| Tuesday, 7th December 2021, 10:42 am

മരക്കാറിന്റെ ചലച്ചിത്രാനുഭവം കണ്ട് അത്ഭുതപ്പെട്ടു, പ്രോജക്ടിന്റെ ഭാഗമായതില്‍ അഭിമാനം: വിനീത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കുഞ്ഞാലി മരക്കാറിന്റെ വിസ്മയകരമായ ചലച്ചിത്രാനുഭവം കണ്ട് അത്ഭുതപ്പെട്ടുവെന്ന് നടന്‍ വിനീത്. സംവിധായകന്‍ പ്രിയദര്‍ശനേയും മോഹന്‍ലാലിനേയും അഭിനന്ദിച്ചുകൊണ്ട് ഫേസ്ബുക്കിലാണ് വിനീത് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ നടന്‍ അര്‍ജുന്‍ സര്‍ജ അവതരിപ്പിച്ച അനന്തന്‍ എന്ന കഥാപാത്രത്തിന് ശബ്ദം നല്‍കിയത് വിനീതായിരുന്നു. മരക്കാരിന്റെ മുഴുവന്‍ ടീമിനേയും അഭിനന്ദിച്ച വിനീത് പ്രണവ് മോഹന്‍ലാലിന്റെയും നെടുമുടി വേണുവിന്റേയും അഭിനയം പ്രത്യേകം എടുത്തു പറഞ്ഞു.

പിതാവില്‍ നിന്ന് പാരമ്പര്യമായി ലഭിച്ച തന്റെ നിഷ്‌കളങ്കതയോടും ചരിത്രനിഷ്ഠയോടും കൂടി പ്രണവിനെ കാണുന്നത് വളരെ സന്തോഷകരമാണെന്നും നെടുമുടി വേണുച്ചേട്ടനെ സാമൂതിരി രാജാവായി കാണുന്നത് വൈകാരികമായ നിമിഷമായിരുന്നുവെന്നും വിനീത് കുറിച്ചു.

നടന്‍ അര്‍ജുന്‍ അവതരിപ്പിച്ച അനന്തന്‍ എന്ന കഥാപാത്രത്തിന് എളിയ രീതിയില്‍ ശബ്ദം നല്‍കി ഈ അഭിമാനകരമായ പ്രോജക്റ്റിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഞാന്‍ അഭിമാനിക്കുന്നു, ഈ സെല്ലുലോയ്ഡ് മാജിക് വെള്ളിത്തിരയില്‍ അനുഭവിച്ചറിയൂവെന്നും അദ്ദേഹം പറഞ്ഞു.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ നിര്‍മിച്ച ‘മരക്കാര്‍: അറബിക്കടലിന്റെ സിംഹം’ ദൃശ്യവിസ്മയമാണെന്ന് അഭിപ്രായങ്ങള്‍ വന്നെങ്കിലും നെഗറ്റീവ് റിവ്യൂകളും സൈബര്‍ ആക്രമണങ്ങളും ചിത്രത്തിന് നേരിടേണ്ടി വന്നിരുന്നു. അര്‍ജുന്‍, സുനില്‍ ഷെട്ടി, പ്രഭു, മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, പ്രണവ് മോഹന്‍ലാല്‍, മുകേഷ്, നെടുമുടി വേണു തുടങ്ങി വിവിധ ഭാഷകളില്‍ നിന്നുമുള്ള താരനിര തന്നെയാണ് ചിത്രത്തിലെത്തിയത്. സംവിധായകന്‍ പ്രിയദര്‍ശനും അനി ഐ.വി ശശിയും ചേര്‍ന്നാണ് തിരക്കഥ എഴുതിയത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

കുഞ്ഞാലി മരയ്ക്കാറിന്റെ വിസ്മയകരമായ ചലച്ചിത്രാനുഭവം കണ്ട് അത്ഭുതപ്പെട്ടു. മാസ്റ്റര്‍ ക്രാഫ്റ്റ്സ്മാന്‍ പ്രിയേട്ടനും ഏറ്റവും പ്രിയപ്പെട്ട ലാലേട്ടനും നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിനും മിടുക്കരായ അഭിനേതാക്കള്‍ക്കും സാങ്കേതിക വിദഗ്ദര്‍ക്കും അവരുടെ അവിശ്വസനീയമായ ടീം വര്‍ക്കിന് എന്റെ സല്യൂട്ട്.

ആദ്യ ഫ്രെയിമില്‍ നിന്ന് സംവിധായകന്‍ നിങ്ങളെ കുഞ്ഞാലിയുടെ മാന്ത്രിക കാലഘട്ടത്തിലേക്ക് കൊണ്ടുപോകുന്നു. തന്റെ ഇതിഹാസമായ പിതാവില്‍ നിന്ന് പാരമ്പര്യമായി ലഭിച്ച തന്റെ നിഷ്‌കളങ്കതയോടും ചരിത്രനിഷ്ഠയോടും കൂടി പ്രണവിനെ കാണുന്നത് വളരെ സന്തോഷകരമാണ്. ആ പാരമ്പര്യം തുടരുകയാണ്. പകരം വയ്ക്കാനില്ലാത്ത നെടുമുടി വേണുച്ചേട്ടനെ സാമൂതിരി രാജാവായി കാണുന്ന കാഴ്ചയാണ് എന്നെ സംബന്ധിച്ചിടത്തോളം മറ്റൊരു വൈകാരിക നിമിഷം.

ഗാനചിത്രീകരണത്തില്‍ പ്രിയേട്ടന്‍ എന്നും ഒരു മാസ്റ്ററായതുകൊണ്ടുതന്നെ, ഗംഭീരമായ വിഷ്വലുകളോടു കൂടിയ ഹൃദയസ്പര്‍ശിയായ ഗാനങ്ങള്‍ കാണുന്നതും കേള്‍ക്കുന്നതും ഉന്മേഷകരമായിരുന്നു. നടന്‍ അര്‍ജുന്‍ അവതരിപ്പിച്ച അനന്തന്‍ എന്ന കഥാപാത്രത്തിന് എളിയ രീതിയില്‍ ശബ്ദം നല്‍കി ഈ അഭിമാനകരമായ പ്രോജക്റ്റിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഞാന്‍ അഭിമാനിക്കുന്നു. മുഴുവന്‍ മരയ്ക്കാര്‍ ടീമിനും ഹൃദയം നിറഞ്ഞ നന്ദിയും അഭിനന്ദനങ്ങളും അറിയിക്കുന്നു. ഈ സെല്ലുലോയ്ഡ് മാജിക് വെള്ളിത്തിരയില്‍ അനുഭവിച്ചറിയൂ.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: artist-vineeth-about-marakkar-arabikadalinte-simham

We use cookies to give you the best possible experience. Learn more