| Wednesday, 3rd July 2019, 6:09 pm

സെന്‍സര്‍ഷിപ്പ് ഇല്ല; സിനിമയേക്കാള്‍ സ്വാതന്ത്യം വെബ്സീരിസില്‍; മീന്‍ അവിയല്‍ അരുണ്‍കുര്യന്‍ സ്പീക്കിംഗ്

അനുശ്രീ

ആനന്ദം സിനിമയില്‍ തുടങ്ങി വെളിപാടിന്റെ പുസ്തകം, യമണ്ടന്‍ പ്രേമകഥ, തമാശ എന്നീ ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ അരുണ്‍കുര്യന്‍ മീന്‍ അവിയല്‍ വെബ്‌സീരിസിലൂടെ വീണ്ടും സ്‌ക്രീനിലെത്തിയിരിക്കുകയാണ്. അര്‍ച്ചനകവിയുടെ സഹോദരനായിട്ടാണ് അരുണ്‍ മീന്‍ അവിയലില്‍ എത്തുന്നത്. ഇവര്‍ തമ്മിലുളള രസകരമായ സംഭവങ്ങളാണ് സീരീസിന്റെ പ്രമേയവും. വെബ്‌സീരിസുകള്‍ക്ക് മികച്ച പ്രേക്ഷക സ്വീകാര്യത ലഭിക്കുന്ന കാലത്ത് മീന്‍ അവിയല്‍ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് അരുണ്‍കുര്യന്‍

സിനിമയിലേക്കുള്ള എന്‍ട്രി?

പണ്ട് മുതല്‍ക്കേ സിനിമ ഇഷ്ടമായിരുന്നു. ബി.കോം ആണ് പഠിച്ചത്. പിന്നീട് എം.ബി.എ ചെയ്യുന്നതിനെക്കുറിച്ച് ആലോചിച്ചിരിക്കുമ്പോഴാണ് ത്രീ ഇഡിയറ്റ്‌സ് ഇറങ്ങുന്നത്. അതില്‍ ‘ഡൂ വാട്ട് യൂ ലവ്’ എന്നുള്ള ഒരു ഫീല്‍ ഉണ്ട്. അത് എന്നെ ഭയങ്കരമായി ഇന്‍സ്പയര്‍ ചെയ്തിട്ടുണ്ട്.
അങ്ങനെ ഞാന്‍ സിനിമ തന്നെ ട്രൈ ചെയ്യാന്‍ തീരുമാനിച്ചു. സിനിമ അല്ലെങ്കില്‍ മീഡിയ ഇന്‍ഡസ്ട്രിയിലെങ്കിലും എത്തുക എന്നതായിരുന്നു ലക്ഷ്യം. അത് ലക്ഷ്യമാക്കി എം.ബി.എ ചെയ്യാമെന്ന് കരുതി എം.ബി.എ മീഡിയ ആന്റ് എന്റര്‍ടൈന്‍മെന്റ് കോഴ്സിന് ചേരുകയായിരുന്നു. ബോംബെയിലാണ് പഠിച്ചത്. കോഴ്‌സിന് ചേരുന്നതിന് മുന്‍പ് തന്നെ ഫേസ് ബുക്ക് വഴി കുറച്ച് ഡയറക്ടേഴ്‌സിനെ പരിചയപ്പെട്ടിരുന്നു. ശ്യാമപ്രസാദിന്റെ മകന്‍ വിഷ്ണു ബോംബെയില്‍ ഫിലിം മേക്കര്‍ ആണ്. അവരെ അസിസ്റ്റ് ചെയ്തായിരുന്നു തുടക്കം.

സിനിമയെക്കുറിച്ച് ബേസ് ഒന്നുമുണ്ടായിരുന്നില്ല. പക്ഷെ എങ്ങനെയെങ്കിലും എക്‌സ്‌പ്ലോര്‍ ചെയ്യണം എന്നായിരുന്നു. വീട്ടുകാര്‍ക്ക് ഞാന്‍ വിദേശത്ത് പോയി ജോലി ചെയ്യണമെന്നാണ് അവരുടെ താല്‍പര്യം.

