വിദ്യാഭ്യാസ യോഗ്യതാ വിവാദം: സ്മൃതി ഇറാനിയെ രക്ഷിക്കാന്‍ രാഹുലിനെതിരെ പഴയ ആരോപണം കുത്തിപ്പൊക്കി അരുണ്‍ ജെയ്റ്റ്‌ലി
ന്യൂദല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വിദ്യാഭ്യാസ യോഗ്യതയുമായി ബന്ധപ്പെട്ട് ആരോപണവുമായി ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. മാസ്റ്റേഴ്‌സ് ഡിഗ്രിയില്ലാതെയാണ് രാഹുല്‍ എംഫില്‍ നേടിയതെന്നാണ് ജെയ്റ്റ്‌ലിയുടെ ആരോപണം.
കേന്ദ്രമന്ത്രി സ്മൃതി ഇറാനി വിദ്യാഭ്യാസ യോഗ്യതയുമായി ബന്ധപ്പെട്ട തെറ്റായ വിവരങ്ങള്‍ നല്‍കിയെന്ന പ്രതിപക്ഷ ആരോപണത്തിനു പിന്നാലെയാണ് ജെയ്റ്റ്‌ലി സ്മൃതി ഇറാനിയ്‌ക്കെതിരെ ആരോപണവുമായി രംഗത്തുവന്നിരിക്കുന്നത്.
ഫേസ്ബുക്കിലൂടെയാണ് ജെയ്റ്റ്‌ലിയുടെ ആരോപണം. രാഹുല്‍ ഗാന്ധിയുടെ വിദ്യാഭ്യാസയോഗ്യതയുമായി ബന്ധപ്പെട്ട് ഒരു പരസ്യ ഓഡിറ്റ് നടത്തിയാല്‍ പല കാര്യങ്ങളും പുറത്തുവരുമെന്നും ജെയ്റ്റ്‌ലി പറയുന്നു.
‘ ഇന്ന് ബി.ജെ.പി സ്ഥാനാര്‍ത്ഥിയുടെ വിദ്യാഭ്യാസ യോഗ്യത ചര്‍ച്ചയായിരിക്കുകയാണ്. അതും രാഹുല്‍ ഗാന്ധിയുടെ അക്കാദമിക് യോഗ്യതയുമായി ബന്ധപ്പെട്ട് പല ചോദ്യങ്ങള്‍ക്കും ഉത്തരം കിട്ടാതെ കിടക്കുമ്പോള്‍. എല്ലാറ്റിനുമുപരി അദ്ദേഹത്തിന് മാസ്റ്റേഴ്‌സ് ഡിഗ്രിയില്ലാതെയാണ് എംഫില്‍ ലഭിച്ചത്.’ എന്നും ജെയ്റ്റ്‌ലി പറഞ്ഞു.
2009ല്‍ രാഹുല്‍ ഗാന്ധിയുടെ വിദ്യാഭ്യാസ യോഗ്യതയുമായി ബന്ധപ്പെട്ട് ആരോപണം ഉയര്‍ന്നിരുന്നു. രാഹുല്‍ ട്രിനിറ്റി കോളജിലെ വിദ്യാര്‍ഥിയായിരുന്നെന്നും 1995ല്‍ ഡെവലപ്പ്‌മെന്റ് സ്റ്റഡീസില്‍ എംഫില്‍ നേടിയിട്ടുണ്ടെന്നും കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി അറിയിച്ചിരുന്നു.
ബിരുദധാരിയല്ലെന്ന പ്രതിപക്ഷത്തിന്റെ ആരോപണം നേരത്തെ തള്ളിയ സ്മൃതി ഇറാനി കഴിഞ്ഞദിവസം തെരഞ്ഞെടുപ്പു കമ്മീഷനു മുമ്പാകെ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ താന്‍ ബിരുദധാരിയല്ലെന്ന് വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് സ്മൃതി ഇറാനിയുടെ വിദ്യാഭ്യാസ യോഗ്യതയുമായി ബന്ധപ്പെട്ട പ്രശ്‌നം വീണ്ടും ചര്‍ച്ചയായത്. ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ ബിരുദ കോഴ്സിന് എന്റോള്‍ ചെയ്തെങ്കിലും പൂര്‍ത്തിയാക്കിയില്ലെന്നാണ് സ്മൃതി ഇറാനി അറിയിച്ചത്.
വിദ്യാഭ്യാസ യോഗ്യതയുടെ പേരില്‍ ഏറെ വിവാദങ്ങള്‍ വരുത്തി വെച്ച സ്മൃതി 1991-ല്‍ സെക്കന്‍ഡറി വിദ്യാഭ്യാസവും 1993 ല്‍ സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാഭ്യാസവും പൂര്‍ത്തിയാക്കിയെന്നാണ് സത്യവാങ്മൂലത്തില്‍ പറയുന്നത്. 1994-ല്‍ ദല്‍ഹി യൂണിവേഴ്സിറ്റിയുടെ വിദൂര വിദ്യാഭ്യാസ പദ്ധതിയിലൂടെ ബികോം ബിരുദ കോഴ്സിന് ചേര്‍ന്നെങ്കിലും അത് പൂര്‍ത്തിയാക്കിയിട്ടില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്.
2004ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ദല്‍ഹിയിലെ ചാന്ദ്‌നി ചൗക്കില്‍ നിന്ന് മത്സരിക്കുമ്പോള്‍ നല്‍കിയ സത്യവാങ്മൂലത്തില്‍, താന്‍ ദല്‍ഹി സര്‍വകലാശാലയുടെ വിദൂര വിദ്യാഭ്യാസംവഴി 1996-ല്‍ ബി.എ പൂര്‍ത്തിയാക്കിയെന്നാണ് സമൃതി പറഞ്ഞിരുന്നത്. കൂടാതെ യേല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം കരസ്ഥമാക്കിയെന്നും അവകാശപ്പെട്ടിരുന്നു.
എന്നാല്‍ പതിനാറാം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അമേഠിയില്‍ രാഹുല്‍ഗാന്ധിക്കെതിരെ മത്സരിക്കുമ്പോള്‍ നല്‍കിയ സത്യവാങ്മൂലത്തിലാകട്ടെ, ദല്‍ഹി സര്‍വകലാശാലയുടെ വിദൂരവിദ്യാഭ്യാസംവഴി 1994-ല്‍ കോമേഴ്‌സ് ബിരുദത്തിന്റെ ഒന്നാം പാര്‍ട്ട്, അഥവാ ഒന്നാംവര്‍ഷം പൂര്‍ത്തിയാക്കിയെന്നായിരുന്നു കാണിച്ചിരുന്നത്.