|

മുസ്‌ലിങ്ങള്‍ ഭൂരിപക്ഷവും ഹിന്ദുക്കള്‍ ന്യൂനപക്ഷവുമാകുമ്പോള്‍ എന്താണ് സംഭവിക്കുക? ഇന്തോനേഷ്യയില്‍ നിന്നുള്ള മറുപടി

അരുണ്‍ ആര്യ

ലോകബാങ്കില്‍ ജോലി ചെയ്യുന്നതിന്റെ ഭാഗമായി കഴിഞ്ഞ നാലര വര്‍ഷമായി ഞാന്‍ ഇന്തോനേഷ്യയില്‍ താമസിക്കുകയാണ്. ഇന്തോനേഷ്യയുടെ ജനസംഖ്യയുടെ 88 ശതമാനവും മുസ്‌ലിങ്ങളാണ്. 1.7 ശതമാനം മാത്രമാണ് ഹിന്ദുക്കള്‍.

എങ്കില്‍പോലും, ഇവിടെ താമസിക്കുന്ന കാലത്ത് ഒരിക്കല്‍പോലും ഒരു ന്യൂനപക്ഷ വിഭാഗക്കാരനായ ഹിന്ദുവായതിന്റെ പേരില്‍ പാര്‍ശ്വവല്‍കരിക്കപ്പെട്ടതായി എനിക്ക് തോന്നിയിട്ടില്ല. ഇന്തോനേഷ്യയില്‍ ജനസംഖ്യയുടെ രണ്ട് ശതമാനത്തില്‍ താഴെ മാത്രമാണ് ഹിന്ദുക്കളുള്ളതെങ്കിലും ജക്കാര്‍ത്തയിലെ ഗ്രാന്‍ഡ് ഇന്തോനേഷ്യ മാളിലെ പ്രധാനപ്പെട്ട ഒരു ലോബിക്ക് ‘രാമ ലോബി’ എന്നാണ് പേരിട്ടിരിക്കുന്നത്.

ഹിന്ദു ദൈവങ്ങളുടെയും ദേവതകളുടെയും പ്രതിമകളുള്ള 10,000 ഹിന്ദു ക്ഷേത്രങ്ങള്‍ ബാലിയിലെ തെരുവുകളിലുണ്ട്. ബാലിയിലെ ഉലവാതു (Ulawatu) ക്ഷേത്രത്തിലാണ് ഏറ്റവും ഉയരം കൂടിയ (70 അടി) ഹനുമാന്‍ പ്രതിമയുള്ളത്.

ജക്കാര്‍ത്തയിലെ എന്റെ വീടിന്റെ 500 മീറ്റര്‍ പരിധിക്കുള്ളില്‍ 25 അടി നീളമുള്ള ഒരു ഹനുമാന്‍ പ്രതിമയുണ്ട്.

ഞാന്‍ ഇവിടെ സേവനമനുഷ്ഠിച്ചുകൊണ്ടിരുന്ന കാലത്ത് ഒരിക്കല്‍പോലും എന്റെ മതത്തിലെ ദൈവങ്ങളെ പ്രാര്‍ത്ഥിക്കുന്നതിന് ഇവിടത്തെ ഭൂരിപക്ഷ സമുദായത്തില്‍ നിന്ന് എനിക്ക് വിലക്ക് നേരിട്ട സാഹചര്യമുണ്ടായിട്ടില്ല. നേരെമറിച്ച് ഇന്തോനേഷ്യയെന്ന മുസ്‌ലിം ഭൂരിപക്ഷ രാഷ്ട്രം എപ്പോഴും എന്നെ സ്വാഗതം ചെയ്യുന്നതായാണ് എനിക്ക് തോന്നിയത്.

