|

പൃഥ്വിരാജിന് ഇഷ്ടപ്പെട്ട സൂപ്പര്‍ഹീറോ സിനിമ അതാണെന്ന് അറിഞ്ഞപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി: അരുണ്‍ ചന്തു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സാജന്‍ ബേക്കറി സിന്‍സ് 1962 എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായ ആളാണ് അരുണ്‍ ചന്തു. തന്റെ മൂന്നാമത്തെ ചിത്രമായ ഗഗനചാരിയിലൂടെ മികച്ചൊരു പരീക്ഷണ സിനിമ മലയാളികള്‍ക്ക് സമ്മാനിച്ചിരിക്കുകയാണ്. മോക്ക്യൂമെന്ററി ഴോണറില്‍ പെടുന്ന സിനിമ മൗത്ത് പബ്ലിസിറ്റി വഴി മൂന്നാം വാരത്തിലേക്ക് കടന്നിരിക്കുകയാണ്. പോസ്റ്റ് അപ്പോക്കാലിപ്റ്റിക് കേരളത്തിന്റെ കഥ പറയുന്ന ചിത്രം വ്യത്യസ്തമായ അനുഭവമാണ് നല്‍കുന്നത്.

ഏഴ് വര്‍ഷം മുമ്പ് പൃഥ്വിരാജിനോട് കഥ പറയാന്‍ പോയിരുന്നുവെന്നും വ്യത്യസ്തമായ സിനിമകളെ സ്വീകരിക്കാന്‍ മനസ്സുള്ള നടനാണ് പൃഥ്വിയെന്ന് അന്ന് മനസിലായെന്നും അരുണ്‍ ചന്തു പറഞ്ഞു. പൃഥ്വിയുടെ സിനിമാ ടേസ്റ്റ് മറ്റുള്ളവരുടേതില്‍ നിന്ന് വളരെയധികം വ്യത്യസ്തമാണെന്നും അരുണ്‍ ചന്തു കൂട്ടിച്ചേര്‍ത്തു. പൃഥിക്ക് ഏറ്റവും ഇഷ്ടമുള്ള സൂപ്പര്‍ഹീറോ സിനിമ ഏതെന്ന് അറിഞ്ഞപ്പോള്‍ താന്‍ ഞെട്ടിപ്പോയെന്നും അരുണ്‍ ചന്തു പറഞ്ഞു.

പലരും ഡാര്‍ക്ക് നൈറ്റും സ്‌പൈഡര്‍മാനും ഇഷ്ടപ്പെടുമ്പോള്‍ പൃഥ്വിക്ക് ഇഷ്ടപ്പെട്ട സിനിമ അണ്‍ബ്രേക്കബിള്‍ ആണെന്ന് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അറിഞ്ഞതെന്ന് അരുണ്‍ ചന്തു പറഞ്ഞു. ആ പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ട് താന്‍ പല ഗ്രൂപ്പുകളിലും ഷെയര്‍ ചെയ്തിരുന്നുവെന്നും അരുണ്‍ പറഞ്ഞു. ഗഗനചാരിയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഫിലിം കമ്പാനിയന്‍ സൗത്തിന് നല്‍കിയ അഭിമുഖത്തിലാണ് അരുണ്‍ ചന്തു ഇക്കാര്യം പറഞ്ഞത്.

‘എന്ന് നിന്റെ മൊയ്തീന്റെ ഷൂട്ട് നടക്കുന്ന സമയത്ത് പൃഥ്വിയുടെ അടുത്ത് കഥ പറയാന്‍ ഞാന്‍ പോയിരുന്നു. വളരെ ആകാംക്ഷയോടെ പൃഥ്വി ആ കഥ കേട്ടിരുന്നു. ആ പ്രൊജക്ട് മറ്റ് ചില കാരണങ്ങള്‍ കൊണ്ട് നടന്നില്ല. വ്യത്യസ്തമായ കഥകളെ യാതൊരു മടിയുമില്ലാതെ സ്വീകരിക്കുന്ന നടന്‍ പൃഥ്വി മാത്രമേയുള്ളൂ എന്നാണ് എന്റെ അഭിപ്രായം. അദ്ദേഹത്തിന്റെ സിനിമാ ടേസ്റ്റും മറ്റുള്ളവരുടേതില്‍ നിന്ന് വ്യത്യസ്തമാണ്.

ഏറ്റവും ഇഷ്ടപ്പെട്ട സൂപ്പര്‍ഹീറോ സിനിമ ‘അണ്‍ബ്രേക്കബിള്‍ ആണെന്ന് പറഞ്ഞുകൊണ്ട് പുള്ളി പണ്ട് ഒരു പോസ്റ്റിട്ടിരുന്നു. സത്യം പറഞ്ഞാല്‍ ആ പോസ്റ്റ് കണ്ട് ഞാന്‍ ഞെട്ടിപ്പോയി. പലരും ഡാര്‍ക്ക് നൈറ്റും സ്‌പൈഡര്‍മാനുമൊക്കെയാണ് മികച്ച സൂപ്പര്‍ഹീറോ സിനിമയെന്ന് പറയും. പക്ഷേ അതിനെക്കാള്‍ എത്രയോ മുകളിലാണ് അണ്‍ബ്രേക്കബിള്‍. പൃഥ്വിയുടെയും ഇഷ്ടസിനിമ അതാണെന്ന് അറിഞ്ഞപ്പോള്‍ സിനിമാപ്രേമിയെന്ന നിലയില്‍ സന്തോഷമായി. ആ പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ട് ഞാന്‍ പല ഗ്രൂപ്പിലും ഷെയര്‍ ചെയ്തിരുന്നു,’ അരുണ്‍ ചന്തു പറഞ്ഞു.

Content Highlight: Arun Chandu about Prithviraj’s favorite superhero movie