| Saturday, 10th April 2021, 11:26 am

ജോജി കണ്ട് ഷേക്‌സ്പിയര്‍ കയ്യടിക്കുക മാത്രമല്ല ദിലീഷിനെ ഒന്നുമ്മ വെക്കുകയും ചെയ്യും; സച്ചിദാനന്ദന് മറുപടിയുമായി അരുണ്‍ സദാനന്ദന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത പുതിയ ചിത്രമായ ജോജിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കഴിഞ്ഞ ദിവസം കവി കെ. സച്ചിദാനന്ദന്‍. രംഗത്തെത്തിയിരുന്നു. ഷേക്സ്പിയറിന്റെ മാക്ബത്തിന്റെ പ്രാകൃതമായ ആവിഷ്‌കരമാണ് ജോജിയെന്ന സിനിമയെന്നും ഇത് കണ്ട് ഷേക്സ്പിയര്‍ ശവക്കുഴിയില്‍ കിടന്നു പല്ലിറുമ്മുകയാണോ പൊട്ടിച്ചിരിക്കുകയാണോ എന്നറിയില്ലെന്നുമായിരുന്നു സച്ചിദാനന്ദന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞത്. അനേകം സിനിമകളില്‍ കണ്ടുമടുത്ത പ്രമേയമാണ് ചിത്രത്തിന്റേതെന്നും സച്ചിദാനന്ദന്‍ കുറ്റപ്പെടുത്തിയിരുന്നു.

എന്നാല്‍ സച്ചിദാനന്ദന് മറുപടിയുമായി എത്തിയിരിക്കുകയാണ് സിനിമാപ്രവര്‍ത്തകനായ അരുണ്‍ സദാനന്ദന്‍. എഴുതി വയ്ക്കുന്നത് വെറുതെ പകര്‍ത്തി വയ്ക്കുന്ന ഒരു സംവിധായകനല്ല ദിലീഷ് പോത്തനെന്ന് അരുണ്‍ സദാനന്ദന്‍ പറഞ്ഞു.

സച്ചിദാനന്ദന്‍ സര്‍ പറഞ്ഞത് പോലെ ഷേക്‌സ്പിയര്‍ പൊട്ടിക്കരയുകയോ പൊട്ടിച്ചിരിക്കുകയോ ഒന്നുമല്ല, ജോജി കണ്ട ഷേക്‌സ്പിയര്‍ ശ്യാം പുഷ്‌കരനേയും ദിലീഷ് പോത്തനേയും കയ്യടിച്ച് പ്രോത്സാഹിപ്പിക്കുകയാണെന്നും തന്റെ വര്‍ക്കിന്റെ ഇത്രയും ഗംഭീരമായ അവസരോചിതമായ ഒരു മാറ്റിയെഴുത്ത് കണ്ടാല്‍ ഷേക്‌സ്പിയറും കയ്യടിക്കുമെന്നും അരുണ്‍ പറഞ്ഞു.

അരുണ്‍ സദാനന്ദന്റെ കുറിപ്പ്

ഇന്നലെ വൈകുന്നേരം നല്ലൊരു വൈകുന്നേരമായിരുന്നു, നമ്മള്‍ ജോജിയിലെ ബ്രില്യന്‍സുകള്‍ അടുക്കി പെറുക്കി വെച്ചു. സ്‌ക്രീന്‍ ഡീറ്റെയില്‍സിന് അപ്പുറത്ത് എന്നെ ആകര്‍ഷിച്ച രണ്ടു ബ്രില്യന്‍സുകള്‍ ആണ് ചുവടെ, ഇതെഴുതാന്‍ കാരണം സച്ചിദാനന്ദന്‍ സര്‍ പറഞ്ഞത് പോലെ ഷേക്‌സ്പിയര്‍ പൊട്ടിക്കരയുകയോ പൊട്ടിച്ചിരിക്കുകയോ ഒന്നുമല്ല, ജോജി കണ്ട ഷേക്‌സ്പിയര്‍ മി. ശ്യാം പുഷ്‌കരനേയും മി. ദിലീഷ് പോത്തനേയും കയ്യടിച്ച് പ്രോത്സാഹിപ്പിക്കുയാണെന്ന് പറഞ്ഞു വയ്ക്കാന്‍ കൂടിയാണ്. കാര്യത്തിലേക്ക് കടക്കാം, സ്പോയിലേഴ്സ് സ്വാഭാവികം!

ഇന്നലെ നമ്മുടെ ജിഷ്ണു ഡോക്റ്റര്‍ മാക്‌ബെത്തിലെ കീ ഡയലോഗില്‍ ഒന്നാണ് ഇതെന്ന് നമുക്ക് പറഞ്ഞു തന്നു, ‘O, neverShall sun that morrow see!Your face, my thane, is as a book where menMay read strange matters. To beguile the time,Look like the time. Bear welcome in your eye,Your hand, your tongue. Look like th’ innocent flower,But be the serpent under ‘t.’

