ന്യൂദല്‍ഹി: കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി വിദഗ്ധ ചികിത്സയ്ക്കായി അമേരിക്കയിലേക്ക്. വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് ശേഷമുള്ള തുടര്‍ ചിതിത്സക്കായാണ് പോയത്.
2018 മേയില്‍ ദല്‍ഹി എയിംസ് ആശുപത്രിയില്‍ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്കു വിധേയനായിരുന്നു ജെയ്റ്റ്‌ലി. ഒമ്പതു മാസങ്ങളായി അരുണ്‍ ജയ്റ്റ്‌ലി വൃക്ക ചികിത്സയിലാണ്.
ശസ്ത്രക്രിയയ്ക്കു ശേഷം ഓഗസ്റ്റിലാണ് അദ്ദേഹം തിരികെ ചുമതലയില്‍ പ്രവേശിച്ചത്.അരുണ്‍ ജെയ്റ്റ്‌ലിയുടെ അഭാവത്തില്‍ റെയില്‍വേ മന്ത്രി പിയൂഷ് ഗോയലിനാണ് ധനമന്ത്രാലയത്തിന്റെ താല്ക്കാലിക ചുമതല നല്‍കിയിരിക്കുന്നത്
ഫെബ്രുവരി ഒന്നിന് നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഈ ഭരണകാലയളവിലെ അവസാന ബജറ്റ് അവതരിപ്പിക്കാനിരിക്കെയാണ് ധനമന്ത്രി ചികിത്സാ ആവശ്യത്തിന് വിദേശത്തേക്ക് പോയത്. അതിനുമുമ്പ് ചികിത്സ പൂര്‍ത്തിയാക്കി അദ്ദേഹം മടങ്ങുമെന്ന് അടുത്ത കേന്ദ്രങ്ങള്‍ സൂചിപ്പിച്ചു.
ബി.ജെ.പി യുടെ പ്രചരണങ്ങളുടെ നേതൃത്വം നല്‍കാനിരിക്കെയാണ് അരുണ്‍ ജെയിറ്റ്‌ലിയുടെ അമേരിക്കന്‍ യാത്ര. വൃക്ക മാറ്റിവെച്ച ശേഷമുള്ള ആദ്യത്തെ വിദേശയാത്ര കൂടിയാണിത്.