| Wednesday, 20th July 2022, 7:56 am

'മെറിറ്റ്' കൊണ്ട് സ്ഥാനം നേടിയ മനുഷ്യന്‍, നിങ്ങള്‍ മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം; നിവിന്‍ പോളിക്ക് ആശംസകളുമായി അരുണ്‍ ഗോപി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നിവിന്‍ പോളിയെ പറ്റി സംവിധായകന്‍ അരുണ്‍ ഗോപി പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടുന്നു. സിനിമയിലേക്ക് കൈ പിടിച്ചു കയറ്റാന്‍ ഒരു ഗോഡ്ഫാദറില്ലാതെ തന്റെ ‘മെറിറ്റ്’ കൊണ്ട് സിനിമയിലൊരു സ്ഥാനം നേടിയെടുത്ത നടനാണ് നിവിന്‍ പോളിയെന്ന് അരുണ്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. സ്‌ക്രീന്‍ പ്രേസന്‍സില്‍ ആരോടും കിട പിടിക്കുന്ന ആ പഴയ ലുക്കുള്ള നിവിന്‍ ആയി തിരിച്ചു വരട്ടെയെന്നും കുറിപ്പില്‍ പറയുന്നു.

സിനിമയെ സ്വപ്നം കണ്ടു അതിന്റെ പിറകെ അലയുന്ന പ്രതിഭയുള്ള ഒത്തിരിപേരുണ്ടെന്നും അവര്‍ക്കൊരു പ്രതീക്ഷയായി നിങ്ങളിവിടെ തന്നെ കാണണമെന്നും പറഞ്ഞ് ഒപ്പം നിവിന്‍റെ പുതിയ ചിത്രമായ മഹാവീര്യര്‍ക്ക് ആശംസകളും നേര്‍ന്നാണ് അരുണ്‍ ഗോപി പങ്കുവെച്ച കുറിപ്പ് അവസാനിക്കുന്നത്. സനല്‍ കുമാര്‍ പത്മനാഭന്‍ എഴുതിയ കുറിപ്പ് കടപ്പാട് വെച്ചാണ് അരുണ്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചത്.

അരുണ്‍ ഗോപി പങ്കുവെച്ച കുറിപ്പ്

ബി.ടെക് എടുത്തു സോഫ്റ്റ്‌വെയര്‍ എഞ്ചിനിയര്‍ ആയി ആരും മോഹിക്കുന്നൊരു കമ്പനിയില്‍ നല്ലൊരു പാക്കേജില്‍ ജോലി ചെയ്യുക എന്ന സേഫ് സോണ്‍ വിട്ടിട്ടു, കൈപിടിച്ചു കയറ്റാന്‍ ഒരു ഗോഡ്ഫാദറോ പിന്തുണക്കാനൊരു പുല്‍നാമ്പോ ഇല്ലാത്ത മലയാളസിനിമാലോകത്തേക്ക് ഭാഗ്യം പരീക്ഷിക്കാനിറങ്ങി, ഓഡിഷനുകളില്‍ കയറിയിറങ്ങി അവസാനം തന്റെ ‘മെറിറ്റ്’ കൊണ്ട് സിനിമയിലൊരു സ്ഥാനം നേടിയ മനുഷ്യനുണ്ട് ഈ ആലുവയില്‍.