മാക്ബത്തിനെ ആധാരമാക്കി എടുക്കപ്പെട്ട സിനിമകളിലും നാടകങ്ങളിലും ഒക്കെ ലേഡി മാക്ബത്തിന്റെ ഈ ഉപദേശം ഉണ്ടാവും. മി. ജയരാജ് ‘വീരം’ ചെയ്തപ്പോള്‍ അദ്ദേഹം ഈ പ്രസ്തുത ഡയലോഗിന് മൊഴി മാറ്റം വരുത്തുന്നത് ഇങ്ങനെയാണ്, ‘ഇങ്ങളെ ഈ മുഖം ആളോള് സംശയിക്കും. ഓറെ പറ്റിക്കുന്ന മുഖമാ വേണ്ടെ. കാഴ്ചയ്ക്ക് പൂ പോലെ, കാര്യത്തിന് പൂവിന്റെ അടിയിലെ പാമ്പ് പോലെ’. എഴുത്ത് ഭംഗികൊണ്ട് എനിക്ക് അങ്ങേയറ്റം പ്രിയപ്പെട്ട മലയാളം ആണിത്.

ഇനി ജോജിയിലേയ്ക്ക് വരുമ്പോള്‍ ബിന്‍സി റാന്നി സെന്റ്് തോമസ് കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷ് കഴിഞ്ഞതാണോ എന്ന് തിട്ടമില്ല, പക്ഷെ കഥ മാക്‌ബെത്ത് ആവുമ്പോള്‍ മേല്‍പ്പറഞ്ഞ ഡയലോഗ് ബിന്‍സി പറഞ്ഞു തന്നെ ആകണം. അവിടെയാണ് ബിന്‍സി ഒറ്റ വരിയില്‍ ‘മാസ്‌ക്ക് എടുത്ത് വയ്ക്കൂ’ എന്ന് പറയുന്നത്.

ആളുകളെയാണ് പറ്റിക്കേണ്ടത്, ആള്‍ക്കൂട്ടം – ചാക്കാലയ്ക്ക് വന്നവര്‍ – നമ്മളെ കാണിച്ചതിന് ശേഷമാണ് ഈ ഡയലോഗ്. പ്രിയപ്പെട്ട ശ്യാമിനെ എഴുനേറ്റ് നിന്ന് കയ്യടിച്ച് ഞാന്‍ ആദരിച്ച ഒരു നിമിഷം. തന്റെ വര്‍ക്കിന്റെ ഇത്രയും ഗംഭീരമായ – അവസരോചിതമായ (കൊവിഡ്) – ഒരു മാറ്റിയെഴുത്ത് കണ്ടാല്‍ ഷേക്‌സ്പിയറും കയ്യടിക്കും.

എഴുതി വയ്ക്കുന്നത് വെറുതെ പകര്‍ത്തി വയ്ക്കുന്ന ഒരു സംവിധായകനല്ല മി.ദിലീഷ്. കാഴ്ചയില്‍ പൂവ് പോലെ ആവണം, പക്ഷെ കാര്യത്തിന് നീ പൂവിനടിയിലെ പാമ്പാവണം എന്ന് ബിന്‍സി ജോജിയോട് പറഞ്ഞു കഴിഞ്ഞു. ഇനി അറിയേണ്ടത് ജോജി പാമ്പായോ എന്നാണ്, ആയെങ്കില്‍ തന്നെ കഥയുടെ ഏത് പോയിന്റില്‍, അതെങ്ങനെ ദിലീഷ് പോത്തന്‍ നമുക്ക് കാണിച്ചു തന്നു?

ഷര്‍ട്ടിടാതെ ഗേറ്റ് ചാരുന്ന ജോമോന്‍ അപ്പന്റെ മിനിയേച്ചര്‍ ആണെന്ന് ജോജി കാണുന്ന ആ നിമിഷം. അടുത്ത ഷോട്ടിന് സ്‌ക്രീന്‍ ഷോട്ട് നോക്കൂ. പൂവിനടിയിലെ പാമ്പിനെ കണ്ടോ? വെറുതെ ആര്‍ട്ട് ഡയറക്റ്റര്‍ വിരിച്ചു കൊടുത്ത ഒരു ബെഡ് ഷീറ്റ് അല്ലത്! ജോജി ജോമോനെ കൊത്തും എന്ന് ഞാനുറപ്പിച്ച നിമിഷമായിരുന്നുവത്! ഇത് വരെ കൊച്ചു കൊച്ചു ബ്രില്യന്‍സുകള്‍ കളിച്ചു നടന്ന മി. ദിലീഷ് പോത്തന്റെ ബ്രില്യന്‍സിന്റെ ടവറിങ് പോയിന്റ്.

ഇത് കണ്ട ഷേക്‌സ്പിയര്‍ കയ്യടിക്കുക മാത്രമല്ല അങ്ങേയറ്റം പ്രിയപ്പെട്ട ദിലീഷിനെ ഒന്നുമ്മ വച്ചിരിക്കുകയും ചെയ്തു എന്ന് ഞാന്‍ പറഞ്ഞാല്‍ സച്ചിദാനന്ദന്‍ സാറിന് എങ്ങനെ തര്‍ക്കിച്ചു ജയിക്കാന്‍ പറ്റും?

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Arun Sadanandan Reply K Sachidanandan

We use cookies to give you the best possible experience. Learn more