| Thursday, 26th July 2018, 11:54 am

ഹനാനെ സിനിമയില്‍ അഭിനയിപ്പിക്കുമെന്ന തീരുമാനത്തില്‍ മാറ്റമില്ല; നിലപാട് വ്യക്തമാക്കി അരുണ്‍ ഗോപി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ഹനാനെ തന്റെ പുതിയ ചിത്രത്തില്‍ അഭിനയിപ്പിക്കുമെന്ന തീരുമാനത്തില്‍ മാറ്റമില്ലെന്ന് സംവിധായകന്‍ അരുണ്‍ ഗോപി. ഹനാന്‍ ദരിദ്ര പശ്ചാത്തലത്തില്‍ നിന്നുള്ള കുട്ടിയാണെന്ന കാര്യം തനിക്ക് നല്ല ബോധ്യമുണ്ടെന്നും അതുകൊണ്ടുതന്നെ തീരുമാനത്തില്‍ മാറ്റമില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്. മാതൃഭൂമി ന്യൂസിനോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹനാനെ തനിക്ക് മുമ്പ് പരിചയമുണ്ടെന്ന ആരോപണം വസ്തുതാവിരുദ്ധമാണ്. മാതൃഭൂമി പത്രത്തിലെ വാര്‍ത്ത കണ്ടാണ് ഹനാനെ കുറിച്ച് മനസിലാക്കുന്നത്. ഈ വാര്‍ത്ത ഷെയര്‍ ചെയ്തപ്പോള്‍ ഈ കുട്ടിക്ക് സിനിമയില്‍ അവസരം നല്‍കിക്കൂടേയെന്ന് അതിനു താഴെ ഒരാള്‍ കമന്റിട്ടു. നോക്കാം എന്ന് അതിനു മറുപടി പറഞ്ഞു. ഗൗരവമായിട്ടാണോ പറഞ്ഞതെന്ന് അതിനു താഴെ ഒരു മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചു. തീര്‍ച്ചയായും എന്ന് മറുപടി നല്‍കുകയും ചെയ്തു. ഇതാണ് യഥാര്‍ത്ഥത്തില്‍ നടന്നതെന്നാണ് അദ്ദേഹം പറയുന്നത്.

Also Read:ഹനാന് സിനിമയില്‍ അവസരം കൊടുക്കാമെന്ന് പറഞ്ഞത് പബ്ലിസിറ്റിക്ക് വേണ്ടിയായിരുന്നില്ല; സംവിധായകന്‍ അരുണ്‍ ഗോപി

സിനിമയില്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റോ മറ്റോ ആയി അവസരം നല്‍കാമെന്നായിരുന്നു ആദ്യം കരുതിയത്. ഒരു മാധ്യമപ്രവര്‍ത്തകയാണ് ഹനാന്റെ നമ്പര്‍ സംഘടിപ്പിച്ചു തനിക്കു നല്‍കിയത്. തുടര്‍ന്ന് പെണ്‍കുട്ടിയെ വിളിച്ച് സംസാരിച്ചപ്പോള്‍ അഭിനയിക്കാനാണ് താല്‍പര്യമെന്ന് അറിഞ്ഞു. തുടര്‍ന്നാണ് സിനിമയില്‍ അഭിനയിപ്പിക്കാമെന്ന തീരുമാനമെടുത്തതെന്നും അരുണ്‍ ഗോപി പറയുന്നു.

പെണ്‍കുട്ടി സാമ്പത്തികശേഷിയില്ലാത്ത കുടുംബത്തില്‍ നിന്നുള്ളതാണെന്നാണ് തനിക്ക് അവരോട് സംസാരിച്ചതില്‍ നിന്നും മനസിലാക്കാനായത്. അതുകൊണ്ടുതന്നെ അഭിനയിപ്പിക്കുമെന്ന തീരുമാനത്തില്‍ മാറ്റമില്ലെന്നും അരുണ്‍ ഗോപി വ്യക്തമാക്കി.

Also Read:അഭിമന്യുവധം: ക്യാമ്പസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി മുഹമ്മദ് റിഫ അറസ്റ്റില്‍; കൊലപാതകത്തിന്റെ മുഖ്യസൂത്രധാരനെന്ന് പൊലീസ്

സിനിമയുടെ പബ്ലിസിറ്റിക്കുവേണ്ടിയുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്ന ആക്ഷേപം തള്ളിയ അദ്ദേഹം സഹായം ചെയ്യുമ്പോള്‍ ക്രൂശിക്കുന്നത് ശരിയായ പ്രവണതയല്ലെന്നും പറഞ്ഞു.

കൊച്ചി പാലാരിവട്ടം തമ്മനം ജംങ്ഷനില്‍ കോളജ് യൂണിഫോം ധരിച്ച് മീന്‍ വില്‍ക്കുന്ന ഹനാന്‍ എന്ന പെണ്‍കുട്ടിയെക്കുറച്ചുളള മാതൃഭൂമി പത്രത്തിന്റെ റിപ്പോര്‍ട്ടാണ് കഴിഞ്ഞദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായത്. വാര്‍ത്ത വലിയ ചര്‍ച്ചയായതോടെ ഹനാനെ തേടി നിരവധിപേരെത്തി.

എന്നാല്‍ പിന്നീട് ഈ സംഭവം വെറും നാടകമാണെന്നും മറ്റുള്ളവരെ കബളിപ്പിക്കുകയാണെന്നും ചൂണ്ടിക്കാട്ടി ചിലര്‍ രംഗത്തെത്തുകയായിരുന്നു.
ഇതോടെയാണ് സംഭവം വിവാദമായത്.

We use cookies to give you the best possible experience. Learn more