ആനന്ദം, വെളിപാടിന്റെ പുസ്തകം; ആദ്യത്തെ രണ്ട് സിനിമകള്‍ കൊണ്ട് തന്നെ കരിയര്‍ ബില്‍ഡ് അപ്പ് ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ടല്ലോ?

ആനന്ദം എന്നത് ഇമ്മെച്വര്‍ സിനിമയാണ്. പ്രായത്തിന്റെ പക്വത മാത്രം ആവശ്യമായി വരുന്ന ഒരു സിനിമയാണ്. അതിന്റെ ഓഫ് ക്യാമറയും ഓണ്‍ ക്യാമറയും ന്യൂജനറേഷന്‍ ആയിരുന്നു. വളരെ രസകരമായി ആസ്വദിച്ച് ചെയ്ത സിനിമയായിരുന്നു ആനന്ദം.

അതേ സമയം രണ്ടാമത്തെ സിനിമ എന്നത് ഇന്ത്യയിലെ ഏറ്റവും മികച്ച സിനിമാ സംവിധായകരില്‍ ഒരാളും ഏറ്റവും മികച്ച ആക്ടറും ഒക്കെയുള്ളതാണ്. വെളിപാടിന്റെ പുസ്തകത്തിന്റെ ആദ്യത്തെ പത്ത് ദിവസം എന്ന് പറയുന്നത് ഭയങ്കര പേടിയായിരുന്നു. പക്ഷെ ഡ്രീം കം ട്രൂ എന്ന് തന്നെ പറയാം.ലാലേട്ടന്‍ കൊച്ചിലെ മുതലേ ആരാധന തോന്നിയ ഒരാളാണ്. എന്നെ ഇന്‍സ്പയര്‍ ചെയ്ത ഒരാള്‍ കൂടിയാണ്. അതിനാല്‍ തന്നെ അതിന്റെ ക്രിട്ടിക്കല്‍  റിവ്യൂ ഒന്നും മൈന്‍ഡ് ചെയ്തിട്ടില്ല. ഭയങ്കര വലിയ ലേണിംഗ് എക്‌സ്പീരിയന്‍സ് ആയിരുന്നു സിനിമ.

വലിയ ഇടവേളയെടുത്താണ് ഓരോ സിനിമയിലും പ്രത്യക്ഷപ്പെടുന്നത്. അതിന് എന്തെങ്കിലും പ്രത്യേക കാരണം?

വളരെ സിംപിള്‍ ആയിട്ടുള്ള കാരണമാണ്. എനിക്ക് നല്ല സിനിമകള്‍ ചെയ്യണമായിരുന്നു. ബേസിക്കലി, ഫിലിം കഴിഞ്ഞ് തിരിച്ചുപോകുമ്പോള്‍ എനിക്ക് വീട്ടിലേക്ക് തിരിച്ചുകൊണ്ട് പോകാന്‍ എന്തെങ്കിലും വേണമായിരുന്നു.എനിക്ക് എല്ലാ സിനിമയില്‍ നിന്നും എന്തെങ്കിലും പഠിക്കണമായിരുന്നു. മിനിമം ഞാന്‍ കണ്ടിരിക്കേണ്ട സിനിമയായിരിക്കണം എല്ലാ സിനിമയും എന്ന ബേസിക് എത്തിക്‌സ് ഞാന്‍ പിന്തുടര്‍ന്നു.

വെളിപാടിന്റെ സിനിമ കഴിഞ്ഞപ്പോള്‍ ലാലേട്ടന്റെ കൂടെയും ലാല്‍ ജോസ് സാറിന്റെ കൂടെയും വര്‍ക്ക് ചെയ്യാന്‍ പറ്റി. ആ ഒരു സന്തോഷമാണ് എനിക്ക് വീട്ടില്‍ കൊണ്ട് പോകാന്‍ കഴിഞ്ഞത്. എല്ലാ സിനിമയും ഞാന്‍ അങ്ങനെ നോക്കും.

അത് കഴിഞ്ഞാണ് യമണ്ടന്‍ പ്രേമകഥയില്‍ ദുല്‍ഖറിന്റെ സഹോദരന്റെ വേഷത്തില്‍. ദുല്‍ഖറിന്റെ കൂടെയുള്ള എക്‌സ്പീരിയന്‍സ്?

