ആ തമിഴ് സിനിമ പ്രേക്ഷകര്‍ ഏറ്റെടുത്തതാണ് ഗഗനചാരി ചെയ്യാന്‍ എനിക്ക് ധൈര്യം തന്നത്: അരുണ്‍ ചന്തു
Entertainment
ആ തമിഴ് സിനിമ പ്രേക്ഷകര്‍ ഏറ്റെടുത്തതാണ് ഗഗനചാരി ചെയ്യാന്‍ എനിക്ക് ധൈര്യം തന്നത്: അരുണ്‍ ചന്തു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 6th July 2024, 7:48 pm

മലയാളസിനിമ ഇതുവരെ കണ്ടിട്ടില്ലാത്ത കഥാപരിസരവും കഥപറച്ചിലുമായി വന്ന സിനിമയാണ് ഗഗനചാരിയ അരുണ്‍ ചന്തു സംവിധാനം ചെയ്ത ചിത്രത്തില്‍ ഗോകുല്‍ സുരേഷ്, അനാര്‍ക്കലി മരിക്കാര്‍, ഗണേഷ് കുമാര്‍ എന്നിവരാണ് പ്രധാന താരങ്ങള്‍. റിലീസിന് മുമ്പ് ചലച്ചിത്രമേളകളില്‍ പ്രീമിയര്‍ ചെയ്ത ചിത്രത്തിന് ഗംഭീര പ്രതികരണമായിരുന്നു ലഭിച്ചത്.

ലിമിറ്റഡ് സ്‌ക്രീനുകളില്‍ മാത്രം റിലീസ് ചെയ്ത ചിത്രം ബോക്‌സ് ഓഫീസില്‍ മികച്ച പ്രകടനമാണ് കാഴ്ച വെക്കുന്നത്. 2040ല്‍ അന്യഗ്രഹ ജീവികളുടെ പിടിയലകപ്പെട്ട കേരളത്തിന്റെ കഥയാണ് മോക്യുമെന്ററി ഴോണറില്‍ ഒരുങ്ങിയിരിക്കുന്നത്. വ്യത്യസ്ത കഥകള്‍ കൊണ്ട് സിനിമാപ്രേമികളെ ഞെട്ടിക്കുന്ന മലയാളം ഇന്‍ഡസ്ട്രിയിലെ ഏറ്റവും പുതിയ പരീക്ഷണ ചിത്രം കൂടിയാണ് ഗഗനചാരി.

ഇത്തരത്തിലൊരു സിനിമ പ്രേക്ഷകര്‍ സ്വീകരിക്കുമെന്ന ധൈര്യം തന്ന ചിത്രങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ അരുണ്‍ ചന്തു. തമിഴില്‍ നിന്ന് പുറത്തുവന്ന സൂപ്പര്‍ ഡീലക്‌സ് എന്ന ചിത്രം പ്രേക്ഷകര്‍ സ്വീകരിച്ചതാണ് ഗഗനചാരി ചെയ്യാന്‍ തനിക്ക് ധൈര്യം തന്നതെന്ന് അരുണ്‍ ചന്തു പറഞ്ഞു. ത്യാഗരാജന്‍ കുമരരാജയുടെ രണ്ട് സിനിമകളും തനിക്ക് പ്രചോദനമാണെന്നും അരുണ്‍ ചന്തു കൂട്ടിച്ചേര്‍ത്തു. ഗഗനചാരിയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് എസ്.എസ് മ്യൂസിക്കിന് നല്‍കിയ അഭിമുഖത്തിലാണ് അരുണ്‍ ചന്തു ഇക്കാര്യം പറഞ്ഞത്.

‘ഗഗനചാരി ചെയ്യാന്‍ പോകുന്ന സമയത്ത് പലരും എന്നോട് ചോദിച്ചിരുന്നു, ഇതുപോലൊരു സിനിമ ഓഡിയന്‍സ് ഏറ്റെടുക്കുമോ എന്ന്. ഫിലിം ഫെസ്റ്റിവലിന് ആളുകള്‍ കാണുന്നതിനെക്കാള്‍ ബോക്‌സ് ഓഫീസില്‍ എത്രത്തോളം ഷൈന്‍ ചെയ്യുമെന്ന് പലരും ചോദിച്ചിരുന്നു. സൂപ്പര്‍ ഡീലക്‌സ് പോലൊരു സിനിമ ഓഡിയന്‍സ് ഏറ്റെടുത്തത് കണ്ടിട്ടാണ് എനിക്ക് ധൈര്യം വന്നത്.

ത്യാഗരാജന്‍ കുമരരാജ സാറിന്റെ ആരണ്യകാണ്ഡവും എനിക്ക് ഇഷ്ടമാണ്. തമിഴ് സിനിമയില്‍ മാറ്റത്തിന് വഴിയൊരുക്കിയ സിനമകളാണ് ആരണ്യകാണ്ഡവും സൂപ്പര്‍ ഡീലക്‌സും. ആ സിനിമകള്‍ എന്റെ ഫേവറൈറ്റാണ്. എത്ര കാലം കഴിഞ്ഞാലും ഈ സിനിമകളുടെ പ്രാധാന്യമൊന്നും ഒട്ടും കുറയില്ലെന്ന് ഉറപ്പാണ്. ക്ലാസിക്കുകളാണ് ആ സിനിമകള്‍,’ അരുണ്‍ ചന്തു പറഞ്ഞു.

Content Highlight: Arun Chandu saying that Super Deluxe was inspiration for Gaganachari