുള്ള ഇടപെടലുകള്‍ കൊണ്ട് സംഭവിക്കുന്നതാണ്. പക്ഷേ ഇത് അങ്ങനെ പോയാല്‍ നമ്മുടെ നാട്ടില്‍ അത് റീച്ചാവില്ലെന്നും, അതിനെ വളരെ മോശമായി ബാധിക്കുമെന്നും പറഞ്ഞ് തര്‍ക്കങ്ങളുണ്ടായി. അങ്ങനെ തര്‍ക്കിച്ച് തന്നെയാണ് അതിനെ ഈ രീതിയിലേക്ക് കൊണ്ട് വന്നത്.

ബാഹുബലിയില്‍ ശബ്ദം നല്‍കിയതോടെ ആളുകള്‍ തന്നെ ശ്രദ്ധിക്കാന്‍ തുടങ്ങിയെന്നും വിളിച്ച് അഭിപ്രായങ്ങള്‍ പറയാന്‍ തുടങ്ങിയെന്നും അരുണ്‍ പറഞ്ഞു. കെ.ജി.എഫില്‍ യഷിനും ആര്‍.ആര്‍.ആറില്‍ ജൂനിയര്‍ എന്‍.ടി.ആറിനും ശബ്ദമായത് അരുണ്‍ തന്നെയാണ്.

Content Highlight: Arun said that there were some concerns during the dubbing of Bahubali

We use cookies to give you the best possible experience. Learn more