നെഹ്‌റു കുടുംബത്തെ മുഴുവന്‍ മുസ്‌ലിമാക്കിയ അരുണ്‍ മിശ്രയുടെ അനിയന്‍ വ്യവസ്ഥകള്‍ ലംഘിച്ച് ഇപ്പോള്‍ ഹൈക്കോടതി ജഡ്ജി; അരുണ്‍ മിശ്ര പടിയിറങ്ങുമ്പോള്‍ പുകയുന്ന വിവാദങ്ങള്‍
Daily News
നെഹ്‌റു കുടുംബത്തെ മുഴുവന്‍ മുസ്‌ലിമാക്കിയ അരുണ്‍ മിശ്രയുടെ അനിയന്‍ വ്യവസ്ഥകള്‍ ലംഘിച്ച് ഇപ്പോള്‍ ഹൈക്കോടതി ജഡ്ജി; അരുണ്‍ മിശ്ര പടിയിറങ്ങുമ്പോള്‍ പുകയുന്ന വിവാദങ്ങള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 3rd September 2020, 10:33 am

ന്യൂദല്‍ഹി: ജസ്റ്റിസ് അരുണ്‍ മിശ്ര സുപ്രീം കോടതി ജഡ്ജായി വിരമിച്ച വാര്‍ത്തകളും അദ്ദേഹത്തിന്റെ വിവാദ വിധികളും ചര്‍ച്ചയാവുകയാണ്. ഈ പശ്ചാത്തലത്തില്‍ അദ്ദേഹത്തിന്റെ അനുജനും ഹൈക്കോടതി ജഡ്ജുമായ വിശാല്‍ മിശ്രയുടെ മുസ്‌ലിം വിരുദ്ധതയും ബി.ജെ.പി അനുഭാവവും വെളിപ്പെടുത്തുന്ന ഫേസ്ബുക്ക് പോസ്റ്റുകളും സമൂഹമാധ്യമങ്ങളില്‍ വീണ്ടും ചര്‍ച്ചയാവുകയാണ്.

വിശാല്‍ മിശ്രയുടെ ഒരു ഫേസ്ബുക്ക് പോസ്റ്റില്‍ നെഹ്‌റു കുടുംബത്തെയും ഗാന്ധി കുടുംബത്തെയും മുസ്‌ലിങ്ങളായാണ് അവതരിപ്പിക്കുന്നത്. ഇവരുടെ കുടുംബവേരുകള്‍ തിരഞ്ഞുപോകുന്ന വിധത്തില്‍ പട്ടികകളായി തിരിച്ചാണ് നെഹ്‌റു കുടുംബം മുസ്‌ലിമാണെന്ന് വിശാല്‍ മിശ്ര സ്ഥാപിച്ചെടുക്കാന്‍ ശ്രമിക്കുന്നത്. കുടുംബവേരുകള്‍ മുസ്‌ലിമായതുകൊണ്ടാണ് നെഹ്‌റു കുടുംബം ഹിന്ദുക്കളെ വെറുക്കുന്നെതെന്നും വിശാല്‍ മിശ്ര ആരോപിക്കുന്നു.

ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് വിജയത്തില്‍ ആശംസകള്‍ നേര്‍ന്നും ബി.ജെ.പിക്ക് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ടും ഫേസ്ബുക്കില്‍ തന്റെ രാഷ്ട്രീയ അനുഭാവം വിശാല്‍ മിശ്ര വ്യക്തമാക്കിയിട്ടുണ്ട്.

2014ന് ശേഷം ജസ്റ്റിസ് വിശാല്‍ മിശ്രയുടെ ഫേസ്ബുക്ക് പേജ് അപ്പ്‌ഡേറ്റ് ചെയ്തിട്ടില്ലെങ്കിലും തന്റെ രാഷ്ട്രീയ ചായ്‌വിനെക്കുറിച്ച് വ്യക്തമായ സൂചന നല്‍കുന്ന പോസ്റ്റുകളാണ് വിശാല്‍ മിശ്ര ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരുന്നത്.

2019ലാണ് 45 വയസ് പൂര്‍ത്തിയാകുന്നതിന് മുമ്പ് മധ്യപ്രദേശ് ഹൈക്കോടതിയിലെ അഭിഭാഷകനായിരുന്ന വിശാല്‍ മിശ്ര ഹൈക്കോടതി ജഡ്ജാക്കുന്നത്. ഹൈക്കോടതി ജഡ്ജായിരിക്കാന്‍ നാല്‍പത്തിയഞ്ച് വയസ് പൂര്‍ത്തിയാകണം എന്ന നിയമം നിലനില്‍ക്കെയാണ് ഈ വ്യവസ്ഥകളെല്ലാം മറികടന്ന് വിശാല്‍ മിശ്ര ഈ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്.

2018 സെപ്തംബറിലാണ് ഹൈക്കോടതി കൊളീജിയം അദ്ദേഹത്തെ ശിപാര്‍ശ ചെയ്യുന്നത്. 2019 മെയ് 10ന് സുപ്രീം കോടതി കൊളീജിയവും തീരുമാനത്തിന് അംഗീകാരം നല്‍കി. അന്നത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റിസായ രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസ് എസ്.എ ബോബ്‌ഡെ, എന്‍.വി രമണ തുടങ്ങിയവരാണ് വിശാല്‍ മിശ്രയുടെ ആപ്ലിക്കേഷന്‍ പരിശോധിച്ചത്.

പ്രായപരിധിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ നിലനില്‍ക്കവെ തന്നെ ജസ്റ്റിസ് വിശാല്‍ മിശ്രയുടെ വിധി പ്രസ്താവങ്ങള്‍ മികച്ചു നില്‍ക്കുന്നതാണ്, അതിനാല്‍ വിശാല്‍ മിശ്ര ഹൈക്കോടതി ജഡ്ജാകുന്നതില്‍ തടസമില്ലെന്നായിരുന്നു കൊളീജിയം വ്യക്തമാക്കിയത്. അരുണ്‍ മിശ്രയും നാല്‍പത്തഞ്ച് വയസ് പൂര്‍ത്തിയാകുന്നതിന് മുന്‍പാണ് ഹൈക്കോടതി ജഡ്ജായത്. എന്നാല്‍ അദ്ദേഹത്തിന്റെ സമയത്ത് പ്രായപരിധിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ടായിരുന്നില്ല.

ജസ്റ്റിസ് അരുണ്‍ മിശ്ര, വിശാല്‍ മിശ്രയുടെ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ നേരിട്ട് ഭാഗമായിരുന്നില്ലെങ്കിലും ആ സമയത്ത് സുപ്രീം കോടതിയില്‍ നിര്‍ണായക സ്വാധീനമുള്ള ജഡ്ജിമാരില്‍ ഒരാളായിരുന്നു അരുണ്‍ മിശ്ര.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlight: Arun misra Family, Arun Misra Controversy