ന്യൂദല്‍ഹി: ജസ്റ്റിസ് അരുണ്‍ മിശ്ര വിരമിക്കുന്നതിന് മൂന്ന് ദിവസം മുമ്പ് തീര്‍പ്പാക്കിയ വിധി അദാനി ഗ്രൂപ്പിന് അനുകൂലമായി. ജസ്റ്റിസ് വിനീത് സരണ്‍, എം.ആര്‍ ഷാ എന്നിവരടങ്ങിയ ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചാണ് വിധി ഓഗസ്റ്റ് 31ന് വിധി പുറപ്പെടുവിച്ചത്.
രാജസ്ഥാനിലെ പൊതു മേഖല വൈദ്യുതി വിതരണ കമ്പനികളുമായുള്ള തര്‍ക്കത്തിലാണ് അദാനിഗ്രൂപ്പിലെ ഒരു കമ്പനിയ്ക്ക് അനുകൂലമായി വിധി പ്രസ്താവിച്ചത്.
കവായി, ബാരണ്‍ ജില്ലകളിലായി 1320 മെഗാവാട്ട് കപാസിറ്റിയുള്ള തെര്‍മല്‍ പവര്‍ സ്റ്റേഷന് നഷ്ടപരിഹാര തുക നല്‍കാനാണ് ബെഞ്ച് ഉത്തരവിട്ടിരിക്കുന്നത്. 5000 കോടി രൂപയും പിഴയും പലിശയുമടക്കം 3000 കോടി വെറെയുമാണ് നല്‍കേണ്ടത്. മൊത്തം 8000 കോടി രൂപയാണ് അദാനി ഗ്രൂപ്പിന് നല്‍കാനായി ഉത്തരവിട്ടിരിക്കുന്നത്.
ജയ്പൂര്‍, ജോധ്പൂര്‍, അജ്മീര്‍ എന്നീ നഗരങ്ങളിലെ വൈദ്യുതി ഉപഭോക്താക്കളില്‍ നിന്നായിരിക്കും ഈ നികുതി ഈടാക്കുക. 2019 മുതല്‍ ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് അദാനിക്കനുകൂലമായി വിധിക്കുന്ന ഏഴാമത്തെ വിധിയാണിത്.
2019 സെപ്തംബറിലെ അപ്പെല്ലേറ്റ് ട്രിബ്യൂണല്‍ ഫോര്‍ ഇലക്ട്രിസിറ്റി പുറപ്പെടുവിച്ച വിധിക്കെതിരെ മൂന്ന് നഗരങ്ങളിലെ വൈദ്യുതി വിതരണകമ്പനികളും പൊതു മേഖലാ വൈദ്യുതി കമ്പനികളുടെ ജീവനക്കാരുടെ പ്രതിനിധി സംഘടനയായ ഓള്‍ ഇന്ത്യ പവര്‍ എഞ്ചിനീയേഴ്‌സ് ഫെഡറേഷനും അപേക്ഷ നല്‍കിയിരുന്നു. ഇത് പരിഗണിച്ച് കൊണ്ടാണ് സുപ്രീം കോടതി വിധിപുറപ്പെടുവിച്ചത്.
വൈദ്യുതി വിതരണകമ്പനികളുടെയും ഓള്‍ ഇന്ത്യ പവര്‍ എഞ്ചിനീയേഴ്‌സ് ഫെഡറേഷന്റെയും അപേക്ഷകള്‍ തള്ളി, അപ്പല്ലേറ്റ് ട്രിബ്യൂണലിന്റെ വിധി ശരിവെക്കുകയായിരുന്നു സുപ്രീം കോടതി ചെയ്തത്.
രാജസ്ഥാന്‍ സര്‍ക്കാരും അദാനി പവറും തമ്മലുണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണ് കവായ് വൈദ്യുത നിലയം സ്ഥാപിച്ചത്. കേന്ദ്ര സര്‍ക്കാരില്‍ നിന്ന് കല്‍ക്കരി എത്തിച്ച് നല്‍കുമെന്നും ഉറപ്പ് നല്‍കിയിരുന്നു. ഈ കരാര്‍ ഒപ്പു വെച്ചത് 2010ലാണ്.
പ്ലാന്റ് കമ്മീഷന്‍ ചെയ്തത് 2013ലാണ്. എന്നാല്‍ 2017ലെ ശക്തി പോളിസി പ്രകാരം ആഭ്യന്തര ഇന്ധനം ലഭിക്കുന്നതിനായി കോള്‍ ഇന്ത്യയുമായുള്ള കരാറില്‍ ഔദ്യോഗികമായി ഒപ്പ് വെക്കുന്നത് 2018ല്‍ മാത്രമാണ്.
ഉത്പാദനത്തിന്റെ അപര്യാപ്തത കാരണം രാജസ്ഥാനിലെ ക്യാപ്റ്റീവ് പാഴ്‌സ ഈസ്റ്റ്, കാന്റെ ബാസന്‍ എന്നീ ഖനികളില്‍ നിന്ന് കല്‍ക്കരി വിതരണം ചെയ്യാന്‍ സാധിച്ചിരുന്നില്ല. അതില്‍ കമ്പനിക്ക് നഷ്ടമുണ്ടായെന്ന് കാണിച്ചാണ് അദാനി ഗ്രൂപ്പ് കോടതിയെ സമീപിച്ചത്.
കേന്ദ്ര കല്‍ക്കരി മന്ത്രാലയത്തോട് ആവര്‍ത്തിച്ച് അഭ്യര്‍ത്ഥിച്ചിട്ടും വൈദ്യുത നിലയത്തിന് സിഐഎല്ലുമായി ദീര്‍ഘകാല ഇന്ധന വിതരണ കരാര്‍ വാങ്ങാന്‍ കഴിഞ്ഞിരുന്നില്ല.
നേരത്തെ രാജസ്ഥാന്‍ സര്‍ക്കാര്‍ 2400 കോടിയിലേറെ തുക അദാനി ഗ്രൂപ്പിന് താത്കാലിക നഷ്ടപരിഹാരമായി നല്‍കിയിട്ടുണ്ട്. അതിന് പിന്നാലെയാണ് സുപ്രീം കോടതിയുടെ വിധി.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Justice Arun Mishra ruled verdict for Adani Group before three days of his retirement