| Sunday, 19th May 2024, 11:23 am

മീൻ പിടിക്കാൻ ആർട്ടിഫിഷ്യൽ ലൈറ്റ്; ബോട്ട് പിടിച്ചെടുത്ത് ഫിഷറീസ് വകുപ്പ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട് : മത്സ്യബന്ധനത്തി നായി ആർട്ടിഫിഷ്യൽ ലൈറ്റ് ഉപയോഗിച്ചത് കണ്ടെത്തിയതിനെ തുടർന്ന് ബോട്ട് പിടിച്ചെടുത്ത് ഫിഷറീസ് വകുപ്പ്. കോഴിക്കോട് ബേപ്പൂർ സ്വദേശിയായ അഷ്‌റഫിന്റെ ഉടമസ്ഥതയിലുള്ള ഗ്രാൻഡ് എന്ന ബോട്ട് ആണ് പിടിച്ചെടുത്തത്. ഫിഷറീസ് വകുപ്പ് മറൈൻ എൻഫോഴ്‌സ്‌മെന്റ് വിഭാഗത്തിന്റെയായിരുന്നു നടപടി.

ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ പി.കെ. ആതിര, മറൈൻ എൻഫോഴ്‌സ്‌മെന്റ് വിങ് ഹെഡ് ഗാർഡ് രാജൻ, ഗാർഡ് അരുൺ എന്നിവർ ഹാർബറിൽ നടത്തിയ പരിശോധനയിലാണ് ലൈറ്റുകൾ കണ്ടെത്തിയതും ബോട്ട് പിടിച്ചെടുത്തതും.

ബോട്ട് ഉടമസ്ഥനെതിരെ മറൈൻ ഫിഷിങ് റെഗുലേറ്റിംങ് ആക്ട് പ്രകാരം നടപടിയെടുക്കുമെന്ന് ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ വി. സുനീർ അറിയിച്ചു.

അറബിക്കടലിൽ സർവീസ് നടത്തുന്ന ചൈനീസ് കപ്പലുകൾ വലയിലേക്ക് മീനുകളെ ആകർഷിക്കാൻ ഉയർന്ന വോൾട്ടേജ് എൽ.ഇ.ഡി ലൈറ്റുകൾ ഉപയോഗിക്കുന്നുണ്ട്. എന്നാൽ മറൈൻ ഫിഷിങ് റെഗുലേഷൻ ആക്ട് 1980 പ്രകാരം കേരളം ഒട്ടാകെ കൃത്രിമ വെളിച്ചം ഉപയോഗിച്ചുള്ള മൽസ്യബന്ധനം നിരോധിച്ചതാണ്. ഈ നിയമപ്രകാരം ഇന്ത്യയിലെ മറ്റ് പല സംസ്ഥാനങ്ങളിലും ഇതേ നിരോധനം ഉണ്ട്.

ശക്തമായ വെളിച്ചം വെള്ളത്തിലേക്ക് താഴ്ത്തുമ്പോൾ, പ്രത്യേക എൽ.ഇ.ഡി ഉപകരണങ്ങൾ ചെറിയ ഫൈറ്റോപ്ലാങ്ക്ടണുകളെയും മൈക്രോസ്കോപ്പിക് മറൈൻ ആൽഗകളെയും ആകർഷിക്കുന്നു. രാത്രിയിലെ സൂര്യപ്രകാശത്തിൻ്റെ അഭാവത്തിൽ വെളിച്ചത്തെ ഭക്ഷണ സ്രോതസ്സായി ഉപയോഗിക്കുകയാണ് ഇവിടെ ചെയ്യുന്നത്. അതായത് മൽസ്യങ്ങളുടെ ഇഷ്ട ഭക്ഷണങ്ങളായ ആൽഗകളെ ആകർഷിക്കുന്നതിലൂടെ ഭക്ഷണത്തിനായി ചെറിയ ഇനം മൽസ്യങ്ങൾ കൂട്ടത്തോടെ വെളിച്ചത്തിനടുത്തേക്ക് എത്തുന്നു.

ഇത് മറ്റ് വലിയ ഇനം മത്സ്യങ്ങളെയും ആകർഷിക്കുന്നു. ഇതുവഴി വലിയ മത്സ്യസമ്പത്ത് ചൂഷണം നടക്കുന്നു. വലിയ ലൈറ്റുകളുപയോഗിച്ച് കൂട്ടത്തോടെ മത്സ്യങ്ങളെ ആകർഷിക്കുകയും പിടിക്കുകയും ചെയ്യുന്നു. ഇത് കടലിലെ മത്സ്യസമ്പത്തിന്റെ അളവ് ക്രമാതീതമായി കുറയുന്നതിന് കാരണമാകും.

നിയമപ്രകാരം നിശ്ചയിച്ചിട്ടുള്ള നിശ്ചിത അതിർത്തിക്കുള്ളിൽ നിന്ന് തന്നെ മത്സ്യബന്ധനം നടത്തണം. എന്നാൽ പലപ്പോഴും പലരും ആ അതിർത്തി കടന്നും മത്സ്യബന്ധനം നടത്തുന്നുണ്ട്. ഇത് മത്സ്യങ്ങളുടെ പ്രജനനത്തെ ബാധിക്കും. അതോടൊപ്പം മത്സ്യത്തൊഴിലാളികളുടെ ഉപജീവന മാർഗത്തിനും ഇത് ബുദ്ധിമുട്ട് ഉണ്ടാക്കും.

സംസ്ഥാന സർക്കാറുകളുടെ എക്സ്ക്ലൂസീവ് ഇക്കണോമിക് സോൺ അധികാരപരിധി 12 നോട്ടിക്കൽ മൈൽ വരെയുള്ള സംസ്ഥാന അതിർത്തിക്കുള്ളിലാണ്. എന്നാൽ ഇന്ത്യൻ എക്സ്ക്ലൂസീവ് ഇക്കണോമിക് സോൺ കടന്നും മത്സ്യബന്ധനകൾ നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.

സംസ്ഥാന അതിർത്തിക്കപ്പുറത്ത് നടത്തുന്ന അനധികൃത എൽ.ഇ.ഡി-ലൈറ്റ് മത്സ്യബന്ധന കപ്പലുകൾ നിയന്ത്രിക്കുന്നതിനോ നടപടിയെടുക്കുന്നതിനോ ഫിഷറീസ് വകുപ്പിന് പരിമിതികളുണ്ട്. 12 നോട്ടിക്കൽ മൈൽ പരിധിക്കപ്പുറം ഉയർന്ന പവർ എൽ.ഇ.ഡി ലൈറ്റുകൾ ഉപയോഗിക്കുന്ന മത്സ്യബന്ധന കപ്പലുകൾ മത്സ്യസമ്പത്തിന് കനത്ത നഷ്ടം വരുത്തും.

Content Highlight: Artificial light usage in fishing

We use cookies to give you the best possible experience. Learn more