| Monday, 24th January 2022, 10:39 am

കുറ്റകൃത്യം പ്രതിരോധിക്കാന്‍ സ്വത്വ വസ്ത്രമുപയോഗിച്ചത് ശബരിമലക്കാലത്തും കണ്ടതാണ്; ഏത് വസ്ത്രമിട്ട് ചട്ടം ലംഘിച്ചാലും അത് ലംഘനമാണെന്ന് പറയലാണ് മതേതരത്വം: അരുണ്‍ കുമാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഓച്ചിറ: മുസ്‌ലിമായതിന്റെ പേരില്‍ പൊലീസ് അനാവശ്യമായി തടഞ്ഞുവെച്ചെന്ന യുവാവിന്റെ ആരോപണം വിവാദമായിരിക്കെ, സംഭവത്തില്‍ പ്രതികരണവുമായി മാധ്യമപ്രവര്‍ത്തകന്‍ അരുണ്‍ കുമാര്‍.

കൊവിഡ് സാഹചര്യത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തിയ ഞായറാഴ്ച ദിവസം തന്നെ യാത്രക്കായി തെരഞ്ഞെടുത്തതിനെ ചോദ്യം ചെയ്തുകൊണ്ടാണ് അരുണ്‍ കുമാര്‍ ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റില്‍ തന്റെ അനിയത്തി പഠിക്കുന്നു എന്ന് അഫ്‌സല്‍ മണിയില്‍ പറയുന്ന എം.എസ്.എം കോളേജ് ഇതുവരെ അടച്ചിട്ടില്ലെന്നും അനിയത്തിയെ കൂട്ടിക്കൊണ്ട് വരാന്‍ പോയ യാത്ര പിറ്റേ ദിവസത്തേക്ക് മാറ്റി വെക്കാമായിരുന്നതാണ് എന്നും അരുണ്‍ കുമാര്‍ പോസ്റ്റില്‍ പറഞ്ഞു.

ഒരു വിദ്യാര്‍ത്ഥിനിയെ ഹോസ്റ്റലില്‍ നിന്ന് കൂട്ടിക്കൊണ്ട് വരാന്‍ മൂന്ന് പേരടങ്ങുന്ന സംഘം പോയ യാത്രയെ അവശ്യ യാത്രയായി പരിഗണിക്കാന്‍ കഴിയില്ല. പൊലീസുദ്യോഗസ്ഥന്‍ തന്റെ കൃത്യനിര്‍വഹണമാണ് നടത്തിയതെന്നാണ് മനസ്സിലാക്കുന്നതെന്നും അരുണ്‍ കുമാര്‍ പ്രതികരിച്ചു.

ചട്ടം ലഘിച്ച യാത്രക്കാരിയുടെ സ്വത്വവാദ പ്രതിരോധം അനവസരത്തിലെ വാള്‍ വീശലായി. കുറ്റകൃത്യത്തിന് ഡിഫന്‍സായി സ്വത്വ വസ്ത്രമുപയോഗിച്ച ദൃശ്യങ്ങള്‍ ശബരിമലക്കാലത്തും നമ്മള്‍ കണ്ടതാണ്. ഏത് വസ്ത്രമിട്ട് നാടിന്റെ ചട്ടം ലംഘിച്ചാലും അത് ലംഘനമാണ് എന്ന് പറയലാണ് മതേതരത്വമെന്നും അരുണ്‍ കുമാര്‍ തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസമായിരുന്നു അനിയത്തിയെ കോളേജ് ഹോസ്റ്റലില്‍ നിന്നും കൂട്ടിക്കൊണ്ട് വരാന്‍ ഉമ്മക്കൊപ്പം പോയ തങ്ങളെ പൊലീസ് തടഞ്ഞുവെന്ന് അഫ്‌സല്‍ മണിയില്‍ എന്ന ഫേസ്ബുക്ക് പ്രൊഫൈലിലൂടെ യുവാവ് ആരോപണമുന്നയിച്ചത്. കേരള പൊലീസിലെ സംഘിയെ കണ്ടുമുട്ടി എന്ന് പറഞ്ഞായിരുന്നു പോസ്റ്റ് എഴുതിയത്.

പോസ്റ്റിനൊപ്പം വീഡിയോയും ഫോട്ടോകളും ഷെയര്‍ ചെയ്തിരുന്നു. മുസ്‌ലിമായതിന്റെ പേരിലാണ് തങ്ങളെ പൊലീസ് തടഞ്ഞതെന്നായിരുന്നു അഫ്സല്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞത്.

