| Tuesday, 17th October 2017, 8:59 am

'അതിര്‍ത്തിയില്‍ കാവലിരിക്കുന്നവര്‍ക്ക് ആയുധം വേണ്ടേ? നികുതിയടക്കുന്നത് രാജ്യസ്‌നേഹമാണ്' ജി.എസ്.ടിയെ ന്യായീകരിച്ച് ജെയ്റ്റ്‌ലി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സമ്പദ് വ്യവസ്ഥ നിലവില്‍ നേരിടുന്ന പ്രതിസന്ധികള്‍ക്ക് അല്പായുസ്സുമാത്രമേയുള്ളൂവെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. അറിവില്ലായ്മകൊണ്ടോ അല്ലെങ്കില്‍ രാഷ്ട്രീയം കൊണ്ടോ ആണ് ചിലയാളുകള്‍ ഇതിനെ സാമ്പത്തിക പ്രതിസന്ധിയെന്നൊക്കെ വിശേഷിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, മുന്‍ ധനമന്ത്രി പി. ചിദംബരം, കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി തുടങ്ങിയവരും യശ്വന്ത് സിന്‍ഹ, ശത്രുഘ്‌നന്‍ സിന്‍ഹ തുടങ്ങിയ ബി.ജെ.പി നേതാക്കളും സമ്പദ് വ്യവസ്ഥ തകരുകയാണെന്ന ആശങ്കയറിയിച്ച് മുന്നോട്ടുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് ജെയ്റ്റ്‌ലിയുടെ പ്രതികരണം.

ഇന്ത്യന്‍ സാമ്പത്തിക രംഗം തിരിച്ചുവരവിന്റെ പാതയിലാണെന്നു പറഞ്ഞ അദ്ദേഹം സെപ്റ്റംബര്‍ മാസത്തിലെ സാമ്പത്തിക കണക്കുകള്‍ പ്രകാരം നാണയപ്പെരുപ്പം അതേനിലയിലും വ്യാവസായിക മേഖലയില്‍ പ്രതീക്ഷിച്ചതിലും ഉയര്‍ന്ന വളര്‍ച്ചയുമാണെന്നും അദ്ദേഹം അവകാശപ്പെട്ടു.


Also Read: ‘ചുമ്മാ വന്ന് ചൂഴ്‌ന്നെടുത്ത് പോണം ചേച്ചീ…’; കണ്ണിന്റെ ചിത്രം പ്രൊഫൈല്‍ പിക്ചര്‍ ആക്കി സരോജ് പാണ്ഡയെ വെല്ലുവിളിച്ച് മലയാളികള്‍


നികുതിയടക്കുകയെന്നത് രാജ്യസ്‌നേഹമാണെന്നു പറഞ്ഞാണ് നോട്ടുനിരോധനത്തെയും ജി.എസ്.ടിയെയും ജനദ്രോഹപരമായ നീക്കമെന്ന് വിശേഷിപ്പിക്കുന്നതിനെ അദ്ദേഹം പ്രതിരോധിച്ചത്.

“നോട്ടുനിരോധനത്തിനുശേഷം 18 ലക്ഷം ജനങ്ങള്‍ അവ്യക്തമായ ഇടപാടുകള്‍ നടത്തി. അവരെ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. പക്ഷെ ആ 18ലക്ഷം എന്നത് ഇന്ത്യന്‍ ജനസംഖ്യയുടെ ഒരു ശതമാനത്തിലും താഴെയാണ്.” നോട്ടുനിരോധനത്തെ ന്യായീകരിച്ച് അദ്ദേഹം പറഞ്ഞു.

“നികുതിയടക്കുകയെന്നത് ദേശസ്‌നേഹമാണ്. നമ്മുടെ സൈന്യത്തിന് ആയുധമെത്തിച്ചില്ലെങ്കില്‍ എങ്ങനെയാണ് ഇന്ത്യ സ്വയം പ്രതിരോധിക്കുക? പാവപ്പെട്ടവരെ ഇന്ത്യയെങ്ങനെയാണ് സംരക്ഷിക്കുക?” ജെയ്റ്റ്‌ലി ചോദിച്ചു

We use cookies to give you the best possible experience. Learn more