മലപ്പുറം: പ്രമുഖ ചിത്രകാരനും ശില്‍പിയുമായ ആര്‍ട്ടിസ്റ്റ് നമ്പൂതിരി അന്തരിച്ചു. 98 വയസായിരുന്നു. വാര്‍ധക്യസഹജമായ രോഗത്തെ തുടര്‍ന്ന് കോട്ടക്കല്‍ മിംസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഇന്ന് ഉച്ചക്ക് 12 മണി വരെ എടപ്പാള്‍ നടുവട്ടത്തെ വീട്ടിലും തുടര്‍ന്ന് മൂന്ന് മണി വരെ തൃശൂര്‍ ലളിത കലാ അക്കാദമി ഹാളിലും പൊതു ദര്‍ശനത്തിന് വെക്കും. വൈകീട്ട് അഞ്ചിന് എടപ്പാളിലെ വീട്ടിലായിരിക്കും സംസ്‌കാരം.
മലയാളി മനസുകളെ കീഴടക്കിയിട്ടുള്ളവയാണ് നമ്പൂതിരിയുടെ ചിത്രങ്ങള്‍. വരയുടെ പരമശിവന്‍ എന്നാണ് നമ്പൂതിരിയെ വി.കെ.എന്‍ വിശേഷിപ്പിച്ചിട്ടുള്ളത്. മാതൃഭൂമിയില്‍ വന്ന നാണിയമ്മയും ലോകവും എന്ന പോക്കറ്റ് കാട്ടൂണ്‍ പരമ്പര ഏറെ പ്രശ്തി നേടിയിരുന്നു. എം.ടിയുടെ രണ്ടാം മൂഴം, വി.കെ. എന്‍ കഥകള്‍ക്ക് വരച്ച ചിത്രങ്ങള്‍, കുഞ്ഞബ്ദുള്ളയുടെ സ്മാരകശിലയിലെ ചിത്രങ്ങള്‍ എന്നിവയും പ്രസിദ്ധമാണ്.
1925 ല്‍ പൊന്നാനിയിലെ കരിവാട്ടു മനക്കല്‍ കെ.എം പരമേശ്വരന്‍ നമ്പൂതിരിയുടെയും ശ്രീദേവി അന്തര്‍ജനത്തിന്റെയും മകനായി ജനിച്ചു. മദ്രാസ് സ്‌കൂള്‍ ഓഫ് ആര്‍ട്‌സില്‍ ആയിരുന്നു ചിത്രകല അഭ്യസിച്ചത്. കെ.സി.എസ് പണിക്കല്‍, റോയ് ചൗധരി എന്നിവരുടെ കീഴിലായിരുന്നു പഠനം. 1960ലാണ് മാതൃഭൂമിയില്‍ ചിത്രകാരനായി ചേരുന്നത്.
എന്‍.വി വാരിയര്‍, എം.ടി വാസുദേവന്‍ നായര്‍, ജി.എന്‍. പിള്ള തുടങ്ങിയവരുടെ രചനകള്‍ക്ക് വേണ്ടി ചിത്രങ്ങള്‍ വരച്ചു. അരവിന്ദന്‍, പത്മരാജന്‍ എന്നിവരോടൊപ്പം സിനിമയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ശില്‍പകലയിലും അദ്ദേഹം പ്രസിദ്ധി നേടിയിരുന്നു. കലാമണ്ഡത്തിന് വേണ്ടി ഫൈബര്‍ ഗ്ലാസില്‍ ചെയ്ത കഥകളി ശില്‍പങ്ങള്‍ പ്രശസ്തമായിരുന്നു. കേരള ഹൈക്കോടതിയില്‍ തടിയില്‍ ചെയ്ത നീതി ശില്‍പവും പ്രസിദ്ധമാണ്.
രാജാ രവിവര്‍മ പുരസ്‌കാരം, ലളിത കലാ അക്കാദമി പുരസ്‌കാരം, സഹോദരന്‍ അയ്യപ്പന്‍ പുരസ്‌കാരം, ബഷീര്‍ പുരസ്‌കാരം എന്നിവ നേടിയിട്ടുണ്ട്. ഭാര്യ: മൃണാളിനി, മക്കള്‍: പരമേശ്വരന്‍(അഡ്വക്കറ്റ് കോഴിക്കോട്, വാസുദേവന്‍ (സിനിമ സംവിധായകന്‍), മരുമക്കള്‍: ഉമാദേവി (അധ്യാപിക) സരിത (അധ്യാപിക)