| Wednesday, 5th September 2018, 11:24 pm

ഡോളറിനെതിരെ മൂല്യത്തകര്‍ച്ചയില്ല; മറ്റു കറന്‍സികളെ അപേക്ഷിച്ച് രൂപ മെച്ചപ്പെട്ട അവസ്ഥയിലെന്നും ധനകാര്യ മന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഡോളറിനെതിരെ രൂപയ്ക്കു മൂല്യത്തകര്‍ച്ചയില്ലെന്ന് കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജയ്റ്റ്ലി. രൂപയുടെ വിനിമയ നിരക്കില്‍ പെട്ടന്നുണ്ടായ മാറ്റത്തെക്കുറിച്ച് മാധ്യമങ്ങളോടു സംസാരിക്കവേയാണ് അദ്ദേഹം മൂല്യത്തകര്‍ച്ച സംഭവിച്ചിട്ടില്ലെന്ന് ആവര്‍ത്തിച്ചത്.


ALSO READ: “സംഘപരിവാര്‍ കാക്കി ട്രൗസര്‍ മാറ്റി പാന്റ്‌സ് ആക്കിയിട്ടുണ്ട്”: സേവാഭാരതിയുടെ പ്രളയാനന്തര സേവന പ്രചരണങ്ങളെ പൊളിച്ച് ആള്‍ട്ട് ന്യൂസ്.ഇന്‍


ഡോളര്‍ ഒട്ടുമിക്ക കറന്‍സികളുമായുള്ള വിനിമയത്തിലും മുന്നേറിയിട്ടുണ്ടെന്നും രൂപയ്ക്കു മാത്രമായി ഇടിവുണ്ടായിട്ടില്ലെന്നുമാണ് മന്ത്രിയുടെ വാദം. “രൂപ സ്ഥിരമായ ഉയര്‍ച്ച നേടുകയോ മാറ്റമില്ലാതെ തുടരുകയോ ചെയ്തിട്ടുണ്ട്. അല്ലാതെ ഇടിവുണ്ടായിട്ടില്ല. മറ്റു കറന്‍സികളെ അപേക്ഷിച്ച് കഴിഞ്ഞ 4-5 വര്‍ഷത്തിനിടെ രൂപ മെച്ചപ്പെട്ട നിലയിലെത്തുകയാണുണ്ടായിട്ടുള്ളത്.” ജയ്റ്റ്ലി പറയുന്നു.

റിസര്‍വ് ബാങ്ക് വേണ്ടതെല്ലാം ചെയ്യുന്നുണ്ട്. ഇക്കാര്യത്തില്‍ ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായ ഇന്ത്യ ആശങ്കപ്പെടുകയോ പരിഭ്രാന്തരാകുകയോ ചെയ്യേണ്ടതില്ല, ജയ്റ്റ്ലി വിശദീകരിച്ചു. ഡോളറിന്റെ വിനിമയനിരക്കിലെ ഉയര്‍ച്ച സാര്‍വദേശീയ പ്രതിഭാസമാണെന്നാണ് മന്ത്രിയുടെ നിരീക്ഷണം.


ALSO READ: തെരഞ്ഞെടുപ്പ് വിജയം ലക്ഷ്യമിട്ട് ജനങ്ങള്‍ക്ക് 50 ലക്ഷം സ്മാര്‍ട്ട് ഫോണ്‍ വിതരണം ചെയ്യാനൊരുങ്ങി ബി.ജെ.പി; ഒപ്പം ജിയോ സിമ്മും മോദി ആപ്പും


കഴിഞ്ഞ ദിവസം ഡോളറിനെതിരെ രൂപ റെക്കോര്‍ഡ് തകര്‍ച്ചയായ 71.58ല്‍ എത്തിയിരുന്നു. പ്രധാനമന്ത്രി ജന്‍ ധന്‍ യോജന ലോകത്തിലെ തന്നെ ഏറ്റവും വലിയ സാമ്പത്തിക ക്ഷേമ പദ്ധതിയണെന്നും ജയ്റ്റ്ലി കൂട്ടിച്ചേര്‍ത്തു. പദ്ധതിക്കുകീഴില്‍ 32.41 ലക്ഷം അക്കൗണ്ടുകളാണ് തുറക്കപ്പെട്ടത്. ഇതില്‍ 83 ശതമാനവും ആധാറുമായി ബന്ധപ്പെടുത്തിയിട്ടുള്ളവയാണ്.

We use cookies to give you the best possible experience. Learn more