| Sunday, 10th September 2023, 12:45 pm

'ദേഷ്യമുള്ള എക്‌സ്‌പ്രെഷന്‍ കിട്ടണമെന്ന് മമ്മൂക്കയോട് പറഞ്ഞു'; വൈറലായ പോസ്റ്റര്‍ റെഡിയായത് ഇങ്ങനെ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കഴിഞ്ഞ ദിവസം പുറത്തുവന്ന മമ്മൂട്ടി ചിത്രം ഭ്രമയുഗത്തിലെ പോസ്റ്റർ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. പോസ്റ്റർ ഡിസൈൻ ചെയ്ത ഈസ്തെറ്റിക് കുഞ്ഞമ്മ എന്ന സിനിമ പോസ്റ്റർ കമ്പനിയും ഇതിനോടകം ജനശ്രദ്ധ നേടിയിരുന്നു. ഭ്രമയുഗത്തിലെ മമ്മൂട്ടിയുടെ ഫോട്ടോ വരുന്ന പോസ്റ്ററിനെക്കുറിച്ച് സംസാരിക്കുകയാണ് ഈസ്തെറ്റിക് കുഞ്ഞമ്മയിലെ ഡിസൈനറായ അരുൺ അജിത്കുമാർ. സൈന സൗത്ത് പ്ലസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘നമ്മൾ ബേസിക്കലി ഇത് ഫോട്ടോഷൂട്ട് ചെയ്യണമെന്ന് ആദ്യമേ ആവശ്യപ്പെട്ടിരുന്നു. പ്രത്യേകിച്ച് മീഡിയം ഫോർമാറ്റ് ക്യാമറയിൽ ഷൂട്ട് ചെയ്യണമെന്നും നമുക്ക് താല്പര്യമുണ്ടായിരുന്നു. എന്നാൽ മാത്രമേ അത്തരത്തിലുള്ള ഒരു സ്കിന്നിന്റെ ഡീറ്റൈലിങ്ങും എസ്സൻസുമൊക്കെ നമുക്ക് പുറത്തെടുക്കാൻ കഴിയുകയുള്ളൂ.

ഇവിടെ മീഡിയം ഫോർമാറ്റിൽ ഷൂട്ട് ചെയ്യുന്ന ആൾക്കാർ വളരെ കുറവായിരുന്നു . നമ്മൾ മീഡിയം ഫോർമാറ്റിൽ ഷൂട്ട് ചെയ്യുന്ന ആൾക്കാരെ കൊണ്ടുവന്നു. എന്നിട്ട് അതിനനുസരിച്ചുള്ള ഒരു സ്കെച്ചും പ്ലാനുമൊക്കെ തയ്യാറാക്കി. മമ്മൂക്കയുടെ പോസ്റ്ററിനു ശേഷം എങ്ങനെ വരണം എന്തൊക്കെ വരേണ്ടി വരും എന്നൊക്കെ മുന്നേ ചിന്തിച്ചു വെച്ചിരുന്നു. ഈ പ്ലാനിങ് നമ്മൾ ആദ്യം തന്നെ മമ്മൂക്കയുടെയടുത്തും രാഹുലേട്ടന്റെ അടുത്തും പറഞ്ഞിരുന്നു. ഇതിൽ തന്നെ പിടിച്ചോ എന്നാണ് അവർ പറഞ്ഞത്.

നമ്മുടെ സെറ്റ് എന്ന് പറഞ്ഞാൽ വളരെ പ്രൈവറ്റ് ആയിട്ടുള്ള ഒരു സെറ്റ് ആണ്. അതിന്റെ സൈഡിൽ ലൈറ്റിങ് ഒക്കെ വെച്ച് ഷൂട്ട് ചെയ്തു. വളരെയധികം ലൈറ്റ് വേണം മീഡിയം ഫോർമാറ്റിൽ ഷൂട്ട് ചെയ്യാൻ. അതെല്ലാം സെറ്റപ്പ് ചെയ്തു രാവിലെ തന്നെ ഒരു ടെസ്റ്റ് ഷോട്ട് എടുത്തു.

അപ്പോൾ അത് തന്നെ വർക്കാവുന്നുണ്ടായിരുന്നു. അതിൽ കുറച്ച് പണി ചെയ്താൽ മാത്രമേ സ്കിൻ ഡീറ്റെയിൽസ് ഒക്കെ പുറത്തുകൊണ്ടുവരാൻ സാധിക്കുകയുള്ളൂ.

ഞാൻ എടുത്ത ടെസ്റ്റ് ഷോട്ട് മമ്മൂക്കയെ കാണിച്ചു. പുള്ളി നോക്കിയിട്ട് നമുക്കിത് പിടിക്കാം എന്നൊക്കെ പറഞ്ഞു. എന്നിട്ട് പുള്ളി പെട്ടെന്ന് കോസ്റ്റ്യൂം ഇട്ടു വന്നു. നമ്മൾ ചെന്ന് വിശദീകരിച്ച് കൊടുത്തു. സ്ട്രോങ്ങ് ആയിട്ടുള്ള ഒരു ദേഷ്യമുള്ള എക്സ്പ്രഷൻ കിട്ടിയാൽ അടിപൊളിയാകും മമ്മൂക്ക എന്ന് പറഞ്ഞു. നോക്കട്ടെ നമുക്ക് ഒരു പരിപാടി പിടിക്കാമെന്ന് മമ്മൂക്ക പറഞ്ഞു. പുള്ളിയുടെ ക്യാരക്ടറിന്റെ എസൻസും ഒരു ക്യാരക്റ്ററൈസേഷനുമൊക്കെ ഉൾക്കൊണ്ട് മമ്മൂക്ക കുറെ സാധനങ്ങൾ തരാൻ തുടങ്ങി.

അപ്പോൾ തന്നെ ചുറ്റുമുള്ള ആൾക്കാരും സംവിധായകനുമൊക്കെ അടിപൊളി എന്ന് പറയുകയുണ്ടായിരുന്നു. ബേസിക്കലി ഇമോഷൻസ് കിട്ടാൻ പ്ലാൻ ചെയ്തിട്ടുണ്ടായിരുന്നു. ഒരു പ്രത്യേകതരം ദേഷ്യം കിട്ടണമെന്ന് പ്രതീക്ഷിച്ചിരുന്നു. പുതിയൊരു അടിപൊളി സാധനമായിരുന്നു മമ്മൂക്ക തന്നത്. പുള്ളി ആ ക്യാരക്ടറിന് വേണ്ടിയുള്ള ആ ചിരി തന്നപ്പോഴാണ് നമുക്ക് കത്തിയത്. ഇത് അടിപൊളി എന്ന് പറയുന്നുണ്ടായിരുന്നു. ഇത് വെച്ച് ട്രൈ ചെയ്യാം എന്ന് വിചാരിച്ചു . പിന്നെ അത് വെച്ചിട്ട് കൂടുതൽ പണിതാണ് ഈ ലെവലിലേക്ക് എത്തിച്ചത്,’ അരുൺ അജിത്കുമാർ പറഞ്ഞു.

Content Highlight: Arun Ajithkumar, a designer at Aesthetic Kunjamma, talks about the poster featuring Mammootty’s photo from Bharamayugam

We use cookies to give you the best possible experience. Learn more