'നികുതിദായകര്‍ക്ക് നേരിട്ട് നഷ്ടം സംഭവിച്ചു; ഓഡിറ്റര്‍മാര്‍ എന്തു ചെയ്യുകയായിരുന്നു?'; പി.എന്‍.ബി വായ്പ്പാ തട്ടിപ്പില്‍ പ്രതികരണവുമായി അരുണ്‍ ജയ്റ്റ്‌ലി
PNB fraud
'നികുതിദായകര്‍ക്ക് നേരിട്ട് നഷ്ടം സംഭവിച്ചു; ഓഡിറ്റര്‍മാര്‍ എന്തു ചെയ്യുകയായിരുന്നു?'; പി.എന്‍.ബി വായ്പ്പാ തട്ടിപ്പില്‍ പ്രതികരണവുമായി അരുണ്‍ ജയ്റ്റ്‌ലി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 20th February 2018, 7:40 pm

ന്യൂദല്‍ഹി: പി.എന്‍.ബി വായ്പ്പാ തട്ടിപ്പില്‍ പ്രതികരണവുമായി കേന്ദ്രധനകാര്യമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. തട്ടിപ്പിന്റെ ഉത്തരവാദിത്തം മുഴുവന്‍ ബാങ്കുകള്‍ക്കും ഓഡിറ്റര്‍മാര്‍ക്കുമാണെന്നാണ് ജയ്റ്റ്‌ലിയുടെ പ്രതികരണം.

നികുതിദായകര്‍ക്കാണ് നേരിട്ട് നഷ്ടം സംഭവിച്ചത്. ബാങ്കുകളുടേയും ഓഡിറ്റര്‍മാരുടേയും വീഴ്ചയാണ് തട്ടിപ്പിനു കാരണം. ഓഡിറ്റര്‍മാര്‍ എന്തുചെയ്യുകയായിരുന്നുവെന്നും ധനമന്ത്രി ചോദിച്ചു.

വജ്രവ്യാപാരിയായ നിരവ് മോദി 11,000 കോടി രൂപയിലധികമാണ് പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും തട്ടിയത്. ഇത് യു.പി.എ കാലത്താണ് നടന്നതെന്ന് പറഞ്ഞ് പ്രതിരോധം തീര്‍ക്കാന്‍ ബി.ജെ.പി ശ്രമിച്ചുവെങ്കിലും രേഖകള്‍ കേന്ദ്ര ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ ഇത് നടന്നത് നരേന്ദ്രമോദിയുടെ ഭരണത്തിനു കീഴിലാണെന്ന് തെളിഞ്ഞു.

തട്ടിപ്പുമായി ബന്ധപ്പെട്ട് സി.ബി.ഐ പി.എന്‍.ബിയിലെ നാല് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തിരുന്നു. ബെച്ചു തിവാരി, സഞ്ജയ് കുമാര്‍ ബിശ്വാസ്, മൊഹിന്ദര്‍ കുമാര്‍ ശര്‍മ, മനോജ് കാരാട്ട് എന്നീ ഉദ്യോഗസ്ഥരെയാണ് തട്ടിപ്പുമായി ബന്ധപ്പെട്ട് സി.ബി.ഐ ചോദ്യം ചെയ്തത്. നരിമാന്‍ പോയിന്റ് ബ്രാഞ്ചിലെ ചീഫ് മാനേജരായ ബെച്ചു തിവാരി ഫെബ്രുവരി 2015 മുതല്‍ ഒക്ടോബര്‍ 2017 വരെയാണ് അവിടെ ജോലി ചെയ്തിരുന്നത്.

സിംഗിള്‍ വിന്‍ഡോ ഓപ്പറേറ്ററായിരുന്ന മനോജ് കാരാട്ട് നവംബര്‍ 2014 നവംബര്‍ മുതല്‍ ഡിസംബര്‍ 2017 വരെയാണ് ജോലി ചെയ്തിരുന്നത്. മെയ് 2016 മുതല്‍ ഒക്ടോബര്‍ 2017 വരെയാണ് അസിസ്റ്റന്റ് ജനറല്‍ മാനേജരായി സഞ്ജയ് കുമാര്‍ പ്രസാദും നവംബര്‍ 2015 മുതല്‍ ജൂലൈ 2017 വരെയാണ് കണ്‍കറന്റ് ഓഡിറ്ററായി മൊഹിന്ദറും ജോലി ചെയ്തിട്ടുള്ളത്.