ന്യൂദല്‍ഹി : രൂപയുടെ മൂല്യം കുറഞ്ഞത് ആഗോള സമ്പദ് വ്യവസ്ഥയിലുണ്ടായ മാറ്റം കൊണ്ടാണെന്ന് കേന്ദ്രധനമന്തി അരുണ്‍ ജെയ്റ്റലി. ഹിന്ദുസ്ഥാന്‍ ടൈംസിന്റെ ലീഡര്‍ഷിപ്പ് സമ്മിറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കറന്‍സിയുടെ മൂല്യം കുറയുന്നത് ഒരു ആഗോളപ്രതിഭാസമാണെന്നും ഇന്ത്യന്‍ രൂപയുടെ മാത്രമല്ല ലോകത്തിലെ എല്ലാ കറന്‍സികളുടേയും മൂല്യം കുത്തനെ ഇടിയുകയാണെന്നും ജെയ്റ്റ്ലി പറഞ്ഞു.
വരുന്ന രണ്ട് ദശാബ്ദം കൊണ്ട് ലോകത്തിലെ എറ്റവും വലിയ ശക്തിയായി ഇന്ത്യ ഉയര്‍ന്നുവരും. ചൈനയുടെ വളര്‍ച്ചക്കൊപ്പം എത്താന്‍ ഇന്ത്യയെ സജ്ജമാക്കുമെന്നും പരിപാടിയില്‍ ജെയ്റ്റ്ലി അവകാശപ്പെട്ടു.
Also Read:എന്നെ പാര്‍ട്ടി ഏല്‍പ്പിച്ച ചില ദൗത്യങ്ങളുണ്ട്, അത് നിറവേറ്റും; നിലപാട് വ്യക്തമാക്കി ദിവ്യ സ്പന്ദന
ഇന്ത്യയിലേക്കൊഴുകുന്ന ഫോറിന്‍ ഇന്‍വെസ്റ്റ്മെന്റിനെ രൂപയുടെ മൂല്യത്തകര്‍ച്ച ബാധിക്കില്ല. ഇനിയുള്ള ഇരുപത് വര്‍ഷങ്ങള്‍ കൊണ്ട് മധ്യവര്‍ഗത്തിന്റെ പര്‍ച്ചേസിങ് പവര്‍ വര്‍ധിക്കും. അത് ആഗോളതലത്തില്‍ തന്നെ സ്വാധീനം ചെലുത്തും. ഇതിനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്തുവരികയാണെന്നും ജെയ്റ്റ്‌ലി പറഞ്ഞു.
തുടര്‍ച്ചയായി രൂപയുടെ മൂല്യം കുത്തനെ കുറയുന്ന സാഹചര്യമാണുള്ളത്. 73.76 ആണ് നിലവിലെ മൂല്യം. അടിക്കടി ഉയരുന്ന ഇന്ധനവിലയും ഇന്ത്യന്‍ കറന്‍സിയുടെ മൂല്യത്തകര്‍ച്ചയും കേന്ദ്രസര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്ന സമയത്താണ് കേന്ദ്രധനമന്ത്രി ഇത്തരമൊരു ന്യായവാദവുമായി രംഗത്തുവന്നിരിക്കുന്നത്.