മലയാളസിനിമ ഇതുവരെ കണ്ടിട്ടില്ലാത്ത കഥാപരിസരവും കഥപറച്ചിലുമായി വന്ന സിനിമയാണ് ഗഗനചാരി. അരുണ്‍ ചന്തു സംവിധാനം ചെയ്ത ചിത്രത്തില്‍ ഗണേഷ് കുമാര്‍, ഗോകുല്‍ സുരേഷ്, അനാര്‍ക്കലി മരിക്കാര്‍ എന്നിവരാണ് പ്രധാന താരങ്ങള്‍. റിലീസിന് മുമ്പ് ചലച്ചിത്രമേളകളില്‍ പ്രീമിയര്‍ ചെയ്ത ചിത്രത്തിന് ഗംഭീര പ്രതികരണമായിരുന്നു ലഭിച്ചത്. വളരെ കുറച്ച് സ്‌ക്രീനുകളില്‍ മാത്രം റിലീസ് ചെയ്ത സിനിമ മൗത്ത് പബ്ലിസിറ്റിയിലൂടെ പ്രേക്ഷക ശ്രദ്ധ നേടുകയാണ്.
അന്യഗ്രഹജീവികളുടെ വരവോടുകൂടി താളം തെറ്റിയ പോസ്റ്റ് അപ്പൊകാലിപ്റ്റിക് കാലഘട്ടത്തിലാണ് സിനിമയുടെ കഥ നടക്കുന്നത്. 2040ലെ കേരളത്തിന്റെ അവസ്ഥ മോക്ക്യുമെന്ററി ഴോണറില്‍ വരച്ചുകാട്ടിയ ചിത്രം മലയാളത്തിലെ മികച്ച പരീക്ഷണ ചിത്രങ്ങളുടെ പട്ടികയില്‍ മുന്നില്‍ നില്‍ക്കുന്നതാണ്. സിനിമയുടെ ഒരു ഭാഗത്ത് മോഹന്‍ലാലിന്റെ പഴയകാല ചിത്രം വാസ്തുഹാരയിലെ ഡയലോഗ് ഉള്‍പ്പെടുത്തിയതിനെക്കുറിച്ച് സംസാരിക്കുകായാണ് സംവിധായകന്‍ അരുണ്‍ ചന്തു.
രണ്ട് വര്‍ഷം മുമ്പ് തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ ഇതേ ഡയലോഗ് ഷെയര്‍ ചെയ്തപ്പോള്‍ ആരും വലിയ കാര്യമാക്കിയില്ലെന്നും എന്നാല്‍ ഗഗനചാരിയില്‍ ആ ഡയലോഗ് പറയുന്നത് കേട്ടപ്പോള്‍ പലരും ആ സിനിമ ഏതെന്ന് അന്വേഷിച്ചിറങ്ങിയെന്ന് അരുണ്‍ ചന്തു പറഞ്ഞു. ചിലര്‍ വാസ്തുഹാര കണ്ടിട്ട് ഗഗനചാരി കാരണമാണ് വാസ്തുഹാരയെപ്പറ്റി അറിഞ്ഞതെന്നും പറഞ്ഞ് തനിക്ക് നന്ദി അറിയിച്ചെന്നും അരുണ്‍ ചന്തു പറഞ്ഞു.
ജി. അരവിന്ദന്‍ ഒരുക്കിയ എക്കാലത്തെയും വലിയ ക്ലാസിക് ചിത്രം വീണ്ടും ആളുകള്‍ കാണുന്നതിന് തങ്ങളുടെ സിനിമ കാരണമായതില്‍ സന്തോഷമുണ്ടെന്നും അരുണ്‍ കൂട്ടിച്ചേര്‍ത്തു. ഗഗനചാരിയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തിലാണ് അരുണ്‍ ചന്തു ഇക്കാര്യം പറഞ്ഞത്.
‘സിനിമയെ സീരിയസായി കണ്ടുതുടങ്ങിയ സമയത്താണ് ഞാന്‍ വാസ്തുഹാരയെപ്പറ്റി അറിഞ്ഞത്. പക്ഷേ ആ സിനിമയെപ്പറ്റി അധികമാരും സംസാരിക്കുന്നത് കണ്ടിട്ടില്ല. ഇത് കൂടുതല്‍ ആളുകളിലേക്ക് എത്തണമെന്ന ചിന്തയില്‍ രണ്ട് വര്‍ഷം മുന്നേ വാസ്തുഹാരയിലെ ഡയലോഗ് ഞാന്‍ എന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ ഷെയര്‍ ചെയ്തു. പക്ഷേ പ്രതീക്ഷിച്ച റീച്ച് കിട്ടിയില്ല.
ഗഗനചാരിയില്‍ ആ ഡയലോഗിന് പ്രാധാന്യമുണ്ടെന്ന് ഉറപ്പിച്ചാണ് ആ ഡയലോഗ് പ്ലെയ്‌സ് ചെയ്തത്. ആളുകള്‍ സിനിമ കണ്ടപ്പോള്‍ അത് ഏത് സിനിമയിലേതാണ് എന്ന് അന്വേഷിച്ചു. ചിലര്‍ എനിക്ക് മെസേജ് അയച്ചു ചോദിച്ചിട്ട് ആ സിനിമ കാണാന്‍ തുടങ്ങി. ചിലര്‍ സ്വയം കണ്ടുപിടിച്ച് വാസ്തുഹാര കണ്ടിട്ട് ഇങ്ങനെയൊരു സിനിമയുണ്ടെന്ന് ഓര്‍മിപ്പിച്ചതിന് നന്ദിയുണ്ടെന്ന് പറഞ്ഞും മെസേജ് അയച്ചിരുന്നു. അന്ന് വേണ്ടത്ര ശ്രദ്ധ ലഭിക്കാതെ പോയ സിനിമ ഞങ്ങളുടെ സിനിമ കാരണം ആളുകള്‍ ഓര്‍ത്തതില്‍ സന്തോഷമുണ്ട്,’ അരുണ്‍ ചന്തു പറഞ്ഞു.
Content Highlight: Arun Chandu about Vasthuhara reference in Gaganachari