സര്‍ക്കാര്‍ ബജറ്റ് കൈകാര്യം ചെയ്യുന്നതിന് പബ്ലിക് ഫിനാന്‍ഷ്യല്‍ മാനേജ്മെന്റിന് വേണ്ടി ഞങ്ങള്‍ (ലോകബാങ്ക്) രണ്ട് പ്രധാന സോഫ്റ്റ്വെയറുകള്‍ വികസിപ്പിച്ച സമയത്ത് അവയ്ക്ക് യഥാക്രമം ഓം, ശക്തി എന്നാണ് ഇന്തോനേഷ്യന്‍ ഗവണ്‍മെന്റിന്റെ ധനകാര്യ മന്ത്രാലയം പേരിട്ടത്. രാജ്യത്തെ ന്യൂനപക്ഷമായ ഹിന്ദുക്കളെ പ്രീണിപ്പിക്കാന്‍ വേണ്ടിയല്ല അവര്‍ ഇത് ചെയ്തത് (കാരണം, തെരഞ്ഞെടുപ്പ് ഫലങ്ങളെ സ്വാധീനിക്കാന്‍ മാത്രം ഇവിടെ ഹിന്ദു വോട്ടുകള്‍ക്ക് പ്രാധാന്യമില്ല), മറിച്ച് തങ്ങള്‍ക്ക് വേണ്ടത്ര പരിഗണനയും സുരക്ഷയും ലഭിക്കുന്നുണ്ടെന്ന തോന്നല്‍ ഹിന്ദുക്കളില്‍ വരുത്താനുള്ള സര്‍ക്കാരിന്റെ സത്യസന്ധമായ ശ്രമമായിരുന്നു ഇതെന്ന് എനിക്കുറപ്പാണ്.

ഇന്തോനേഷ്യന്‍ ഭരണഘടനയുടെ ആമുഖത്തില്‍ മതേതരത്വം എന്നത് എഴുതിച്ചേര്‍ത്തിട്ടില്ലെങ്കിലും ഇന്ന് ലോകത്തിലെ ഏറ്റവും വലിയ മതേതര രാഷ്ട്രങ്ങളിലൊന്നാണ് ഈ രാജ്യം. മതേതരത്വം അവരുടെ രക്തത്തിലും മനസ്സിലും ആത്മാവിലുമുണ്ട്.

എന്നാല്‍ ഇതിന് നേര്‍വിപരീതമാണ് ഇന്ത്യയിലെ സാഹചര്യം. മതേതരത്വം ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖത്തില്‍ എഴുതിച്ചേര്‍ത്തിട്ടുണ്ടെങ്കിലും അവിടെ ഭരണകൂടം സ്പോണ്‍സര്‍ ചെയ്യുന്ന ‘ഹിന്ദുത്വ’ ഗുണ്ടകളും പൊലീസും ചേര്‍ന്ന് ന്യൂനപക്ഷമായ മുസ്‌ലിങ്ങള്‍ക്കെതിരെ നടത്തുന്ന അതിക്രമങ്ങളുടെ എണ്ണം വര്‍ധിച്ചുവരുന്നതായാണ് കാണുന്നത്.

പൊതുജനങ്ങളില്‍ നിന്നോ പൊലീസില്‍ നിന്നോ ഒരു തടസവുമില്ലാതെ എനിക്ക് ഏത് സമയത്തും ഗ്രാന്‍ഡ് ഇന്തോനേഷ്യന്‍ മാളിലെ രാമ ലോബിയില്‍ രാമന് മുന്നില്‍ പ്രാര്‍ത്ഥിക്കാം. ജക്കാര്‍ത്തയിലെ എന്റെ വീടിനടുത്തുള്ള ഹനുമാന്‍ വിഗ്രഹത്തിന് മുന്നിലും എനിക്ക് പ്രാര്‍ത്ഥിക്കാം.

എന്നാല്‍ ഇന്ത്യയില്‍, ഉത്തര്‍പ്രദേശിലെ ലഖ്നൗവിലുള്ള ലുലു മാളില്‍ നിസ്‌കരിച്ചതിന്റെ പേരില്‍ മുസ്‌ലിങ്ങള്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്. മതവികാരം വ്രണപ്പെടുത്തി, എന്നതാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങളിലൊന്ന്.