സിനിമയില്‍ അരങ്ങേറി പന്ത്രണ്ട് വര്‍ഷങ്ങള്‍ കൊണ്ടയാള്‍, കൂട്ടുകാര്‍ക്ക് വേണ്ടി എന്തും ചെയ്യുന്ന മലര്‍വാടിയിലെ ചൂടന്‍ പ്രകാശനില്‍ നിന്നും, തട്ടമിട്ടു വന്ന ആയിഷയെ കണ്ടാല്‍ പിന്നെ ചുറ്റുമൊന്നും കാണാന്‍ കഴിയാത്ത വിധം അവളില്‍ അഡിക്ട് ആയിപോയ വിനോദിലേക്കും, പുഞ്ചിരിക്കുന്ന സൗമ്യനായ ക്രൂരന്‍ രാഹുല്‍ വൈദ്യരിലേക്കും, ക്രിക്കറ്റ് പ്രാന്ത് മൂലം അച്ഛന്റെ മോഹങ്ങള്‍ തകര്‍ത്ത മകനായും, മകന്റെ ക്രിക്കറ്റ് പ്രാന്തിനു കൂടെ നില്കുന്ന അച്ഛനായ വിനോദിലേക്കും, നിഷ്‌കളങ്കന്‍ കുട്ടനിലേക്കും, ഭൂലോക തരികിട ഉമേഷിലേക്കും, പിന്നെ അയാളെ അയാളാക്കി മാറ്റിയ ജോര്‍ജിലേക്കും, പണിയെടുക്കുന്നവന്റെ പടച്ചോനായ ദുബായില്‍ അപ്പന്റെ കടബാധ്യതകളുടെ ഭാരം തീര്‍ക്കാനായി വിയര്‍പ്പൊഴുക്കുന്ന ജെറിയിലേക്കും, എം.ഫിലും പി.ജിയുമെടുത്തു കോളേജില്‍ അധ്യാപകനായി ജോലി ചെയ്യവേ പോലീസ് ഉദ്യോഗം സ്വപ്നം കണ്ടു ടെസ്റ്റ് എഴുതി, സബ് ഇന്‍സ്‌പെക്ടര്‍ പോസ്റ്റ് വാശിയോടെ നേടിയെടുത്ത ബിജുവിലേക്കും, മൂത്തോനിലേക്കും, തുറമുഖത്തിലേക്കും, മാറു മറക്കാത്ത കാലത്തെ സമരചരിത്രം പറഞ്ഞ സിനിമയില്‍ സഖാവായിട്ടും, പാവങ്ങളുടെ പോരാളിയായ കായംകുളം കൊച്ചുണ്ണിയായിട്ടും അസാധ്യമായ പെര്‍ഫെക്ഷനോടെ അയാള്‍ കഥാപാത്രങ്ങളിലേക്ക് പരകായപ്രവേശം ചെയ്‌തെങ്കിലും, ‘ഓ അയാള്‍ സേഫ് സോണ്‍ വിട്ടൊരു കളിയുമില്ല ‘ എന്ന വിശേഷണം നിരൂപകര്‍ ചാര്‍ത്തിതരുന്നത് കണ്ടു നിറചിരിയോടെ നിന്നൊരാള്‍.

അയാളുടെ ആഗ്രഹത്തിനൊത്തു വഴങ്ങികൊടുക്കാത്ത ശരീരവുമായി ഇന്നയാള്‍ പ്രെസ് മീറ്റില്‍ ‘എന്റെ പുതിയ പടം വിനയ് ഗോവിന്ദന്റെ താരം ആണ്, അത് ഞാന്‍ ഒരു ബ്രെക്കിന് ശേഷം ആണ് ചെയ്യുന്നത് കുറച്ചു നാള്‍ ഒന്ന് വര്‍ക്ഔട്ട് ചെയ്തു ശരീര ഭാരം കുറച്ച ശേഷം’ എന്ന് പറയുന്നത് കേട്ടപ്പോള്‍ അതിയായ സന്തോഷം.

അങ്ങേര് സ്‌ക്രീന്‍ പ്രസന്‍സില്‍ ആരോടും കിട പിടിക്കുന്ന ആ പഴയ ലുക്കുള്ള നിവിന്‍ ആയി തിരിച്ചു വരട്ടെ. നിവിന്‍ ഭായ്, വ്യത്യസ്തങ്ങളായ നിരവധി സിനിമകളുമായി നിങ്ങള്‍ മലയാളസിനിമയില്‍ നിറഞ്ഞു നില്‍ക്കേണ്ടത് ഒരു കാലഘട്ടത്തിന്റെ ആവശ്യമാണ്.

കാരണം പതിനഞ്ചു വര്‍ഷത്തിന് മുന്‍പുള്ള നിങ്ങളെപ്പോലെ, സിനിമഫീല്‍ഡില്‍ പിന്തുണക്കാനും കൈ പിടിച്ചു കയറ്റാനും ആരുമില്ലെങ്കിലും, സിനിമയെ സ്വപ്നം കണ്ടു അതിന്റെ പിറകെ അലയുന്ന പ്രതിഭയുള്ള ഒത്തിരിപേരുണ്ട്. അവര്‍ക്കൊരു പ്രതീക്ഷയായി നിങ്ങളിവിടെ തന്നെ കാണണം. മഹാവീര്യറിനു എല്ലാ വിധ ആശംസകളും.
കടപ്പാട്

Content Highlight: Arun gopi said that Nivin Pauly is an actor who won a place in the cinema on his ‘merit’ without a godfather to take him by the hand in his facebook post

We use cookies to give you the best possible experience. Learn more