ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ എന്‍.ഡി.എ സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നതിന് തൊട്ടുമുന്‍പായി മോദിയ്ക്ക് കത്തയച്ച് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി.
കേന്ദ്രധനമന്ത്രി സ്ഥാനത്തുനിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ടാണ് ജെയ്റ്റ്‌ലിയുടെ കത്ത്. തന്റെ ആരോഗ്യകാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താനും ചികിത്സയ്ക്കും മറ്റുമായി കൂടുതല്‍ സമയം ചിലവഴിക്കേണ്ടതായുണ്ടെന്നും അതിനാല്‍ തന്നെ പുതിയ സര്‍ക്കാരില്‍ പുതിയ ചുമതലകളും ഉത്തരവാദിത്തങ്ങളും ഏറ്റെടുക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നുമാണ് കത്തില്‍ പറയുന്നത്.
കഴിഞ്ഞ അഞ്ച് വര്‍ഷം എന്‍.ഡി.എ സര്‍ക്കാരിന്റെ ഭാഗമായിരിക്കാന്‍ കഴിഞ്ഞത് അഭിമാനമായി കരുതുന്നു. എന്നാല്‍ കഴിഞ്ഞ 18 മാസമായി താന്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്.
നിലവിലുള്ള ഉത്തരവാദിത്തങ്ങളില്‍ നിന്നും തിരക്കുകളില്‍ നിന്നും മാറിനില്‍ക്കാനാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. അതിനാല്‍ പുതിയ സര്‍ക്കാരിന്റെ ഭാഗമാകേണ്ട ഈ വേളയില്‍ പുതിയ ചുമതലകളൊന്നും നല്‍കരുതെന്നാണ് അഭ്യര്‍ത്ഥനയെന്നും ഔദ്യോഗികപദവികളൊന്നും ഇല്ലെങ്കിലും സര്‍ക്കാരിന് പിന്തുണയുമായി താന്‍ ഉണ്ടാകുമെന്നും ജെയ്റ്റ്‌ലി കത്തില്‍ പറയുന്നു.