ആനന്ദം ഷൂട്ടിനിടക്ക് എന്നെ ഡയറക്ടറും ക്യാമറാമാനും ഒക്കെ പാവങ്ങളുടെ ദുല്‍ഖര്‍ സല്‍മാന്‍ എന്ന് പറഞ്ഞ് കളിയാക്കുമായിരുന്നു. നിന്നെ മിക്കവാറും ദുല്‍ഖറിന്റെ അനിയനായിട്ട് അഭിനയിക്കാനൊക്കെ വിളിക്കും എന്നും അവര്‍ പറയുമായിരുന്നു. ഞാന്‍ ആഗ്രഹിച്ചിരുന്നു ദുല്‍ഖറിന്റെ കൂടെ അഭിനയിക്കാന്‍. എനിക്കോര്‍മയുണ്ട് മുന്‍പൊരിക്കല്‍ വനിതയുടെ ഫിലിം അവാര്‍ഡ് സമയത്ത് ദൂരെ നിന്ന് ഞാന്‍ ദൂല്‍ഖറിനെ കണ്ടിരുന്നു. ഫോട്ടോ എടുക്കണം ഹലോ പറയണം എന്നൊക്കെ ആഗ്രഹിച്ചിരുന്നു. പക്ഷെ ഇപ്പോള്‍ ഹലോ കൊടുത്തത് കൊണ്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ല. എപ്പോഴെങ്കിലും അവരുടെ കൂടെ വര്‍ക്ക് ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നു. അങ്ങനെ തന്നെ സംഭവിച്ചു. സിനിമയില്‍ 95% സീനും ദുല്‍ഖറിന്റെ കൂടെയായിരുന്നു. ഇപ്പോള്‍ മീന്‍ അവിയല്‍ ചെയ്യുമ്പോഴും റോഷനുമായി ഒരു പ്ലെ ചെയ്തപ്പോഴും വളരെ വലിയ സപ്പോര്‍ട്ടാണ് കിട്ടിയത്. മീന്‍ അവിയലിന്റെ ഫസ്റ്റ് പോസ്റ്റര്‍ ലോഞ്ച് ചെയ്തത് ദുല്‍ഖര്‍ ആയിരുന്നു. ഹാപ്പിയാണ്.

സിനിമയില്‍ നിന്നും വെബ്സീരിസിലേക്ക്? മീന്‍ അവിയല്‍ സീരീസിലേക്ക് എത്തിയത്?

സിനിമയായാലും വെബ്സീരീസായാലും ഒരേ മാധ്യമമാണല്ലോ? രണ്ടും വിഷ്വല്‍ മീഡിയമാണ്. വലിയ വ്യത്യാസമൊന്നും ഫീല്‍ ചെയ്തിട്ടില്ല. മീന്‍ അവിയലിനെ വലിയ സീരിസുകളുമായി നമുക്ക് കംപെയര്‍ ചെയ്യാനും കഴിയില്ല. ചെറിയ ബഡ്ജറ്റിലാണ് ഇത് ഷൂട്ട് ചെയിതിരിക്കുന്നത്. 11 ദിവസം കൊണ്ട് ഷൂട്ട് ചെയ്തു. ഇതുവരെയും വളരെ പോസ്റ്റീവ് റെസ്‌പോണ്‍സാണ് കിട്ടുന്നത്. വളരെ നല്ലൊരു ക്രൂ ആണ്.

തമാശ കഴിഞ്ഞ് ഫ്രീ ആയി ഇരിക്കുമ്പോഴായിരുന്നു മീന്‍ അവിയലില്‍ ഒരു ക്യാരക്ടര്‍ കിട്ടുന്നത്. ഞാന്‍ ആണെങ്കില്‍
ഇതുവരെ കോമഡി ആയിട്ടോ ലൈറ്റ്ആയിട്ടോ ഒന്നും ചെയ്തിട്ടുമില്ല. അത്തരത്തില്‍ ലൈറ്റ് ഹാര്‍ട്ടഡ് കുറുമ്പന്‍ കഥാപാത്രം കിട്ടിയപ്പോള്‍ ചെയ്തു. എന്നോട് ഏറ്റവും കൂടുതല്‍പേര്‍ ചോദിക്കുന്നത് സീരിയസ് ആണോ അല്ലെങ്കില്‍ സിംഗിള്‍ ആണോ എന്നാണ്. ഞാന്‍ ലൈഫില്‍ സീരിയസ് അല്ല. പക്ഷെ ആനന്ദം കഴിഞ്ഞപ്പോള്‍ പതുക്കെ വരുണിന്റെ ക്യാരക്ടര്‍ ചെറുതായിട്ട് വരാന്‍ തുടങ്ങിയിട്ടുണ്ട്.

