| Saturday, 27th July 2024, 1:20 pm

കാതലിലെ ഗേ, ഭ്രമയുഗവും, നന്‍പകലും, ഇന്ത്യയില്‍ മമ്മൂട്ടിയെപ്പോലൊരു സൂപ്പര്‍സ്റ്റാര്‍ വേറെയില്ല: അരുണ്‍ മാതേശ്വരന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

റോക്കി, സാനി കായിധം, ക്യാപ്റ്റന്‍ മില്ലര്‍ എന്നീ ചിത്രങ്ങളിലൂടെ സിനിമാലോകത്ത് തന്റേതായ ഇടം ഉണ്ടാക്കിയെടുത്ത സംവിധായകനാണ് അരുണ്‍ മാതേശ്വരന്‍. വയലന്‍സിനൊപ്പം വ്യത്യസ്തമായ മേക്കിങ് സ്റ്റൈലുമാണ് മറ്റ് സംവിധായകരില്‍ നിന്ന് അരുണിനെ വ്യത്യസ്തനാക്കുന്നത്. മലയാളത്തിന്റെ അഭിമാനതാരമായ മമ്മൂട്ടിയെക്കുറിച്ച് അരുണ്‍ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച.

മറ്റ് ഇന്‍ഡസ്ട്രികളിലെ സൂപ്പര്‍സ്റ്റാറുകള്‍ കൊമേഴ്‌സ്യല്‍ സിനിമകളില്‍ മാത്രം ശ്രദ്ധ നല്‍കുമ്പോള്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി മമ്മൂട്ടി എന്ന നടന്‍ വ്യത്യസ്തമായ സിനിമകളിലൂടെ ആരാധകരെയും സിനിമാലോകത്തെയും ഞെട്ടിക്കുകയാണെന്ന് അരുണ്‍ പറഞ്ഞു. കേരളത്തിലെ സിനിമാപ്രേക്ഷകര്‍ എല്ലാ തരത്തിലുമുള്ള സിനിമകളും ഒരുപോലെ സ്വീകരിക്കുന്നതുകൊണ്ടാണ് മമ്മൂട്ടിക്ക് ഇത്തരം സിനിമകള്‍ ചെയ്യാന്‍ ധൈര്യം ലഭിക്കുന്നതെന്നും അരുണ്‍ മാതേശ്വരന്‍ പറഞ്ഞു.

ഏതെങ്കിലും ഇന്‍ഡസ്ട്രിയിലുള്ള സൂപ്പര്‍സ്റ്റാറിന് ഗേ കഥാപാത്രമായിട്ടും, പിന്നീട് ബ്ലാക്ക് ആന്‍ഡ് വൈറ്റ് സിനിമയിലും അഭിനയിക്കാന്‍ കഴിയില്ല എന്നും അരുണ്‍ പറഞ്ഞു. മറ്റ് ഇന്‍ഡസ്ട്രികളിലുള്ള കൊമേഴ്‌സ്യല്‍ സിനിമകളെ കേരളത്തിലെ ഓഡിയന്‍സ് സ്വീകരിക്കുന്ന രീതി തന്നെ അത്ഭുതപ്പെടുത്താറുണ്ടെന്നും അരുണ്‍ കൂട്ടിച്ചേര്‍ത്തു. എസ്.എസ്. മ്യൂസിക്കില്‍ നടന്ന ഡയറക്‌ടേഴ്‌സ് റൗണ്ട് ടേബിളില്‍ സംസാരിക്കുകയായിരുന്നു അരുണ്‍ മാതേശ്വരന്‍.

‘മറ്റേതൊരു ഇന്‍ഡസ്ട്രിയിലും നടക്കാത്ത കാര്യങ്ങളാണ് മലയാളത്തില്‍ നടക്കുന്നത്. അവിടത്തെ സൂപ്പര്‍സ്റ്റാറുകളില്‍ ഒരാളായ മമ്മൂട്ടി കഴിഞ്ഞ അഞ്ച് വര്‍ഷമായി വ്യത്യസ്തമായ സിനിമകളാണ് ചെയ്തുകൊണ്ടിരിക്കുന്നത്. ഇന്ത്യയില്‍ വേറെ ഒരു സൂപ്പര്‍സ്റ്റാറും ഇതുപോലെ ചെയ്യുന്നത് ഞാന്‍ കണ്ടിട്ടില്ല. അവരെല്ലാം കൂടുതലും ശ്രദ്ധിക്കുന്നത് കൊമേഴ്‌സ്യല്‍ സിനിമകളിലാണ്.

ഒരു സിനിമയില്‍ ഗേയായി അഭിനയിക്കുക, പിന്നീട് ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് സിനിമയില്‍ അഭിനയിക്കുക, നന്‍പകല്‍ പോലെ ടോട്ടലി ഡിഫറന്റായിട്ടുള്ള സബ്ജക്ട് ചെയ്യുക. ഇതെല്ലാം ചെയ്തുകൊണ്ട് ആരാധകരെയും സിനിമാലോകത്തെയും ഞെട്ടിക്കുകയാണ് അദ്ദേഹം. കേരളത്തിലെ ഓഡിയന്‍സ് മറ്റ് ഇന്‍ഡസ്ട്രികളിലുള്ള കൊമേഴ്‌സ്യല്‍ സിനിമകളെ അവരുടെ സ്വന്തം സിനിമയായി സ്വീകരിക്കുന്നത് കണ്ടിട്ടൊക്കെ ഞാന്‍ അത്ഭുതപ്പെട്ടിട്ടുണ്ട്,’ അരുണ്‍ മാതേശ്വരന്‍ പറഞ്ഞു.

Content Highlight: Arun Mateshwaran about Mammooty’s perfomance in Kaathal and Bramayugam

We use cookies to give you the best possible experience. Learn more