| Friday, 11th January 2019, 9:52 pm

ദാരിദ്ര്യം മതേതര മാനദണ്ഡം; ദാരിദ്ര്യം സംവരണത്തിന് അടിസ്ഥാനമാക്കുന്നത് ഭരണഘടനാ വിരുദ്ധമല്ലെന്ന് അരുണ്‍ ജെയ്റ്റ്‌ലി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദാരിദ്ര്യം സംവരണത്തിന് മാനദണ്ഡമാക്കുന്നത് ഒരു തരത്തിലും ഭരണഘടനയുടെ അടിസ്ഥാന ചട്ടക്കൂടിന് എതിരെല്ലെന്ന് കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി.

“സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കുള്ള സംവരണ ബില്‍ രണ്ട് സഭകളിലും പാസായിരിക്കുന്നു. ഉടന്‍ തന്നെ അത് ഇന്ത്യന്‍ ഭരണഘടനയുടെ ഭാഗമാകും”- ജെയ്റ്റ്‌ലി തന്റെ ബ്ലോഗില്‍ കുറിച്ചു.

“ഇന്ത്യയില്‍ സാമൂഹികമായും ചരിത്രപരമായും ഉള്ള അടിച്ചമര്‍ത്തലുകള്‍ നിര്‍ണ്ണയിക്കുന്ന ഘടകം ജാതിയായിരുന്നു. എന്നാല്‍ ദാരിദ്ര്യം ഒരു മതേതര മാനദണ്ഡമാണ്. അത് സമുദായങ്ങള്‍ക്കും മതങ്ങള്‍ക്കും അപ്പുറമാണ്. ദാരിദ്ര്യത്തെ സംവരണത്തിന്റെ മാനദണ്ഡമാക്കുന്നത് ഭരണഘടനയുടെ അടിസ്ഥാന ചട്ടക്കൂടിന് എതിരല്ല”- ജെയ്റ്റ്‌ലി അവകാശപ്പെട്ടു.

Also Read സംവരണത്തിന് 50 ശതമാനം പരിധി വെച്ചത് തെരഞ്ഞെടുപ്പ് നേട്ടത്തിനായി ദുരുപയോഗം ചെയ്യപ്പെടാതിരിക്കാന്‍; മുന്‍ ചീഫ് ജസ്റ്റിസ് എ.എം അഹ്മദി

ജനങ്ങളുടെ രാഷ്ട്രീയ, സാമൂഹ്യ, സാമ്പത്തിക സുരക്ഷ സര്‍ക്കാര്‍ ഉറപ്പു വരുത്തുകയാണെങ്കില്‍ എല്ലാവര്‍ക്കും തുല്യ അവസരവും നീതിയും വേണമെന്ന് ഭരണഘടനയുടെ ഉപക്രമത്തില്‍ പറയുക വഴി ഭരണഘടനാ നിര്‍മ്മാതാക്കളും ഇതു തന്നെയാണ് ഉദ്ദേശിച്ചതെന്നും ജെയ്റ്റ്‌ലി ആരോപിച്ചു.

ഇന്ദ്രാ സാഹ്നി കേസില്‍ ജാതി സംവരണം 50 ശതമാനത്തിന് മേല്‍ പാടില്ല എന്ന് സുപ്രീം കോടതി പറഞ്ഞത് ജാതി സംവരണത്തിന് മാത്രമാണ് ബാധകമെന്നും സാമ്പത്തിക സംവരണത്തിന് അത് ബാധകമല്ലെന്നും ജെയ്റ്റ്‌ലി തന്റെ ബ്ലോഗില്‍ വാദിക്കുന്നു.

അതേസമയം സാമ്പത്തിക സ്ഥിതി മാത്രം കണക്കിലെടുത്ത് പിന്നാക്കാവസ്ഥ നിര്‍ണ്ണയിക്കാന്‍ കഴിയില്ലെന്നും സംവരണ വിഷയം തെരഞ്ഞെടുപ്പില്‍ ദുരുപയോഗം ചെയ്യപ്പെടാതിരിക്കാനാണ് സംവരണത്തിന് 50 ശതമാനം പരിധി വെച്ചതെന്ന് മണ്ഡല്‍ കമ്മീഷന്‍ വിധിയുടെ ഭാഗമായിരുന്ന മുന്‍ ചീഫ് ജസ്റ്റിസ് എ.എം അഹ്മദി പറഞ്ഞിരുന്നു.

മുന്നാക്ക വിഭാഗത്തില്‍ പെട്ടവര്‍ക്കുള്ള 10 ശതമാനം സംവരണം സുപ്രീം കോടതി സംവരണവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ വിധിക്കെതിരെയുള്ള പ്രത്യക്ഷമായ എതിര്‍പ്പാണെന്നും അദ്ദേഹം പറഞ്ഞു

“ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 16 പ്രകാരം സാമ്പത്തിക സ്ഥിതി മാത്രം അടിസ്ഥാനമാക്കി പിന്നാക്കാവസ്ഥ നിശ്ചയിക്കാന്‍ കഴിയില്ല. ഞങ്ങളുടെ വിധിയില്‍ ഇത് തീരുമാനിച്ചതാണ്. ഇത് വളരെ വ്യക്തവുമാണ്. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നീക്കം സുപ്രീം കോടതിയിലെ ഭരണഘടനാ ബെഞ്ചുമായി പ്രത്യക്ഷമായി യോജിച്ചു പോകാത്തതാണ്”- എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

We use cookies to give you the best possible experience. Learn more