കോളേജിലെത്താന്‍ 5 കിലോമീറ്റര്‍ ദൂരം മാത്രം ബാക്കിനില്‍ക്കെ ഓച്ചിറ സ്റ്റേഷനിലെ പൊലീസുകാര്‍ തടയുകയായിരുന്നുവെന്നും സത്യവാങ്മൂലമടക്കമുള്ള എല്ലാ രേഖകളും കയ്യിലുണ്ടായിട്ടും പൊലീസ് പോകാന്‍ അനുവദിച്ചില്ലെന്നുമാണ് പോസ്റ്റില്‍ പറഞ്ഞിരുന്നത്.

തങ്ങളെ മാത്രം തടയുന്നെന്തിനാണെന്നും പര്‍ദ്ദയാണോ പ്രശ്നമെന്നും ഉമ്മ പൊലീസിനോട് ചോദിച്ചെന്നും, അതേ നിങ്ങളുടെ വസ്ത്രം തന്നെയാണ് പ്രശ്നമെന്നായിരുന്നു പൊലീസിന്റെ മറുപടിയെന്നും അഫ്സല്‍ തന്റെ പോസ്റ്റില്‍ ആരോപിച്ചിരുന്നു.

വാര്‍ത്തകളില്‍ മാത്രം കേട്ടിട്ടുള്ള കേരളാ പൊലീസിലെ സംഘിയെ നേരില്‍ കാണാന്‍ കഴിഞ്ഞെന്ന് പറഞ്ഞുകൊണ്ടായിരുന്നു അഫ്‌സലിന്റെ ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിച്ചത്.

അരുണ്‍ കുമാര്‍ പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം;

ഏത് യൂണിഫോം സര്‍വീസിലും വലത് രാഷ്ട്രീയത്തിന്റെ ഫ്യൂഡലഭ്യാസങ്ങളും പ്രയോഗങ്ങളും സ്വാഭാവികമാണ് എന്നതുകൊണ്ടാണ് ഓച്ചിറയിലെ ന്യൂനപക്ഷ സ്വത്വവസ്ത്ര രാഷ്ട്രീയാരോപണ വീഡിയോ ആവര്‍ത്തിച്ച് കണ്ടത്.

ചോദ്യം ഇതാണ്. ഈ യാത്ര അവശ്യയാത്രയായിരുന്നോ? ഇന്നലെ പോകാമായിരുന്ന, നാളത്തേക്ക് മാറ്റിവെക്കാമായിരുന്ന (എം.എസ്.എം കോളേജിലെ (അടച്ചിട്ടില്ല) വിദ്യാര്‍ത്ഥിനിയെ ഹോസ്റ്റലില്‍ നിന്ന് കൂട്ടിക്കൊണ്ട് വരാന്‍ മൂന്ന് പേരടങ്ങുന്ന സംഘം പോയ യാത്ര) യാത്രയെ അവശ്യ യാത്രയായി പരിഗണിക്കാന്‍ കഴിയില്ല.

ആ പൊലീസുദ്യോഗസ്ഥന്‍ നടത്തിയത് കൃത്യമായ കൃത്യനിര്‍വഹണമാണ് എന്നാണ് മനസ്സിലാക്കുന്നത്. ഇന്നൊഴിവാക്കാന്‍ കഴിയാവുന്ന യാത്രയ്ക്ക് നിയന്ത്രണമുള്ള ഇന്ന് തന്നെ തെരഞ്ഞെടുത്തത് ഒരു പക്ഷെ വേണ്ടത്ര ധാരണയില്ലാത്തതിനാലാവാം. പക്ഷെ ചട്ടം ലഘിച്ച യാത്രക്കാരി നടത്തിയ സ്വത്വവാദപ്രതിരോധം അനവസരത്തിലെ വാള്‍ വീശലായി.

കുറ്റകൃത്യത്തിന് ഡിഫന്‍സായി സ്വത്വ വസ്ത്രമുപയോഗിച്ച ദൃശ്യങ്ങള്‍ ശബരിമലക്കാലത്തും നമ്മള്‍ കണ്ടതാണ്. ഏത് വസ്ത്രമിട്ട് നാടിന്റെ ചട്ടം ലംഘിച്ചാലും അത് ലംഘനമാണ് എന്ന് പറയലാണ് മതേതരത്വം. ഈ തോക്ക് വെച്ച് പുല്‍ച്ചാടിയെ വെടിവെച്ച് കളിക്കരുത്. അത് ഉപയോഗിക്കേണ്ടത് എവിടാണെന്ന് പഠിക്കാതെ പോയത് എന്തുകൊണ്ടായിരിക്കും.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Arun Kumar Facebook post on Oachira police incident, Afsal Maniyil post

We use cookies to give you the best possible experience. Learn more