ജി. അരവിന്ദന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു വാസ്തുഹാര. മോഹൻ ലാൽ നായകനായ ചിത്രം അഭയാർത്ഥി ജീവിതത്തെ കുറിച്ചായിരുന്നു സംസാരിച്ചത്.
ജി. അരവിന്ദന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു വാസ്തുഹാര. മോഹൻ ലാൽ നായകനായ ചിത്രം അഭയാർത്ഥി ജീവിതത്തെ കുറിച്ചായിരുന്നു സംസാരിച്ചത്.
ചിത്രം ദേശീയ, സംസ്ഥാന അവാർഡുകൾ നേടിയിരുന്നു. ഈയിടെ ഇറങ്ങിയ ഗഗന ചാരി എന്ന ചിത്രത്തിൽ വാസ്തു ഹാരയുടെ ഒരു റഫറൻസ് കാണിച്ചിരുന്നു. അതിനെ കുറിച്ച് സംസാരിക്കുകയാണ് ഗഗന ചാരിയുടെ സംവിധായകൻ അരുൺ ചന്തു.
ആ റഫറൻസ് പലർക്കും മനസിലായില്ലെന്നും ഒരുപാട് പേർ മോഹൻലാലിന്റെ ആ ചിത്രം ഏതാണെന്ന് ചോദിച്ച് മെസേജ് അയച്ചിരുന്നുവെന്നും അരുൺ പറയുന്നു. ദി ക്യൂ സ്റ്റുഡിയയോട് സംസാരിക്കുകയായിരുന്നു അരുൺ.
‘കുറെ പേർക്ക് ആ റഫറൻസ് മനസിലായിട്ടില്ല. എല്ലാവരും എന്നോട് ചോദിച്ചിട്ടുണ്ട് ലാലേട്ടന്റെ ആ പടം ഏതാണെന്നാണ്. അങ്ങനെ കുറെ മെസേജ് വന്ന് അവസാനം ഞാനൊരു സ്റ്റോറിയിട്ടു. ഇതാണ് ആ പടമെന്ന് പറഞ്ഞിട്ട്.
എനിക്ക് തോന്നുന്നു ഓഫ് ബീറ്റ് പടമായത് കൊണ്ട് തന്നെ അധികമാരും കാണാൻ സാധ്യതയില്ലാത്ത ചിത്രമാണ് വാസ്തുഹാര. എന്റെ കുട്ടിക്കാലത്ത് വാസ്തുഹാര ഡി.ഡി വണ്ണിൽ കണ്ടപ്പോൾ തന്നെ നമ്മളെ വല്ലാതെ ഉലച്ചു കളയുന്ന ഒരു ചിത്രമായിരുന്നു അത്. എന്റെ അച്ഛന് പൊന്തൻ മാടയും വാസ്തുഹാരയുമൊക്കെ വലിയ ഇഷ്ടമായിരുന്നു. അച്ഛന്റെ കൂടെയിരുന്ന് ഈ സിനിമയൊക്കെ കുറെ കണ്ടിട്ടുണ്ട്.
ഞാൻ ആ പോർഷൻ അരവിന്ദൻ സാറിനും ജോൺസൺ മാഷിനുമൊക്കെ വേണ്ടി ചെയ്തതാണ്. ആ ഒരു പോർഷനിലെ ബി.ജി.എം എനിക്ക് വലിയ ഇഷ്ടമാണ്. എനിക്ക് തോന്നുന്നത് ഞാൻ 2021ൽ അതിന്റെ ഒരു റീൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ആ റീൽ തന്നെയാണ് പിന്നെ ഞാൻ ഏതാണ് സിനിമയെന്ന് പറഞ്ഞു സ്റ്റോറിയിട്ടത്. അതിന്റെ താഴെ വന്ന് കുറെ പേർ ചോദിച്ച് ഈ പടം എവിടെ കിട്ടുമെന്ന്. അതിന് ശേഷം ഒരാൾ വാസ്തുഹാരായെ കുറിച്ച് ലെറ്റർ ബോക്സിൽ റിവ്യൂ ഇട്ടിട്ടുണ്ട്. അതിന് കാരണം ഗഗനചാരിയാണെന്ന് പറഞ്ഞിട്ട്.
എനിക്കത് വലിയ സന്തോഷമായി. ആ ക്ലാസിക്കിനെ വീണ്ടും ഓർക്കാൻ നമ്മുടെ സിനിമ വീണ്ടും കാരണമായതിൽ വലിയ സന്തോഷമുണ്ട്,’അരുൺ ചന്തു പറയുന്നു.
ഗോകുല്‍ സുരേഷ്, അജു വര്‍ഗീസ്, അനാര്‍ക്കലി മരയ്ക്കാര്‍, കെ.ബി. ഗണേഷ് കുമാര്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അരുണ്‍ ചന്ദു സംവിധാനം ചെയ്ത ചിത്രമാണ് ഗഗന ചാരി.
സയന്‍സ് ഫിക്ഷന്‍ കോമഡി ഴോണറില്‍ പെടുന്ന ചിത്രത്തിന് മികച്ച അഭിപ്രായമാണ് തിയേറ്ററിൽ നിന്ന് ലഭിക്കുന്നത്. അന്യഗ്രഹ ജീവിയായിട്ടാണ് അനാർക്കലി മരയ്ക്കാർ ചിത്രത്തിൽ എത്തുന്നത്.
Content Highlight: Arun Chandu About Mohanlal Movie Vasthuhara