അടിയന്തരാവസ്ഥക്കാലത്തിന്റെ 43ാം വാര്‍ഷികമോര്‍മ്മിപ്പിച്ച് കോണ്‍ഗ്രസ്സിനെതിരെ കേന്ദ്ര മന്ത്രി അരുണ്‍ ജെയ്റ്റ്ലി. ഹിറ്റ്ലറെയും ഇന്ദിരാ ഗാന്ധിയെയും തമ്മില്‍ താരതമ്യം ചെയ്തുകൊണ്ടാണ് വാര്‍ഷികദിനത്തില്‍ അരുണ്‍ ജെയ്റ്റ്ലി അടിയന്തിരാവസ്ഥയെ അവലോകനം ചെയ്യുന്നത്.
“ഇന്ദിരാഗാന്ധിയും ഹിറ്റ്ലറും ഭരണഘടനയെ റദ്ദുചെയ്തിട്ടില്ല. മറിച്ച്, റിപ്പബ്ലിക്കന്‍ ഭരണഘടന ഉപയോഗപ്പെടുത്തി ജനാധിപത്യത്തെ ഏകാധിപത്യമാക്കി മാറ്റി. പാര്‍ലമെന്റിലെ തന്റെ എതിര്‍കക്ഷികളെയെല്ലാം അറസ്റ്റു ചെയ്ത്, തന്റെ സര്‍ക്കാരിന് മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടിക്കൊടുത്ത ഭരണാധികാരിയാണ് ഹിറ്റ്ലര്‍.” ജെയ്റ്റ്ലി ട്വിറ്ററിലെഴുതിയ കുറിപ്പുകളില്‍ പറയുന്നു.
ഹിറ്റ്ലറില്‍ നിന്നും വ്യത്യസ്തമായി ഇന്ദിരാഗാന്ധി ഇന്ത്യയെ ഒരു “വംശാധിഷ്ഠിത ജനാധിപത്യ”മാക്കി മാറ്റിയെന്നും ജെയ്റ്റ്ലി പറയുന്നുണ്ട്.
പ്രതിപക്ഷം രാജ്യത്ത് ക്രമസമാധാനലംഘനത്തിന് പദ്ധതിയിടുന്നുണ്ടെന്നു സമര്‍ത്ഥിച്ച് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഇന്ദിരാഗാന്ധിയുടെ പ്രവൃത്തി ഹിറ്റ്ലറുടെ റെയ്ക്സ്റ്റാക്ക് നയത്തെ ഓര്‍മ്മിപ്പിക്കുന്നുവെന്നാണ് ജയ്റ്റ്ലിയുടെ പക്ഷം.
അടിയന്തരാവസ്ഥയെക്കുറിച്ച് മൂന്നു ഭാഗങ്ങളായി എഴുതുന്ന കുറിപ്പുകളിലെ രണ്ടാമത്തെ കുറിപ്പില്‍ ജയ്റ്റ്ലി ഹിറ്റ്ലറുടെയും ഇന്ദിരാഗാന്ധിയുടെയും സാമ്പത്തിക നയങ്ങളെ താരതമ്യപ്പെടുത്തുന്നുണ്ട്. “ഹിറ്റ്ലര്‍ 25 പോയിന്റുകളുള്ള സാമ്പത്തിക പദ്ധതിയാണ് പ്രഖ്യാപിച്ചത്, ഇന്ദിരാഗാന്ധി 20 പോയിന്റുകളുള്ളതും. ഈ വ്യത്യാസം മാറ്റാനായി സഞ്ജയ് 5 പോയിന്റുകളുള്ള അദ്ദേഹത്തിന്റെ പദ്ധതിയും കൊണ്ടുവന്നു.” എന്നാണ് ജെയ്റ്റ്ലിയുടെ പരിഹാസം.
അടിയന്തരാവസ്ഥ മുന്‍കൂട്ടി തീരുമാനിക്കപ്പെട്ട തിരക്കഥ പ്രകാരമാണ് പ്രഖ്യാപിച്ചതെന്നും തെളിവുകള്‍ നിരത്തി ജയ്റ്റ്ലി കുറിപ്പുകളില്‍ പ്രസ്താവിക്കുന്നുണ്ട്. “1933ല്‍ നാസി ജര്‍മനിയില്‍ നടന്നതില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണോ ഈ തിരക്കഥ തയ്യാറാക്കിയിട്ടുള്ളത്?” എന്നും അദ്ദേഹം ചോദിക്കുന്നു.
രാജ്യത്തെ ജനങ്ങളുടെ സംരക്ഷണത്തിനായി അടിയന്തരാവസ്ഥ കൊണ്ടുവരാനുള്ള അധികാരം നല്‍കുന്ന 48ാം ആര്‍ട്ടിക്കിള്‍ ഭരണഘടന പ്രകാരം കൊണ്ടുവന്നാണ് ഹിറ്റ്ലര്‍ പരമാധികാരം പിടിച്ചെടുത്തതെന്നും, ഇന്ദിരാഗാന്ധിയും ഇന്ത്യന്‍ ഭരണഘടനയിലെ ആര്‍ട്ടിക്കള്‍ 352 ഉപയോഗിച്ചാണ് അടിയന്തരാവസ്ഥ നടപ്പാക്കിയതെന്ന് ജയ്റ്റലി ചൂണ്ടികാണിക്കുന്നു. ഇരുവരും പ്രതിപക്ഷ പാര്‍ട്ടികള്‍ സര്‍ക്കാരിനും രാജ്യത്തിനും ആപത്കരമായ പദ്ധതികളില്‍ ഏര്‍പ്പെടുകയാണെന്ന് വരുത്തിതീര്‍ത്തു.
ഇരുവരും തെരഞ്ഞെടുപ്പ് രീതികളെയും പാര്‍ലമെന്റ് ഭരണസംവിധാനത്തെയും തങ്ങള്‍ക്കനുകൂലമാക്കി മാറ്റുന്നതിനുവേണ്ടി നിയമം വളച്ചൊടിക്കുകയായിരുന്നെന്നും ജെയ്റ്റലി പറയുന്നു.
“ഈ ഏകാധിപതികള്‍ ജനങ്ങള്‍ തങ്ങളില്‍ നിന്ന് അകന്നുകൊണ്ടിരിക്കുകയാണെന്ന് മനസ്സിലാക്കിയിരുന്നില്ല. ഒരൊറ്റ സ്രോതസ്സില്‍ നിന്നും വരുന്ന വിലയിരുത്തലുകള്‍ക്ക് മാത്രം ചെവികൊടുത്തിരുന്ന ഇരുവരും തങ്ങള്‍ക്ക് മികച്ച ജനസമ്മതിയുണ്ടെന്ന് വിശ്വസിച്ചു. എതിരഭിപ്രായം ഒന്നും തന്നെയില്ലെന്നായിരുന്നു ഇവര്‍ കരുതിയിരുന്നത്. സ്വന്തം അജണ്ടകള്‍ മാത്രം പ്രചരിപ്പിക്കുകയും സ്വതന്ത്രമായ അഭിപ്രായ പ്രകടനത്തിന് നിരോധനം ഏര്‍പ്പെടുത്തുകയുമായിരുന്നു ഹിറ്റ്ലറും ഇന്ദിരാ ഗാന്ധിയും.” ജെയ്റ്റലി പറയുന്നു.