തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തില്‍ അനുസ്മരിച്ച് സി.പി.ഐ.എം നേതാവ് വി.എസ്. അച്യുതാനന്ദന്റെ മകന്‍ അരുണ്‍ കുമാര്‍ വി.എ. രാഷ്ട്രീയമായി വിയോജിക്കുമ്പോഴും വ്യക്തിപരമായി അച്ഛന്‍ ഉമ്മന്‍ചാണ്ടിയെ അംഗീകരിക്കുകയും ഇഷ്ടപ്പെടുകയും ചെയ്തിരുന്നുവെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
അദ്ദേഹത്തിന്റെ വിയോഗത്തില്‍ നേരിട്ട് അനുശോചിക്കാനാവാത്തതിന്റെ വിഷമം അച്ഛനുള്ളതായി താന്‍ മനസിലാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
‘മുന്‍ മുഖ്യമന്ത്രിയും പുതുപ്പള്ളി എം.എല്‍.എയുമായ ശ്രീ. ഉമ്മന്‍ ചാണ്ടി നമ്മെ വിട്ടുപിരിഞ്ഞിരിക്കുന്നു. മുഖ്യമന്ത്രിയായും പ്രതിപക്ഷ നേതാവായും രാഷ്ട്രീയ നേതാവായും വേറിട്ടു നിന്ന വ്യക്തിത്വമായിരുന്നു ഉമ്മന്‍ ചാണ്ടിയുടേത്.
അപൂര്‍വമായി മാത്രമേ ഞാനദ്ദേഹത്തെ നേരിട്ട് കണ്ടിട്ടുള്ളു. എന്നാല്‍ നിയമസഭയിലും കോടതിയിലുമെല്ലാം എന്റെ അച്ഛന്‍ അദ്ദേഹവുമായി കൊമ്പുകോര്‍ക്കുന്നത് കണ്ടിട്ടുണ്ട്.
രാഷ്ട്രീയമായി വിയോജിക്കുമ്പോഴും വ്യക്തിപരമായി അച്ഛന്‍ ഉമ്മന്‍ചാണ്ടിയെ അംഗീകരിക്കുകയും ഇഷ്ടപ്പെടുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്റെ വിയോഗത്തില്‍ നേരിട്ട് അനുശോചിക്കാനാവാത്തതിന്റെ വിഷമം അച്ഛനുള്ളതായി ഞാന്‍ മനസ്സിലാക്കുന്നു. ആദരാഞ്ജലികള്‍,’ അരുണ്‍ കുമാര്‍ പറഞ്ഞു.
ഇന്ന് പുലര്‍ച്ചയാണ് ഉമ്മന്‍ ചാണ്ടി (79) അന്തരിച്ചത്. പുലര്‍ച്ചെ 4.25ന് ബെംഗളൂരുവില്‍ വെച്ചായിരുന്നു മരണം. ഏറെ നാളായി ക്യാന്‍സര്‍ ബാധിതനായി ചികിത്സയിലായിരുന്നു.
ഹെലികോപ്ടര്‍ മാര്‍ഗം മൃതദേഹം ഇന്ന് തിരുവനന്തപുരത്ത് എത്തിക്കും. സംസ്‌കാരം വ്യാഴാഴ്ച പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് വലിയ പള്ളി സെമിത്തേരിയില്‍ വെച്ച് നടക്കും.
അതേസമയം ഇന്ന് എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ മുന്‍ നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ല.
1970 മുതല്‍ 2021 വരെ പുതുപ്പള്ളിയില്‍ നിന്ന് തുടര്‍ച്ചയായി പന്ത്രണ്ട് തവണ എം.എല്‍.എയായ ഉമ്മന്‍ ചാണ്ടി രണ്ട് ടേമിലായി ഏഴ് വര്‍ഷം മുഖ്യമന്ത്രിയായിട്ടുണ്ട്. 50 വര്‍ഷം നിയമസഭാംഗമായിരുന്ന ഉമ്മന്‍ചാണ്ടിയുടെ പേരിലാണ് ഏറ്റവും കൂടുതല്‍ കാലം നിയമസഭാ സാമാജികനായിരുന്നതിന്റെ റെക്കോഡ്.
യുവജന നേതാവ് എന്ന നിലയില്‍ ശ്രദ്ധേയനായിരുന്ന ഉമ്മന്‍ ചാണ്ടി 1970കളുടെ തുടക്കത്തിലാണ് കോണ്‍ഗ്രസിന്റെ മുന്‍നിര നേതാവായി മാറുന്നത്. പിന്നീടുള്ള അരനൂറ്റാണ്ട് കാലം കേരളത്തിലെ കോണ്‍ഗ്രസിന്റെ ഏറ്റവും ജനകീയ നേതാക്കളിലൊരാളായി ഉമ്മന്‍ ചാണ്ടി നിറഞ്ഞു നിന്നു.
പുതുപ്പള്ളി മണ്ഡലത്തില്‍ നിന്നും 27ാമത്തെ വയസില്‍ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഉമ്മന്‍ ചാണ്ടി തുടര്‍ച്ചയായി 12 തവണ പുതുപ്പള്ളിയില്‍ നിന്നും എം.എല്‍.എയായി തെരഞ്ഞെടുക്കപ്പെട്ടു. 2020ലാണ് പുതുപ്പള്ളിയില്‍ നിന്നുള്ള നിയമസഭാ സാമാജികത്വത്തിന്റെ 50 വര്‍ഷം ഉമ്മന്‍ ചാണ്ടി പൂര്‍ത്തീകരിച്ചത്.
content highlights: ARUN KUMAR V.A ABOUT OMMAN CHANDY