'മുമ്പ് ധനമന്ത്രിയായിരുന്നതിന്റെ ആഢംബരം എനിക്കില്ല'; യശ്വന്ത് സിന്‍ഹയ്ക്ക് മറുപടിയുമായി അരുണ്‍ ജെയ്റ്റ്‌ലി
Daily News
'മുമ്പ് ധനമന്ത്രിയായിരുന്നതിന്റെ ആഢംബരം എനിക്കില്ല'; യശ്വന്ത് സിന്‍ഹയ്ക്ക് മറുപടിയുമായി അരുണ്‍ ജെയ്റ്റ്‌ലി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 28th September 2017, 10:59 pm

ന്യൂദല്‍ഹി: മുന്‍ കേന്ദ്ര ധനകാര്യമന്ത്രിയും ബി.ജെ.പി നേതാവുമായ യശ്വന്ത് സിന്‍ഹയ്ക്ക് മറുപടിയുമായി ധനമന്ത്രി അരുണ്‍ ജെയ്റ്റലി. സര്‍ക്കാര്‍ നയങ്ങള്‍ അഴിമതി ഇല്ലാതാക്കാന്‍ വേണ്ടിയുളളതാണെന്നായിരുന്നു ജെയ്റ്റ്‌ലിയുടെ മറുപടി. മുമ്പ് ധനമന്ത്രി ആയിരുന്നതിന്റെ ആഢംബരം തനിക്കില്ലെന്നും അദ്ദേഹം മറുപടി നല്‍കി. സാമ്പത്തിക രംഗത്ത് ഒറ്റയടിക്ക് മാറ്റങ്ങളുണ്ടാക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

“”മുമ്പ് ധനമന്ത്രി ആയിരുന്നതിന്റെ ആഢംബരം എനിക്കില്ലെന്ന് ഞാന്‍ സമ്മതിക്കുന്നു. കൂടാതെ മുമ്പ് ധനമന്ത്രി ആയിരുന്ന് ഇപ്പോള്‍ കോളമിസ്റ്റ് ആയി മാറിയതിന്റെ ആഢംബരവും ഇല്ല””, എന്നായിരുന്നു യശ്വന്ത് സിന്‍ഹയുടെ പേര് പരാമര്‍ശിക്കാതെ ജെയ്റ്റ്‌ലി നല്‍കിയ മറുപടി.

രാജ്യത്തെ സമ്പദ് ഘടനയെ പുനരുജ്ജീവിപ്പിക്കുന്നതില്‍ ജെയ്റ്റ്ലി പരാജയപ്പെട്ടെന്നും 2019ലെ പൊതു തെരഞ്ഞെടുപ്പിന് മുമ്പ് മാന്ദ്യം മറികടക്കാന്‍ കഴിയില്ലെന്നുമായിരുന്നു സിന്‍ഹയുടെ വിമര്‍ശനം.

ദേശീയ മാധ്യമമായ ഇന്ത്യന്‍ എക്‌സ്പ്രസില്‍ “എനിക്കിപ്പോള്‍ സംസാരിക്കണം” എന്ന തലക്കെട്ടില്‍ എഴുതിയ ലേഖനത്തിലാണ് വാജ്‌പേയി മന്ത്രിസഭയില്‍ ധനകാര്യ മന്ത്രിയായിരുന്ന സിന്‍ഹ മോദി മന്ത്രിസഭയ്ക്കെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്.