ദീപാവലി, രാമനവമി, ഗണേശോത്സവം, വിഷു ഇതൊക്കെ വോട്ടുത്സവങ്ങളായി മാറുന്ന പ്രതിഭാസം കാണാതെ പോകരുത്: അരുണ്‍ കുമാര്‍
Kerala News
ദീപാവലി, രാമനവമി, ഗണേശോത്സവം, വിഷു ഇതൊക്കെ വോട്ടുത്സവങ്ങളായി മാറുന്ന പ്രതിഭാസം കാണാതെ പോകരുത്: അരുണ്‍ കുമാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 13th April 2022, 11:05 pm

കോഴിക്കോട്: കാല് പിടിപ്പിച്ച് കൈനീട്ടം നല്‍കിയ സുരേഷ് ഗോപിയുടെ വീഡിയോ ചര്‍ച്ചയായിതിന് പിന്നാലെ പ്രതികരണവുമായി മാധ്യമപ്രവര്‍ത്തകന്‍ അരുണ്‍ കുമാര്‍. ദീപാവലി, രാമനവമി, ഗണേശോത്സവം ,വിഷു ഇതൊക്കെ വോട്ടുത്സവങ്ങളായി മാറുന്ന പ്രതിഭാസം ഇതിനിടയില്‍ നമ്മള്‍ കാണാതെ പോകരുതെന്ന് അരുണ്‍ കുമാര്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റ്‌ലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘രാജ്യസഭയില്‍ നിന്ന് ലോക്‌സഭയിലേക്കുള്ള യാത്രയ്‌ക്കൊരുങ്ങാന്‍ ലഭിച്ച ഉപദേശം ശിരസ്സാ വഹിച്ചതു പോലെയാണ്. കര്‍ഷകരെ ആക്ഷേപിച്ചും ലക്ഷം രൂപയുടെ ‘ഗാന്ധി ചിത്രമുള്ള ‘ ഒരു രൂപ നോട്ടിറക്കിയും കാണിക്കയ്ക്ക് ഒരു ദിനം മുന്‍പേ കാല്‍തൊട്ടവര്‍ക്ക് കാണിക്ക കൊടുത്തും കൊഴുപ്പിച്ചതാണ്. നന്‍മയുള്ള അര്‍ബന്‍ റിച്ച് ആല്‍ഫാ മെയില്‍ അപ്പര്‍ കാസ്റ്റ് സ്റ്റാറിന്റെ മാസ്സ് എന്‍ട്രിയാണ് സ്‌ക്രിപ്റ്റില്‍. ഹിറ്റാക്കാന്‍ പോന്ന ഒരു കമ്മ്യൂണല്‍സിവില്‍ സൊസൈറ്റിയാണ് ടാര്‍ജറ്റ്. ദീപാവലി, രാമനവമി, ഗണേശോത്സവം ,വിഷു ഇതൊക്കെ വോട്ടുത്സവങ്ങളായി മാറുന്ന പ്രതിഭാസം ഇതിനിടയില്‍ നമ്മള്‍ കാണാതെ പോകരുത്,’ അരുണ്‍ കുമാര്‍ പറഞ്ഞു.

തന്‍ പ്രമാണിത്തത്തിന്റെയും ആണധികാരത്തിന്റെയും ഉത്തമ മാതൃകയാണ് സുരേഷ് ഗോപിയെന്നാണ് വിഷയത്തില്‍ കോണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാന്റെ പ്രതികരണം.

‘പ്രിയ സുരേഷ് ഗോപി, അങ്ങ് കാലില്‍ നമസ്‌കരിപ്പിച്ചിട്ട് കയ്യില്‍ കൊടുത്ത ആ പണത്തെ വിഷു കൈനീട്ടം എന്ന് പറയരുത്, സിനിമാ ലൊക്കേഷനില്‍ മറ്റോ ആണെന്ന് കരുതിയോ? തന്‍ പ്രമാണിത്തത്തന്റെയും ആണധികാരത്തിന്റെയും ഉത്തമ മാതൃകയായിട്ടാണ് താങ്കള്‍ അവിടെ നടന്ന ആ ചടങ്ങ് നിര്‍വഹിച്ചത്.

ഏതെങ്കിലും രണ്ടു പുരുഷന്മാര്‍ക് ആ പറയപ്പെട്ട കൈനീട്ടം കൊടുക്കാമായിരുന്നില്ലേ? അങ്ങയുടെ കാല്‍ ആ സ്ത്രീകള്‍ പിടിച്ചപ്പോള്‍ ഒരല്‍പം ഉളുപ്പ് തോന്നിയില്ലല്ലോ, തമ്പ്രാന്‍മാരുടെ കാലമൊക്കെ കഴിഞ്ഞു ശ്രീ. സുരേഷ് ഗോപീ, ചെയ്തത് തെറ്റായിപ്പോയെന്നെങ്കിലും ഒന്ന് പറയൂ താരമേ,’ ഷാനിമോള്‍ ഉസ്മാന്‍ പറഞ്ഞു.