മീന്‍ അവിയല്‍ ക്രൂ രൂപപ്പെടുന്നത് എങ്ങനെയായിരുന്നു?

അര്‍ച്ചന കാരണമാണ് മീന്‍ അവിയല്‍ രൂപപ്പെടുന്നത്. ഡയറക്ടര്‍ അഭിഷേക് ആണ്. ടൊവിനോയുടെ തരംഗം എന്ന പടത്തിന്റെ സംവിധായകന്‍ അരുണ്‍ ഡൊമനിക്കിന്റെ ശിഷ്യനായിരുന്നു അഭിഷേക്. ആദ്യം അര്‍ച്ചന സ്‌ക്രിപ്റ്റ് എഴുതുകയും പിന്നീട് അരുണും അര്‍ച്ചനയും അത് ഡെവലപ്പ് ചെയ്യുകയുമായിരുന്നു.

മലയാളത്തില്‍ വെബ് സീരിസുകളുടെ സാധ്യത എങ്ങനെയായിരിക്കും?

അടിപൊളിയല്ലേ. കരിക്ക് തുടങ്ങി കഴിഞ്ഞു. എന്നാല്‍ എറണാകുളം, തിരുവനന്തപുരം കോഴിക്കോട് പോലുള്ള സിറ്റികളിലൊഴികെ നെറ്റ്ഫ്‌ലിക്‌സ് വലിയ രീതിയില്‍ എത്തിയിട്ടില്ല. എന്റെ വീട് തിരുവല്ലയിലാണ്. ഇവിടെയൊക്കെ ഇന്റര്‍നെറ്റ് അഫോര്‍ഡ് ചെയ്യാന്‍ പറ്റാത്ത അവസ്ഥയുണ്ട്. ജനറല്‍ ഇന്റര്‍ നെറ്റ് സ്‌കീമിനെ പറ്റിയാണ് ഞാന്‍ പറയുന്നത്. അതുകൊണ്ടാണ് നെറ്റ്ഫ്‌ലിക്‌സ് മലയാളം കണ്ടന്റിലേക്ക് വരാത്തത്. കുറച്ചുകൂടി ഏക്‌സെസ് യൂട്യൂബാണ്. പക്ഷെ തുടങ്ങി കഴിഞ്ഞു. ചെറിയ കാലയളവില്‍ വലിയ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. അതുകൊണ്ടാണ് ഞങ്ങള്‍ യൂട്യൂബില്‍ പബ്ലീഷ് ചെയ്തത്.

ആമസോണിലും നെറ്റ് ഫ്‌ലിക്‌സും ഒക്കെയാവുമ്പോള്‍ റെവന്യൂ കിട്ടുമായിരിക്കും, പക്ഷെ വ്യക്തിപരമായ കാഴ്ച്ചപാട് പറയുകയാണെങ്കില്‍ കേരളത്തില്‍ ഇപ്പോള്‍ യ്യൂട്യൂബാണ് ബെസ്റ്റ്. പക്ഷെ കുറച്ച് കഴിയുമ്പോള്‍ മാറുമായിരിക്കും. എന്നാല്‍ സെന്‍സര്‍ഷിപ്പ് ഇല്ല എന്നതും സിനിമയെ അപേക്ഷിച്ച് കുറച്ചുകൂടി സ്വാതന്ത്ര്യം ഉണ്ട് എന്നതും വെബ്സീരിസിനെ വ്യത്യസ്തമാക്കുന്നു. പിന്നെ ചെറിയ യൂണിറ്റായി വര്‍ക്ക് ചെയ്യാം എന്നതും ഇതിന്റെ പ്രത്യേകതയാണ്.

DoolNewsVideo

അനുശ്രീ

ഡൂൾ ന്യൂസിൽ സബ് എഡിറ്റർ ട്രെയിനി. ജേർണലിസത്തിൽ പി. ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more