മുസ്‌ലിങ്ങള്‍ക്കെതിരായി രാജ്യത്ത് തുടര്‍ച്ചയായി നടക്കുന്ന ആക്രമണത്തിന്റെ ഭാഗമാണ് ഇതും. അത് ഗോമാംസത്തിന്റെ പേരിലുള്ള ആള്‍ക്കൂട്ട കൊലപാതകമായാലും ഹിജാബ് നിരോധനമായാലും ദല്‍ഹി കലാപമായാലും റംസാന്‍ വൃതത്തിന്റെ സമയത്ത് നിസ്‌കാരം തടസ്സപ്പെടുത്തുന്നതായാലും, എല്ലാം ഈ അക്രമങ്ങളുടെ തുടര്‍ച്ചയാണ്.

ഇന്ത്യക്ക് പുറത്തുനിന്ന് നോക്കുമ്പോള്‍ ഇത് വളരെ ഭയാനകമാണെന്നാണ് എനിക്ക് നിങ്ങളോട് പറയാനുള്ളത്. മതേതരത്വത്തിന്റെയും ജനാധിപത്യത്തിന്റെയും പേരില്‍ മുന്‍കാലങ്ങളില്‍ വളരെയധികം ബഹുമാനിക്കപ്പെട്ടിരുന്ന രാജ്യമായിരുന്നു ഇന്ത്യ. എന്നാല്‍ ഇന്നത് അങ്ങനെയല്ല.

ഇന്ത്യയില്‍ ഇന്ന് ഭരണകൂടത്തിന്റെ പിന്തുണയോടെ മുസ്‌ലിങ്ങള്‍ക്കെതിരായി നടക്കുന്ന ആക്രമണങ്ങള്‍ നാളെ ലോകമെമ്പാടുമുള്ള ഇസ്‌ലാമിക രാജ്യങ്ങളില്‍ ഹിന്ദുക്കള്‍ക്കെതിരായ ആനുപാതികമായ തിരിച്ചടിയിലേക്ക് നയിച്ചേക്കാം. അങ്ങനെ സംഭവിക്കുകയാണെങ്കില്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്തം ഇന്ത്യയിലെ ഇന്നത്തെ ഭരണകൂടത്തിനായിരിക്കും. തീര്‍ത്തും അപലപനീയം!

ഇന്ത്യയിലെ ഭരണകൂടത്തിന്റെ രാഷ്ട്രീയപ്രേരിതമായ നീക്കങ്ങളും വിദേശ രാജ്യങ്ങളില്‍ ഹിന്ദുക്കള്‍ക്കെതിരായി നടക്കുന്ന തിരിച്ചടികളും പരിഗണിക്കാതെ, ഇന്ത്യയിലെ ഹിന്ദുക്കള്‍ അവരുടെ മുസ്‌ലിം സഹോദരിമാരോടും സഹോദരന്മാരോടും അര്‍ഹിക്കുന്ന സ്‌നേഹത്തോടെയും ബഹുമാനത്തോടെയും പെരുമാറണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്.

മുന്‍കാലങ്ങളില്‍ അവര്‍ അങ്ങനെയായിരുന്നു ചെയ്ത് വന്നിരുന്നത്. ഭാവിയിലും അവര്‍ക്കത് ചെയ്യാന്‍ സാധിക്കും. പ്രചോദനമുള്‍ക്കൊള്ളാന്‍ ഏതെങ്കിലുമൊരു ഉദാഹരണം വേണമെന്നുണ്ടെങ്കില്‍ അവര്‍ക്ക് ഇന്തോനേഷ്യയെ തെരഞ്ഞെടുക്കാം.

Content Highlight: Arun Arya writes about the difference between Muslim majority Indonesia and Hindu majority India

അരുണ്‍ ആര്യ

വേള്‍ഡ് ബാങ്കില്‍ സീനിയര്‍ പബ്ലിക് സെക്ടര്‍ മാനേജ്‌മെന്റ് സ്‌പെഷ്യലിസ്റ്റ്‌